ചാരായമെന്ന് കരുതി യുവാക്കള്‍ കഴിച്ചത് ഫോര്‍മാലിന്‍; പോസ്റ്റ്മോർട്ടം റിപ്പോർട്ട്
Mail This Article
തൃശൂര്‍∙ ഇരിങ്ങാലക്കുടയില്‍ രണ്ടു യുവാക്കളുടെ മരണം ഫോര്‍മാലിന്‍ ഉള്ളില്‍ചെന്നാണെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്. അബദ്ധത്തില്‍ കഴിച്ചതാണോ, ബോധപൂർവം നല്‍കിയതാണോയെന്നു പൊലീസ് അന്വേഷണം തുടങ്ങി. ഇരിങ്ങാലക്കുട സ്വദേശികളായ ബിജുവും നിശാന്തുമാണ് ഫോർമാലിന്‍ കഴിച്ച് മരിച്ചത്.
നിശാന്തിന്റെ പക്കല്‍ ഫോര്‍മാലിന്‍ എങ്ങനെ വന്നുവെന്ന് പൊലീസ് അന്വേഷണം തുടങ്ങി. വാങ്ങിവച്ച ചാരായം മറ്റാരെങ്കിലും എടുത്തു കഴിച്ച ശേഷം പകരം ഫോര്‍മാലിന്‍ ഒഴിച്ചുവച്ചതാണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. മദ്യത്തില്‍ ഫോര്‍മാലിന്‍ ഒഴിച്ചാണ് നിശാന്ത് കഴിച്ചിട്ടുള്ളത്. ബിജുവാകട്ടെ വെള്ളം കൂട്ടിയാണ് ഫോര്‍മാലിന്‍ കഴിച്ചിട്ടുള്ളത്.
ഇരുവരുടേയും ആന്തരിക അവയവങ്ങള്‍ വെന്തനിലയിലാണ്. ഇരുവരേയും ആശുപത്രിയില്‍ എത്തിക്കാന്‍ സഹായിച്ചവര്‍ക്ക് കണ്ണെരിച്ചില്‍ അനുഭവപ്പെട്ടിരുന്നു. ആശുപത്രിയില്‍ എത്തിയ ഡോക്ടര്‍ക്കും നഴ്സിനും കണ്ണെരിച്ചില്‍ അനുഭവപ്പെട്ടിരുന്നു. കോഴിക്കടയില്‍ സൂക്ഷിച്ച ഫോര്‍മാലിന്‍ വെള്ളമാണെന്നു കരുതി കഴിച്ചതാണോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
ഫോര്‍മാലിന്റെ ഉറവിടം കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടരുകയാണ്. ദുരൂഹതകള്‍ നീക്കാന്‍ പ്രത്യേക പൊലീസ് സംഘം രൂപികരിച്ചതായി റൂറല്‍ എസ്പി. ജി.പൂങ്കുഴലി പറഞ്ഞു. ഫോര്‍മാലിന്‍ കഴിച്ചാല്‍ മദ്യത്തിന് വീര്യംകൂടുമോയെന്ന് ആരെങ്കിലും പറഞ്ഞതാണോയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
English Summary: Youth death in irinjalakkuda postmortem report says that formalin went inside