കമുകും തെങ്ങും തൽക്കാലം നേട്ടം; നയംമാറ്റം അടയ്ക്കയ്ക്കു ഭീഷണി; റബറിന്റെ ഭാവി ശോഭനം: വിപണിയിൽ സംഭവിക്കുന്നത്

Mail This Article
നിലവിലുള്ള നിയമപ്രകാരം റബർ, തേയില, കാപ്പി, ഏലം മുതലായവയാണ് തോട്ടവിളകള്‍. എന്നാൽ തെങ്ങ്, കമുക്, കശുമാവ്, കൊക്കോ എന്നിവയെയും തോട്ടവിളകളുടെ ഗണത്തിൽ പെടുത്താം.
റബറിന്റെ ഭാവി ശോഭനം
കേരളത്തിലെ പ്രധാനപ്പെട്ട വിളയായ തെങ്ങ് മൊത്തം കാർഷിക വിളകളുടെ വിസ്തീർണത്തിന്റെ 30 ശതമാനം വരും; റബർ 22 ശതമാനവും. ഇന്ത്യയിൽ റബറിന്റെ ഭാവിസാധ്യതകൾ ശോഭനമാണ്. റബർവില, ദേശീയ വരുമാന വളർച്ചയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്നതായി തെളിഞ്ഞിട്ടുണ്ട്. ഉയർന്ന ഉൽപാദനത്തിനോടൊപ്പം റബറിന്റെ ഉപഭോഗവും കൂടുതലുള്ള രാജ്യമാണ് ഇന്ത്യ. പ്രകൃതിദത്ത റബറിനു പകരം സിന്തറ്റിക് റബറിന്റെ ഉപയോഗം വലിയ തോതിൽ കണ്ടുവരുന്നുണ്ടെങ്കിലും കാർബൺ ന്യൂട്രൽ സമ്പദ്‌വ്യവസ്ഥ കൈവരിക്കാനുള്ള ശ്രമത്തിന് സിന്തറ്റിക് റബർ ഭീഷണി തന്നെയാണ്. പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും സുസ്ഥിരത നേടുന്നതിനും വരും കാലങ്ങളിൽ സിന്തറ്റിക് റബറിന്റെ ഉപയോഗം കുറയേണ്ടതുണ്ട്. സ്വാഭാവിക റബറിന്റെ സാധ്യതയും അതുതന്നെ. ഇന്ത്യയില്‍ ആവശ്യമായ റബറിന്റെ 60% മാത്രമാണ് ഉൽപാദനം; 40% ഇറക്കുമതിയാണ്. ആത്മനിർഭർ ഭാരത് പോലുള്ള നയങ്ങൾ നടപ്പാക്കുമ്പോൾ, ആഭ്യന്തരമായി ഉൽപാദിപ്പിക്കുന്ന റബർ, റബര്‍ ഉൽപന്നങ്ങൾ എന്നിവയുടെ ആവശ്യകത വർധിക്കാം.
നയം മാറ്റം അടയ്ക്കയ്ക്കു ഭീഷണി
ഭൂട്ടാനിൽനിന്ന് ‘കുറഞ്ഞ ഇറക്കുമതിവില’ വ്യവസ്ഥയില്ലാതെ പച്ച അടയ്ക്ക ഇറക്കുമതി ചെയ്യാൻ ഇന്ത്യ അടുത്ത കാലത്ത് അനുവദിച്ചു. ‘കുറഞ്ഞ ഇറക്കുമതിവില’ എന്നാൽ ഇന്ത്യയിലേക്ക് ഇറക്കു മതി ചെയ്യാവുന്ന ഏറ്റവും കുറഞ്ഞ വിലയാണ്. അടയ്ക്കയിലത് ആദ്യമായി ഓഗസ്റ്റ് 2012ന് 75 രൂപ നിരക്കിലാണ് തുടങ്ങിയത്. ഇന്ത്യൻ വിപണിയിലേക്കുള്ള അനധികൃത ഇറക്കുമതി കുറയ്ക്കാനും ഗുണനിലവാരമില്ലാത്ത അടയ്ക്കയുടെ ഇറക്കുമതി തടയാനും കൊണ്ടുവന്ന ഈ വ്യവസ്ഥയിലാണ് ഇപ്പോള്‍ മാറ്റം വരുത്തിയത്. അടയ്ക്കാവിലയിലും കാര്യമായ സ്വാധീനം ചെലുത്തുക ഇറക്കുമതിയും ഇറക്കുമതിനയങ്ങളുമായിരിക്കും.

തേങ്ങവില വര്‍ധന തുടരും
തേങ്ങവില കൊപ്ര, വെളിച്ചെണ്ണ വിപണിയുമായി ബന്ധപ്പെട്ടിരിക്കുന്നു. തേങ്ങയുടെ ദൗർലഭ്യമാണ് ഇപ്പോഴത്തെ വിലവർധനയ്ക്കു പ്രധാന കാരണം. ഈ സാഹചര്യം കുറച്ചുനാൾ കൂടി തുടരാനാണു സാധ്യത. മുൻപ് സംസ്ഥാനത്തെ കുടുംബങ്ങളുടെ പ്രധാന വരുമാനസ്രോതസ്സ് ആയിരുന്ന തെങ്ങ് ഇന്നു വേണ്ടത്ര പരിപാലിക്കപ്പെടുന്നില്ല എന്നു കാണാം. തെങ്ങിന്റെ ശാസ്ത്രീയ പരിപാലനത്തിൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. സംസ്ഥാനത്തെ നല്ല പങ്കു തെങ്ങുകളും പ്രായമേറിയവയും ഉൽപാദനം കുറഞ്ഞവയുമാണ്. അംഗീകൃത നഴ്സറികളിൽനിന്ന് നിലവാരമുള്ള തൈകൾ വാങ്ങി കൃഷി ചെയ്യുകയും ശുപാർശകൾ അനുസരിച്ച് വിളപരിപാലനം നടത്തുകയും ചെയ്താൽ ഉല്‍പാദനം തീർച്ചയായും വർധിക്കും. രാജ്യാന്തര വിപണിയിലെ ചാഞ്ചാട്ടങ്ങൾ നാളികേരവില യെയും ബാധിക്കുമെങ്കിലും തെങ്ങുകൃഷിയിൽ ഉറച്ചുനിൽക്കാൻ മടിക്കേണ്ടതില്ല.
സുരക്ഷിതം സമ്മിശ്രക്കൃഷി
വിലയിലെ ചാഞ്ചാട്ടം തോട്ടവിളകളിൽ പണം മുടക്കുന്നതിൽനിന്ന് കർഷകരെ പിന്തിരിപ്പിക്കുന്നുണ്ട്. വ്യാപാര ഉദാരവൽക്കരണത്തിന്റെ ഈ കാലഘട്ടത്തിൽ, രാജ്യാന്തര, ആഭ്യന്തരവിപണികളുടെ സമന്വയം ഒരു യാഥാര്‍ഥ്യമാണ്. അതിനാല്‍, വരും വർഷങ്ങളിലും തോട്ടവിളകളുടെയും സുഗന്ധവ്യഞ്ജനങ്ങളുടെയും വിലയിൽ കയറ്റിറക്കങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ഇതിന്റെ ചാക്രിക സ്വ ഭാവം മനസ്സിലാക്കി വില കുറയുന്ന സാഹചര്യങ്ങള്‍ മുൻകൂട്ടി നേരിടാനുള്ള വഴികള്‍ നോക്കാം. ഒരു വിളയെ മാത്രം ആശ്രയിക്കുന്ന രീതി ഒഴിവാക്കുകയകണ് ഇവയില്‍ പ്രധാനം. പല വിളകളുണ്ടെങ്കില്‍ വരുമാനം ഏറക്കുറെ സ്ഥിരമാക്കി നിര്‍ത്താം. ഫാർമർ പ്രൊഡ്യൂസർ കമ്പനികൾ രൂപീകരിച്ചു കൃഷിക്കാർ ഒരുമിച്ച് വിപണി കണ്ടെത്തുന്നതു മറ്റൊരു സാധ്യതയാണ്. ഒന്നിച്ചു നിന്നാല്‍ കർഷകരുടെ വിലപേശൽ ശക്തി വർധിക്കും. കാലാവസ്ഥാവ്യതിയാനം എല്ലാ വിളകളുടെയും ഉൽപാദനക്ഷമതയെയും ഉൽപാദനത്തെയും ബാധിക്കുന്നതിനാൽ, വിള ഇൻഷുറൻസ് സൗകര്യം എല്ലാവരും പ്രയോജനപ്പെടുത്തണം.
അടുത്ത കാലത്തായി സംസ്ഥാനത്ത് ഉൽപാദിപ്പിക്കുന്ന മിക്ക വിളകളുടെയും കയറ്റുമതി മത്സരക്ഷമത നമുക്കു നഷ്ടമാവുകയാണ്. ഉൽപന്നത്തിന്റെ ഗുണമേന്മ, സുരക്ഷിത ഉൽപാദനരീതികൾ എന്നിവയുടെ മാനദണ്ഡങ്ങൾ ഇറക്കുമതിരാജ്യങ്ങൾ കർശനമാക്കുന്നു. ഈ സാഹചര്യത്തിൽ ഗുണമേന്മ ഉറപ്പാക്കല്‍, കീടനാശിനികളുടെയും രാസവസ്തുക്കളുടെയും വിവേചനബുദ്ധിയോടെയുള്ള ഉപയോഗം എന്നിവയില്‍ കർഷകർ ശ്രദ്ധിക്കണം. അനുയോജ്യമായ വിപണനസമയം, സ്ഥലം, വിപണിയിലെ ചലനങ്ങൾ എന്നിവ വിലയിരുത്താൻ സഹായകമായ മാർക്കറ്റ് ഇന്റലിജൻസ് സംവിധാനങ്ങൾ ഉപയോഗിക്കാൻ കർഷകർ പഠിക്കണം. അവ ഉപയോഗപ്പെടുത്തി മികച്ച വിപണിയും വിലയും നേടാന്‍ ശ്രമിക്കണം.
വിലാസം: പ്രഫസർ & ഹെഡ്, കാർഷിക സാമ്പത്തിക വിഭാഗം, വെള്ളായണി കാർഷിക കോളജ്, തിരുവനന്തപുരം.