ADVERTISEMENT

കൊച്ചി ∙ കോവിഡ് പ്രതിസന്ധി അവസാനിക്കുന്നതോടെ മികച്ച ഭാവിയാണ് ഇന്ത്യയെ കാത്തിരിക്കുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എം.എ.യൂസഫലി. 73ാമത് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്സ് വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐസിഎഐ) എറണാകുളം ശാഖയുടെ സിഎ ദിനാഘോഷത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റുമാര്‍ക്ക് (സിഎ) വലിയ ഉത്തരവാദിത്തങ്ങളുണ്ട്. സാമ്പത്തിക സ്ഥാപനങ്ങളെയും ബിസിനസുകളെയും ബന്ധിപ്പിക്കുന്ന കണ്ണികളാണ് സിഎക്കാര്‍. അതുകൊണ്ടുതന്നെ സ്ഥാപനങ്ങള്‍ക്ക് മികച്ച ഉപദേശങ്ങള്‍ നൽകാന്‍ ശ്രമിക്കണം.

ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനും പ്രവചനക്കാരനുമായിരുന്ന നൊസ്ട്രാഡമസ് തന്റെ ലെസ് പ്രോഫറ്റീസ് എന്ന പുസ്തകത്തില്‍ ഇന്ത്യ ലോകം ഭരിക്കുന്ന ഒരു കാലമുണ്ടെന്നാണു പറയുന്നത്. അതുകൊണ്ടുതന്നെ ഈ പ്രതിസന്ധി കാലത്തിനപ്പുറത്തുള്ള പ്രതീക്ഷയാണ് നമുക്കു വേണ്ടത്. പുതിയ തലമുറ പഴയ തലമുറയില്‍നിന്നും പഠിക്കാന്‍ തയാറാകാതിരുന്നതാണ് അമേരിക്കയിലെ സാമ്പത്തിക പ്രതിസന്ധിക്കു കാരണമായത്.

അറിവുള്ളവരില്‍നിന്നു പഠിക്കാന്‍ എല്ലാവരും തയാറാകണം. ഫിനാന്‍സ് മാനേജ്‌മെന്റു പോലെ പ്രധാനപ്പെട്ടതാണ് സമയം മാനേജ് ചെയ്യുന്നത്. ഈ കാലവും കടന്നുപോകുമെന്ന ബീര്‍ബല്‍ വചനത്തിലേതു പോലെ ഏതുകാലത്തെയും സ്വീകരിക്കാന്‍ തയാറാവുകയും ദൈവത്തോട് പ്രാര്‍ഥിക്കുകയുമാണ് വിജയത്തിലേക്കുള്ള മാര്‍ഗ്ഗം. കോവിഡ് പ്രതിസന്ധിയെ തുടര്‍ന്നു ബുദ്ധിമുട്ടുന്ന ലോകത്തിന്റെ അവസ്ഥയില്‍ മാറ്റം വരാനും സഹായം നൽകാനും എല്ലാവരും പ്രാര്‍ഥിക്കുന്നുണ്ട്.

കേരളവും ഇന്ത്യയും ലോകം മുഴുവനും വലിയ പ്രതിസന്ധിയാണ് നേരിടുന്നതെങ്കിലും അതിജീവിക്കാന്‍ നമ്മള്‍ ശ്രമിക്കണം. പ്രതിസന്ധികള്‍ മനുഷ്യരെ കൂടുതല്‍ ശക്തരാക്കും. അതുകൊണ്ടുതന്നെ ലക്ഷ്യത്തിലെത്തും. കൊച്ചിയിൽ താന്‍ സഞ്ചരിച്ച ഹെലികോപ്ടര്‍ അപകടത്തില്‍പ്പെട്ടത് ഭയാനകമായിരുന്നു. അദ്ഭുതകരമായ രക്ഷപ്പെടലാണ് നടന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു നിരവധി പേര്‍ തനിക്കു വേണ്ടി പ്രാര്‍ഥിച്ചതും ദൈവത്തിന്റെ കാരുണ്യവുമാണ് രക്ഷപ്പെടാന്‍ വഴിയൊരുക്കിയത്.

പ്രാര്‍ഥനകളും വിശ്വാസവും ഏത് അപകടത്തില്‍നിന്നും രക്ഷപ്പെടുത്തും. എല്ലാവരും സാധിക്കുന്ന സഹായങ്ങള്‍ ദരിദ്രര്‍ക്കും അവശര്‍ക്കും നൽകണം. അതു നമ്മുടെ ഔദാര്യമല്ല, അവരുടെ അവകാശമാണെന്ന് തിരിച്ചറിയണം. ജീവിതവും പ്രവര്‍ത്തികളും നൈമിഷകമായതിനാല്‍ ഓരോ സമയത്തും ചെയ്യുന്നവ മാത്രമേ അവശേഷിക്കുകയുള്ളൂ.

1973ല്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റുമായി തുടക്കം കുറിച്ച തനിക്ക് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 210 ഹൈപ്പര്‍ മാര്‍ക്കറ്റുകളും ഷോപ്പിങ് മാളുകളുമുണ്ട്. 57,000 പേര്‍ക്ക് ജോലി നൽകാനും എട്ട് ബില്യന്‍ ഡോളര്‍ ക്രയവിക്രയം നടത്താനും സാധിക്കുന്നു. ഇതിന് കാരണം മൂന്ന് കാര്യങ്ങളാണ്. മികച്ച ഗുണനിലവാരം, താങ്ങാവുന്ന വില, മികച്ച സേവനം എന്നിവയിലുള്ള നിര്‍ബന്ധമാണത്. വ്യക്തി ജീവിതത്തില്‍ വിശ്വാസ്യതയും സത്യസന്ധതയും പുലര്‍ത്താനും വ്യക്തിബന്ധങ്ങള്‍ നിലനിര്‍ത്താനും അത്യാഗ്രഹമില്ലാതെ ജീവിക്കാന്‍ ശ്രമിക്കുകയും ചെയ്താല്‍ വിജയം ഉറപ്പാണ്. 

വിശ്വാസ്യത, സമയനിഷ്ഠ, ആരെയും വഞ്ചിക്കാതിരിക്കുക എന്നീ ഗുണങ്ങള്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ടതുണ്ട്. വ്യക്തിത്വവും കഴിവും അളക്കുന്നത് ബാങ്ക് ബാലന്‍സ് നോക്കിയോ സ്റ്റാറ്റസ് നോക്കിയോ അല്ല. മനുഷ്യന്റെ പ്രാര്‍ഥനയാണ് അവന്റെ വ്യക്തിത്വം. ബിസിനസില്‍ മത്സരമുണ്ടാകുമെങ്കിലും എതിരാളി നശിച്ചു പോകണമെന്നല്ല ആഗ്രഹിക്കേണ്ടത്. തനിക്ക് മുന്നേറണമെന്നു മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.

ഐസിഎഐ എറണാകുളം ശാഖാ ചെയര്‍മാന്‍ രഞ്ജിത് ആര്‍. വാരിയർ, ദീപ വർഗീസ്, ജോമോന്‍ കെ.ജോര്‍ജ്, ബാബു എബ്രഹാം കള്ളിവയലില്‍, തോമസ് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

English Summary: MA Yusuf Ali shares business experience

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com