കനത്ത മഴ: പൊന്മുടി വിനോദസഞ്ചാര കേന്ദ്രം അടച്ചു; ഈരാറ്റുപേട്ട - വാഗമൺ റോഡിൽ രാത്രിയാത്രാ നിരോധനം
Mail This Article
തിരുവനന്തപുരം∙അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ കേരളത്തിലെ 2 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട്, കാസർകോട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ടാണ്. മഴ കനത്തതോടെ 5 ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കല്ലാർക്കുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, കല്ലാർ ഡാമുകളിലും തൃശൂർ ജില്ലയിലെ പെരിങ്ങൽക്കുത്ത് ഡാമിലുമാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഈരാറ്റുപേട്ട - വാഗമൺ റോഡിൽ ജൂലൈ 18 വരെ രാത്രികാലയാത്ര നിരോധിച്ചു. പൊന്മുടി വിനോദസഞ്ചാര കേന്ദ്രം അടച്ചു.
കുറഞ്ഞ സമയം കൊണ്ട് വലിയ അളവിലുള്ള മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മലവെള്ളപ്പാച്ചിലും മിന്നൽ പ്രളയങ്ങള്‍ക്കും സാധ്യതയുണ്ടെന്നും താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെടാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്. മഴ തുടരുന്ന സാഹചര്യത്തിൽ മണ്ണിടിച്ചിലിനും ഉരുൾപൊട്ടലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. കാറ്റും മഴയും ഉണ്ടാകുമ്പോൾ ഒരു കാരണവശാലും മരങ്ങളുടെ ചുവട്ടിൽ നിൽക്കരുതെന്നും വൈദ്യുതി ലൈൻ പൊട്ടി വീണത് ശ്രദ്ധയിൽപ്പെട്ടാൽ കൺട്രോൾ റൂമുകളിൽ വിവരം അറിയിക്കണമെന്നും നിർദ്ദേശമുണ്ട്. കൃഷിയിടങ്ങളിൽ കൂടി കടന്ന് പോകുന്ന വൈദ്യുത ലൈനുകളും സുരക്ഷിതമാണെന്ന് നോക്കി മാത്രമെ പാടങ്ങളിൽ ഇറങ്ങാവൂ എന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.
ഇന്നും നാളെയും കേരളത്തിൽ മഴ കനക്കുമെന്നാണ് റിപ്പോർട്ട്. ആഗോള മഴപ്പാത്തിയായ എംജെഒ (മാഡൻ ജൂലിയൻ ഓസിലേഷൻ) കിഴക്കൻ ഇന്ത്യൻ മഹാസമുദ്രത്തിൽനിന്നു പടിഞ്ഞാറൻ പസിഫിക് സമുദ്രത്തിലേക്കു നീങ്ങുന്നതാണു മഴയ്ക്കു കാരണം. മേഘങ്ങൾ കൂട്ടമായി ഭൂമധ്യരേഖയ്ക്കു കുറുകെ നീങ്ങുന്നതാണ് എംജെഒ പ്രതിഭാസം. അമേരിക്കൻ ശാസ്ത്രജ്ഞരായ റോളൻഡ് മാഡനും പോൾ ജൂലിയനും ചേർന്ന് 1971ൽ കണ്ടെത്തിയതിനാലാണ് ഈ പേരു വന്നത്.