കത്തിയിറങ്ങുന്ന തീച്ചൂടിൽ വിയർത്ത് ജനം; ചരിത്രത്തിൽ ആദ്യമായി ഉഷ്ണതരംഗം കേരളത്തിൽ, എന്താണ് ഹീറ്റ് വേവ്?
Mail This Article
മലകളും പുഴകളും താരാട്ടുപാടുകയും സഹ്യൻ കാവൽ നിൽക്കുകയും ചെയ്യുന്ന കേരളത്തിൽ ഒടുവിൽ അതു സംഭവിച്ചു. ചരിത്രത്തിൽ ആദ്യമായി ഉഷ്ണതരംഗം (ഹീറ്റ് വേവ്) കേരളത്തിലേക്കും ചൂട്ടുവീശിയെത്തി. ഈ വർഷത്തെ അസാധാരണ വേനൽക്കാലം അതിനെ ആളിക്കത്തിച്ചു. സംസ്ഥാനത്തിനുമേൽ കത്തിയിറങ്ങുന്ന ഭിന്നദുരന്തങ്ങളുടെ പട്ടികയിൽ പ്രളയനനവിനു മാത്രമല്ല, തീച്ചൂടിനും ഇടമുണ്ട്. സ്വാഭാവികമായും ആദ്യ പൊള്ളലേറ്റത് പാലക്കാടിന്. 2024 ഏപ്രിൽ 27 ശനിയാഴ്ച പാലക്കാട്ട് രേഖപ്പെടുത്തിയ 41.8 ഡിഗ്രി സെൽഷ്യസ് താപനിലയാണ് കേരളത്തെ ഉഷ്ണതരംഗങ്ങളുടെയും സഞ്ചാരഭൂമിയാക്കി മാറ്റിയത്. ഭാവിയെ നോക്കുമ്പോൾ കേരളത്തിന് പേടിക്കാൻ ഒരു പ്രകൃതി പ്രതിഭാസം കൂടി എന്ന് ആലങ്കാരികമായി പറയാം. ഒരു പ്രദേശത്ത് ഉഷ്ണതരംഗം അഥവാ ഹീറ്റ് വേവ് പ്രഖ്യാപിക്കണമെങ്കിൽ ഇന്ത്യൻ കാലാവസ്ഥാ കേന്ദ്രം രണ്ടു കാര്യങ്ങളാണ് കണക്കിലെടുക്കുന്നത്.
1) 40 ഡിഗ്രി സെൽഷ്യസിൽ കൂടുതൽ ചൂട് തുടർച്ചയായി ഏതാനും ദിവസം സംസ്ഥാനത്തെ രണ്ട് വ്യത്യസ്ഥ കാലാവസ്ഥാ നിരീക്ഷണ മാപിനികളിൽ രേഖപ്പെടുത്തുക.
2) ശരാശരി താപനില നാലര ഡിഗ്രി പതിവിലും കൂടിയിരിക്കുക.
ഇതു രണ്ടും പാലക്കാട്ട് സംഭവിച്ചതിനെ തുടർന്നായിരുന്നു ഉഷ്ണതരംഗ പ്രഖ്യാപനം. നാലഞ്ച് ദിവസങ്ങളായി പാലക്കാട് ജില്ലയിൽ ചൂട് 40 ഡിഗ്രിക്കു മുകളിലാണ്. തൃശൂർ വെള്ളാനിക്കര ഭാഗത്തും ചൂട് പല ദിവസങ്ങളിലും 40 കടന്നു. പതിവിലും അനുഭവപ്പെടുന്നതിനെക്കാൾ 5.5 ഡിഗ്രി കൂടുതലാണ് ഈ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്.
∙ തുടർച്ചയായ കനത്ത ചൂട് വന്നാൽ ഉഷ്ണതരംഗം
2016ൽ രേഖപ്പെടുത്തിയ 41.9 ഡിഗ്രി സെൽഷ്യസാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിട്ടുള്ള ഏറ്റവും ഉയർന്ന താപനിലയെന്ന് ഐഎംഡിയുടെ കണക്കുകളിൽ കാണുന്നു. എന്നാൽ അത് ഒരു ദിവസത്തേക്കു മാത്രമായിരുന്നു. 1987 പോലെയുള്ള കടുത്ത വരൾച്ചാ വർഷങ്ങളിലും ഇത്രയും ചൂട് രേഖപ്പെടുത്തിയിട്ടുണ്ട്. പെട്ടെന്നു തന്നെ മഴയോ മേഘമോ എത്തി കേരളത്തിനു മീതേ കുടപിടിക്കുമായിരുന്നു. എന്നാൽ ഇക്കുറി എൽ നിനോ പ്രതിഭാസം കാരണം കടൽ ചൂടുപിടിച്ചു കിടക്കുന്നതാൽ ലോകത്തിന്റെ പല ഭാഗങ്ങളിലും കടുത്ത താപനിലയാണ്. എന്നാൽ ചിലയിടങ്ങളിൽ അതിവർഷവും സംഭവിക്കുന്നു. പാലക്കാടിനു പുറമെ കൊല്ലം ജില്ലയിലും ഉഷ്ണതരംഗ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം പറയുന്നു. തമിഴ്നാട് അതിർത്തിയോടു ചേർന്നു കിടക്കുന്ന ആര്യങ്കാവ് ചുരത്തിന്റെ ഭാഗമായ പുനലൂരിലെ കനത്ത ചൂടാകാം കൊല്ലത്തെ ഉഷ്ണമേഖലയാക്കി മാറ്റിയത്.
കഴിഞ്ഞയാഴ്ച വരെ നാനൂറിലേറെ പേർ ചൂടുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങളുടെ ലക്ഷണങ്ങളോടെ ചികിത്സതേടിയെത്തിയതായി സംസ്ഥാനത്തെ ആശുപത്രി കണക്കുകളിൽ കാണുന്നു. 2016ൽ സമാന സ്ഥിതി സംജാതമായപ്പോൾ 324 സൂര്യാതപങ്ങളും ഏകദേശം പത്തോളം മരണങ്ങളും സംസ്ഥാനത്തുണ്ടായി. 2019 ലും പതിവിലും ഏറെ സൂര്യാതപ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തുവെങ്കിലും മരണമൊന്നും സംഭവിച്ചില്ല എന്നതാണ് ഏക ആശ്വാസം. 40 ഡിഗ്രി ചൂടെന്നാൽ തണുപ്പു കാലത്ത് നാം കുളിക്കാനെടുക്കുന്ന വെള്ളത്തിന്റെയത്ര താപം അനുഭവപ്പെടും. അതിനൊപ്പമാണ് ഇടയ്ക്കു ലഭിക്കുന്ന വേനൽമഴയുടെയും മറ്റും ഫലമായ അന്തരീക്ഷത്തിലെ ഈർപ്പ സാന്നിധ്യം അഥവാ ആർദ്രത (ഹ്യൂമിഡിറ്റി). ചൂട് അഥവാ താപവും നനവ് അഥവാ ആർദ്രതയും ചേർന്നുണ്ടാകുന്നതാണ് നമ്മുടെ ഉഷ്ണം. അന്തരീക്ഷത്തിൽ ഈർപ്പം കുറവായതിനാലാണ് ഉത്തരേന്ത്യയിൽ ചൂട് ഉണ്ടെങ്കിലും വിയർപ്പ് അനുഭവപ്പെടാത്തത്.
∙ 98 പേർസന്റൈലിനും മുകളിലേക്ക് ചൂട്
123 വർഷം മുൻപാണ് സംസ്ഥാനത്തെ താപനില രേഖപ്പെടുത്താൻ ആദ്യമായി സംവിധാനമുണ്ടായത്. അന്നുമുതലുള്ള കണക്കുകൾ ഇവിടെ കാലാവസ്ഥാ വകുപ്പിന്റെ പക്കൽ ലഭ്യമാണ്. പഠനാവശ്യങ്ങൾക്കു ചോദിച്ചാൽ പോലും പങ്കുവയ്ക്കുകയോ പുറത്തുവിടുകയോ ചെയ്യില്ല എന്നതാണ് ഐഎംഡിയുടെ പ്രത്യേകത. പത്ര–മാധ്യമ പ്രവർത്തകർക്കു പോലും കിട്ടാൻ പ്രയാസം. ഇതുമൂലം താരതമ്യങ്ങളും വിലയിരുത്തലുകളും തീരെ കുറവ്. എന്നാൽ അവർ തന്നെ നൽകുന്ന ചില കണക്കുകളനുസരിച്ച് ഇപ്പഴത്തെ താപനില 98 പേർസന്റൈലിനും മുകളിൽ എന്ന സർവകാല റെക്കോഡിലൂടെയാണ് കടന്നുപോകുന്നത്. ലഭ്യമായ കണക്കുകളിലെ ഏറ്റവും കൂടിയ അളവുകൾ മാത്രമെടുത്താൽ വെറും 2% മാത്രമായിരിക്കും ഇതിനും താഴെയുള്ളതെന്നു ചുരുക്കം.
ചൂട് അത്രയ്ക്ക് സർവകാല റെക്കോഡുകളെ ഭേദിച്ചിരിക്കുന്ന അസാധാരണ കാലഘട്ടമാണ് കേരളത്തിനു 2024 ലെ വേനൽക്കാലം സമ്മാനിച്ചിരിക്കുന്നത്. ഇത് മനസ്സിലാക്കി കാര്യങ്ങളെ ത്വരിതപ്പെടുത്താനുള്ള യാതൊരു ദീർഘകാല നടപടിയും ആരും എടുക്കുന്നില്ല. വെള്ളം കുടിക്കണം, പുറത്ത് ഇറങ്ങരുത് തുടങ്ങിയ കേവല നിർദേശങ്ങൾക്ക് അപ്പുറം ഭാവി തലമുറ വെന്തുരുകാതെ എങ്ങനെ ജീവിക്കുമെന്ന് ചിന്തിച്ചു തുടങ്ങാനുള്ള ദീർഘവീക്ഷണം ഒരു ഭരണാധികാരിയുടെയും ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. തിരഞ്ഞെടുപ്പും പെരുമാറ്റച്ചട്ടവും കണക്കെടുപ്പും വോട്ടെണ്ണലും ഒക്കെയായി സംസ്ഥാനം ഉത്സവാഘോഷത്തിലാണ്. ആഗോള താപനവും കാലാവസ്ഥാമാറ്റവും സൃഷ്ടിക്കുന്ന പ്രതിസന്ധി ചൂടിന്റെ രൂപത്തിൽ അതിവേഗം കത്തിപ്പടർന്ന് നമ്മളെ വിഴുങ്ങാനൊരുങ്ങിയിട്ടും എയർ കണ്ടീഷൻ ചെയ്ത കാറിലും കെട്ടിടങ്ങളിലും ഇരിക്കുന്നവർ നിർണായകമായ ഈ ദശാസന്ധിയെ ലാഘവത്തോടെയാണ് കാണുന്നത്.
∙ വരുമോ ഇവിടെയും സീറോ വാട്ടർ ഡേ
കേരളത്തിന് ആവശ്യമായ ശുദ്ധജലം നമ്മുടെ പക്കലുണ്ടോ എന്ന ചോദ്യം ഉയരേണ്ട സമയമാണിത്. ആഫ്രിക്കയിലും ബെംഗളൂരുവിലും സീറോ വാട്ടർ ഡേ വന്നതുപോലെ ഒരു ദിവസം കേരളത്തിലേക്ക് ജലക്ഷാമം എത്തുമെന്നു പറഞ്ഞ് ഭയപ്പെടുത്താനല്ല ശ്രമിക്കുന്നത്. പ്രകൃതി പല തവണ മുന്നറിയിപ്പു തന്നിട്ടും പ്രകൃതി അതിന്റെ വിഭവസമ്പത്തുകൊണ്ട് കനിഞ്ഞ് അനുഗ്രഹിച്ചിട്ടും എല്ലാം തുരന്നും നികത്തിയും ഇടിച്ചും തകർക്കുന്ന തിരക്കിനിടയിൽ മുൻകരുതലെടുക്കാൻ മറന്നുപോയ സമൂഹമെന്ന് ലോകം നമ്മെ പഴിക്കാതിരിക്കാനുള്ള ഓർമപ്പെടുത്തലാണ് ഇത്. മേയ് മാസം പകുതിയോടെ വേനൽമഴ എത്തുമെങ്കിലും ചൂടിനും ഉഷ്ണത്തിനും ശമനമുണ്ടാകണമെങ്കിൽ മേയ് അവസാനമോ ജൂൺ ആദ്യമോ കാലവർഷം എത്തണമെന്നതാണ് സ്ഥിതിയെന്ന് പുണെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രോപ്പിക്കൽ മീറ്റീരിയോളജിയിലെ ഗവേഷകനായ ഡോ.റോക്സി മാത്യു കോൾ മുന്നറിയിപ്പു നൽകുന്നു.
ലോക കാലാവസ്ഥാ സംഘടനയുടെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി നൽകിയ വിശകലനത്തിലാണ് റോക്സി ഇക്കാര്യം പങ്കുവച്ചത്. പതിവിലും കൂടുതൽ മഴ ഈ മേഖലയിൽ ലഭിക്കാൻ സാധ്യതയുണ്ടെന്ന വിവിധ ഏജൻസികളുടെ കാലാവസ്ഥാ പ്രവചന മാതൃകൾ മാത്രമാണ് ഏക ആശ്വാസം. എൽ നിനോ പ്രതിഭാസത്തിന്റെ സാന്നിധ്യമാണ് ഇന്ത്യയിൽ മഴ കുറച്ച് കടുത്ത ചൂടിനു കാരണമാകുന്നത്. എന്നാൽ ഈ എൽ നിനോ ദുർബലമാകുന്ന ലക്ഷണങ്ങൾ കാട്ടിത്തുടങ്ങി. പക്ഷേ എൽ നിനോ പ്രതിഭാസത്തിന്റ പിടി ജൂണിലും അയഞ്ഞില്ലെങ്കിലോ എന്നൊരു ചോദ്യം ഞെട്ടലോടെ ചില ഗവേഷകർ ഉന്നയിക്കുന്നു. കേരളത്തിലെ അണക്കെട്ടുകളിൽ ആവശ്യത്തിന് ജലം ഉണ്ടെന്നതാണ് ഇപ്പോഴും ആശ്വാസമായി തുടരുന്നത്. എന്നാൽ ചിലയിടങ്ങളിൽ ശേഷിയുടെ 17 ശതമാനമായി വെള്ളം കുറഞ്ഞിട്ടുണ്ട്. മേയ് പകുതിക്കു ശേഷം മഴ എത്തിയാൽ ഈ പ്രതിസന്ധിയെ കേരളം അനായാസം തരണം ചെയ്യുമെന്ന് വിദഗ്ധർ പറയുന്നു.