ബിജെപിയിലേക്കെന്ന പ്രചാരണം അന്വേഷിക്കാനാകില്ല; ഇ.പിയുടെ പരാതിയില്‍ കേസെടുക്കാനാവില്ലെന്ന് പൊലീസ്
Mail This Article
തിരുവനന്തപുരം∙ താൻ ബിജെപിയിൽ ചേരാൻ പോകുകയാണെന്ന പ്രചാരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ നൽകിയ പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്ന് പൊലീസ്. ആരോപണത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നായിരുന്നു ഇ.പിയുടെ പരാതി. ഇതുമായി ബന്ധപ്പെട്ട് ഡിജിപിക്കാണ് ഇ.പി പരാതി നൽകിയത്. പരാതി കഴക്കൂട്ടം എസിപിക്ക് കൈമാറുകയായിരുന്നു. കേസെടുക്കാൻ വകുപ്പില്ലെന്നും കോടതിയെ സമീപിക്കാമെന്നുമാണ് പൊലീസ് നിലപാട്. രാഷ്ട്രീയ ഗൂഢാലോചനയിൽ അന്വേഷണം നടത്താൻ കഴിയില്ലെന്നും കോടതി നിർദേശമുണ്ടെങ്കിൽ അന്വേഷണത്തിനു തടസ്സമില്ലെന്നുമാണ് പൊലീസ് പറയുന്നത്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ കേരളം ബൂത്തിലേക്ക് നീങ്ങാൻ മണിക്കൂറുകൾ മാത്രമുള്ളപ്പോഴാണ് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും ആലപ്പുഴയിലെ സ്ഥാനാർഥിയുമായ ശോഭാ സുരേന്ദ്രൻ, ജയരാജൻ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയതായി ആരോപിച്ചത്. ബിജെപിയിലേക്കു പോകാൻ ജയരാജൻ ഗൾഫിൽ വച്ചാണ് ചർച്ച നടത്തിയതെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരനും ആരോപിച്ചിരുന്നു.
ഇതോടെ, ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി ആക്കുളത്തെ മകന്റെ ഫ്ലാറ്റിൽ കൂടിക്കാഴ്ച നടത്തിയെന്ന് ലോക്സഭാ തിരഞ്ഞെടുപ്പ് ദിവസം ഇ.പി.ജയരാജൻ തുറന്നു സമ്മതിച്ചു. ജയരാജന് ജാഗ്രതയില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിസ്ഥാനരഹിത ആരോപണം ഉന്നയിച്ച ശോഭാ സുരേന്ദ്രൻ ഉൾപ്പെടെയുള്ള നേതാക്കൾക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ജയരാജന് നിർദേശം നൽകി.
ശോഭാ സുരേന്ദ്രനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ഇ.പി. ജയരാജനും വ്യക്തമാക്കിയിരുന്നു. സെക്രട്ടേറിയറ്റ് യോഗത്തിനു ശേഷമാണ് ഇ.പി. ജയരാജൻ പൊലീസിൽ പരാതി നൽകിയത്.