ADVERTISEMENT

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ ലോകത്തിലേറ്റവും കൂടുതൽ ആളോഹരി വരുമാനമുള്ള ജനതയായിരുന്നു അമേരിക്കയിലെ ആദിമവാസികളായ ഒസേജ് ഇന്ത്യക്കാർ. ഓക്‌ലഹോമ സംസ്ഥാനത്തെ ഒസേജ് നേഷൻ ട്രൈബൽ റിസർവേഷനിൽ നടമാടിയ വെള്ളക്കാരന്റെ പൈശാചികതയും അത്യാർത്തിയും പിന്നീടവരെ ലോകത്തിലേറ്റവും കൂടുതൽ ആളോഹരി കൊലപാതകങ്ങൾ നടന്ന സമൂഹമാക്കി മാറ്റി.

ആ നടുക്കുന്ന സംഭവങ്ങളിലൂടെയുള്ള യാത്രയാണു ഡേവിഡ് ഗ്രാൻ എന്ന മാധ്യമപ്രവർത്തകൻ കൂടിയായ അമേരിക്കൻ എഴുത്തുകാരന്റെ ബെസ്റ്റ് സെല്ലർ പുസ്തകം ‘ദ് കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’. അമേരിക്കൻ സമൂഹത്തിന്റെ ഓർമയിൽ നിന്നു മനഃപൂർവം മായ്ച്ചുകളഞ്ഞ, പല സ്കൂളുകളിലും ഇന്നും പഠിപ്പിക്കുന്നതിനു വിലക്കുള്ള ഭീകരവാഴ്ചയുടെ ആ കാലഘട്ടത്തെ വിവരിക്കുന്ന ഡേവിഡിന്റെ പുസ്തകം 25 ലക്ഷം കോപ്പികളാണു വിറ്റഴിക്കപ്പെട്ടത്. പുസ്തകം ആധാരമാക്കി വിഖ്യാത ഹോളിവുഡ് സംവിധായകൻ മാർട്ടിൻ സ്കോസേസീ സംവിധാനം ചെയ്ത ‘ദ് കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’ എന്ന സിനിമയും ഏറെ ആസ്വാദകശ്രദ്ധ നേടി.

ആരാണ് ഒസേജ്?

അമേരിക്കയിലെ മിസിസിപ്പി, ഒഹായോ നദീതീരങ്ങളിൽ കാട്ടുപോത്തുകളെ വേട്ടയാടിയും കൃഷി ചെയ്തും സമൂഹജീവിതം നയിച്ചിരുന്ന ആദിമവംശജരാണ് ഒസേജ് ഇന്ത്യക്കാർ. വെള്ളക്കാരുടെ അധിനിവേശത്തിന്റെ ഫലമായി വാസസ്ഥാനം നഷ്ടമായ അവർ 1870ൽ ഇന്നത്തെ ഓക്‌ലഹോമ സംസ്ഥാനത്തിന്റെ വടക്കുകിഴക്കൻ മേഖലയിലെ തരിശുഭൂമിയിൽ എത്തപ്പെട്ടു. അവിടെ 15 ലക്ഷം ഏക്കർ ഒസേജുകാർ വിലകൊടുത്തു വാങ്ങി. ഒസേജ് ഗോത്രത്തിലെ ഓരോ അംഗത്തിനും 657 ഏക്കർ വീതം ഭൂമി യുഎസ് സർക്കാർ അവകാശമായി നൽകി. 1906ലെ ഒസേജ് സെറ്റിൽമെന്റ് ആക്ട് പ്രകാരം 2,229 ഒസേജ് വംശജർക്ക് ഭൂമി ലഭിച്ചു. ഈ ഭൂമിയിലുള്ള സകല ധാതു, പെട്രോളിയം നിക്ഷേപങ്ങളുടെയും അവകാശം എന്നും ഒസേജുകൾക്കായിരിക്കും എന്ന ഒരു വ്യവസ്ഥ ഗോത്രത്തലവൻമാർ അമേരിക്കൻ സർക്കാരിനെക്കൊണ്ടു സമ്മതിപ്പിച്ചു. അതിദരിദ്രരായിരുന്ന ഒസേജ് വംശജർ തങ്ങളുടെ ഭൂമിയിൽ പെട്രോളിയം നിക്ഷേപം കണ്ടെത്തിയതോടെ കണ്ണടച്ചു തുറക്കുന്ന വേഗത്തിൽ ലോകത്തിലെ ഏറ്റവും സമ്പന്നരായി മാറി. 

അപ്രതീക്ഷിത നിധി

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അമേരിക്കയിൽ കണ്ടുപിടിക്കപ്പെട്ട ഏറ്റവും വലിയ എണ്ണ നിക്ഷേപമായിരുന്നു ഒസേജ് കൗണ്ടിയിലേത്. എണ്ണയുൽപാദനത്തിൽ നിന്നു ലഭിച്ച ലാഭത്തിന്റെ ഒരു പങ്ക് റോയൽറ്റിയായി സ്ഥലമുടമകളായ ഒസേജുകളുടെ പക്കലെത്തി. ഇന്നത്തെ മൂല്യമനുസരിച്ച് ഓരോരുത്തർക്കും ശരാശരി 1,38,000 ഡോളറാണ് (1.15 കോടി രൂപ) ഓരോ വർഷവും റോയൽറ്റിത്തുക ലഭിച്ചത്. 1923ൽ മാത്രം ഒസേജ് സമൂഹത്തിന് (2229 പേർ) ആകെ ലഭിച്ചത് ഇന്നത്തെ കണക്കിൽ 40 കോടി ഡോളർ (3330 കോടി രൂപ). ഈ അപ്രതീക്ഷിത സമ്പത്ത് ഒസേജ് ഇന്ത്യക്കാരുടെ ജീവിതരീതി തന്നെ മാറ്റിമറിച്ചു. മിക്കവരും വലിയ ബംഗ്ലാവുകളിലേക്കു താമസം മാറ്റി. അന്നത്തെ ഏറ്റവും വിലകൂടിയ കാറുകൾ വാങ്ങി. യൂറോപ്പിലേക്കും മറ്റും വിനോദയാത്രകൾ നടത്തി. മക്കളെ വലിയ അമേരിക്കൻ നഗരങ്ങളിലെയും യൂറോപ്പിലെയും ഉന്നത വിദ്യാലയങ്ങളിലയച്ചു പഠിപ്പിച്ചു. ഒസേജ് ബംഗ്ലാവുകളിൽ വീട്ടുജോലിക്കാരായി നിന്നിരുന്നത് വെള്ളക്കാരായിരുന്നുവെന്നതു ചരിത്രത്തിന്റെ മറ്റൊരു കാവ്യനീതി കൂടിയായി. ഒപ്പം ഒസേജ് വംശജരുടെ മനസ്സിൽ നിന്ന് ഇന്നും മായാതെ അവശേഷിക്കുന്ന ഭീകരതയുടെ വാഴ്ചയ്ക്കും തുടക്കമായി.   

1) ഏൺസ്റ്റും മോളിയും
1) ഏൺസ്റ്റും മോളിയും

ഭീകരവാഴ്ച

ഒസേജ് ഭീകരവാഴ്ചക്കാലം (The Osage reign of terror) എന്നാണ് ഭീതിയുടെ ആ കാലഘട്ടം ചരിത്രത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്. മോളി കെയ്‌ൽ എന്ന ഒസേജ് വനിതയുടെ കുടുംബത്തിലുണ്ടായ ദാരുണസംഭവങ്ങൾ കേന്ദ്രമാക്കിയാണു ഡേവിഡ് ഗ്രാൻ ‘ദ് കില്ലേഴ്സ് ഓഫ് ദ് ഫ്ലവർ മൂൺ’ എന്ന പുസ്തകം രചിച്ചിരിക്കുന്നത്. 

1921ൽ മോളിയുടെ മൂത്ത സഹോദരി അന്നയെ വെടിയേറ്റു കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. വിവാഹമോചിതയായിരുന്ന അന്നയുടെ സ്വത്തിന്റെ അവകാശി ഇതോടെ അമ്മ ലിസിയായി മാറി. അന്നയുടെയും മോളിയുടെയും മറ്റൊരു സഹോദരി മിന്നി 1918ൽ സംശയാസ്പദമായ നിലയിൽ അജ്ഞാതഅസുഖം ബാധിച്ചു മരിച്ചിരുന്നു. വിഷപ്രയോഗത്താലാണു മിന്നിയുടെ മരണമെന്നു പിന്നീടു തെളിഞ്ഞു. അന്തരിച്ച ഭർത്താവ് ജയിംസിന്റെയും രണ്ടു മക്കളുടെയും റോയൽറ്റിത്തുക കൂടി ലഭിച്ചു തുടങ്ങിയ ലിസി ഇതോടെ അതിസമ്പന്നയായി മാറി.

എന്നാൽ മിന്നിയുടെ ജീവനെടുത്ത അതേ അജ്ഞാതഅസുഖം ബാധിച്ച് 1921ൽ ലിസിയും മരിച്ചതോടെ ഈ അളവറ്റ സമ്പത്തിന്റെ ഉടമകളായി മോളിയും അവശേഷിച്ച സഹോദരി റിതയും മാറി. 1923ൽ വീട്ടിലുണ്ടായ ദുരൂഹതനിറഞ്ഞ ഒരു ബോംബ് സ്ഫോടനത്തിൽ റിതയും ഭർത്താവ് ബിൽ സ്മിത്തും ജോലിക്കാരി നെറ്റിയും കൊല്ലപ്പെട്ടു. ഇതോടെ കുടുംബത്തിലെ അവശേഷിച്ച അംഗമായ മോളിയായി മുഴുവൻ സ്വത്തിന്റെയും അവകാശി. മോളിയുടെ കാലശേഷം സ്വത്തുമുഴുവൻ വന്നുചേരുക ഭർത്താവും വെള്ളക്കാരനുമായ ഏൺസ്റ്റ് ബക്കാർട്ടിന്റെ പക്കലും. ഏൺസ്റ്റ് പിന്നീട് ഈ കൊലപാതകങ്ങളുടെ പിന്നിൽ നടന്ന വൻഗൂഢാലോചനയുടെ ഭാഗമാണെന്നു തെളിഞ്ഞു.

ഒസേജ് വംശജർക്ക് അപ്രതീക്ഷിതമായി വന്നുചേർന്ന സ്വത്ത് കൈവശമാക്കാനുള്ള നിയമപ്രകാരമുള്ള ഏകവഴി അവരുമായി വിവാഹബന്ധത്തിലേർപ്പെടുക മാത്രമായിരുന്നു. ഈ കുത്സിതലക്ഷ്യവുമായി ഒട്ടേറെ വെള്ളക്കാർ ഒസേജ് കൗണ്ടിയിലെത്തുകയും ബന്ധങ്ങൾ സ്ഥാപിക്കുകയും ചെയ്തിരുന്നു. 1921 മുതൽ 26 വരെയുള്ള കാലയളവിൽ മാത്രം അറുപതിലേറെ ഒസേജ് വംശജർ ദുരൂഹസാഹചര്യത്തിൽ കൊല്ലപ്പെട്ടുവെന്നാണ് ഏകദേശ കണക്ക്.

ഈ കൊലപാതകങ്ങളിലൊന്നും ഉത്തരവാദികളായവരെ പിടികൂടാൻ പ്രാദേശിക നിയമസംവിധാനത്തിനു കഴിയാതെ വന്നതോടെ പരിഭ്രാന്തരായ ഒസേജ് സമൂഹം ഒരു പ്രതിനിധി സംഘത്തെ രാജ്യതലസ്ഥാനമായ വാഷിങ്ടണിലേക്ക് അയച്ചു. ഇവർ അമേരിക്കൻ പ്രസിഡന്റിനെ കാണുകയും തങ്ങളുടെ സുരക്ഷയ്ക്കായി വേണ്ടതു ചെയ്യണമെന്ന് അഭ്യർഥിക്കുകയും ചെയ്തു. ഇന്നത്തെ എഫ്ബിഐയുടെ (ഫെഡറൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ) ആദ്യരൂപമായ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ അക്കാലത്തു പ്രവർത്തനം തുടങ്ങിയിരുന്നു. അവർ അന്വേഷിച്ചു തെളിയിച്ച ആദ്യത്തെ പ്രമാദമായ കേസാണ് ഒസേജ് വംശഹത്യ. 

റിത, അന്ന, മോളി, മിന്നി
റിത, അന്ന, മോളി, മിന്നി

സൂത്രധാരൻ

വില്യം കെ. ഹെയിൽ ആയിരുന്നു ഒസേജ് വംശഹത്യയുടെ സൂത്രധാരിൽ പ്രധാനി. മോളിയുടെ ഭർത്താവ് ഏൺസ്റ്റിന്റെ അമ്മാവനാണ് ഹെയിൽ. ഹീനമായ മാർഗങ്ങളിലൂടെ ഒസേജ് വംശജരെ ഒന്നൊന്നായി ഇല്ലാതാക്കി അവരുടെ വലിയ സമ്പത്ത് വെള്ളക്കാരിലേക്കു നിയമപ്രകാരം തന്നെ എത്തിക്കുകയായിരുന്നു വില്യം ഹെയിലിന്റെയും കൂട്ടാളികളുടെയും ലക്ഷ്യം. അതിനായി ഡോക്ടർമാർ, വക്കീലൻമാർ, ജഡ്ജിമാർ, പൊലീസുകാർ തുടങ്ങി അക്കാലത്തെ സമൂഹത്തിലെ അധികാരകേന്ദ്രങ്ങളിലുണ്ടായിരുന്നവരെല്ലാം ഈ കൊടുംകുറ്റവാളികൾക്കു കൂട്ടുനിന്നു.

ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ ഉദ്യോഗസ്ഥർ വംശഹത്യ പദ്ധതി ഇടയ്ക്കു വച്ചു തകർത്തെങ്കിലും അതിനകം ഒട്ടേറെ ഓസേജ് കുടുംബങ്ങൾ തന്നെ തുടച്ചുനീക്കപ്പെട്ടിരുന്നു. ഔദ്യോഗിക സ്ഥിരീകരണമുണ്ടായിരുന്ന 24 കൊലപാതകങ്ങളിൽ മാത്രമാണ് എന്തെങ്കിലും അന്വേഷണം നടന്നത്. നൂറിലേറെ കൊലപാതകങ്ങൾക്ക് ഉത്തരവാദികളായവർ ആരെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. വ്യക്തികളല്ല, സമൂഹം തന്നെ ഗുരുതരമായ നിസംഗതയോടെ, വംശഹത്യയ്ക്ക് അനുകൂലമായ മനോഭാവത്തോടെ പ്രവർത്തിച്ച ഒന്നായാണു ഡേവിഡ് ഗ്രാൻ ഒസേജ് കൂട്ടക്കൊലയെ വിലയിരുത്തിയിരിക്കുന്നത്. 

പുസ്തകവും സിനിമയും

ഒസേജ് വംശഹത്യയെക്കുറിച്ച് 2012ൽ അന്വേഷണമാരംഭിച്ച ഡേവിഡ് ഗ്രാൻ 2017ലാണു പുസ്തകം പൂർത്തിയാക്കി പ്രസിദ്ധീകരിക്കുന്നത്. നാഷനൽ ആർക്കൈവ്സിലെ 3000 രേഖകൾ പരിശോധിച്ചാണു മറഞ്ഞുകിടന്നിരുന്ന ചരിത്രകണ്ണികളെ അദ്ദേഹം കൂട്ടിയിണക്കിയത്. എൺപതുകാരനായ മാർട്ടിൻ സ്കോസേസീ പുസ്തകം സിനിമയാക്കിയപ്പോൾ പ്രധാന കഥാപാത്രമായ മോളിയുടെ വേഷം അഭിനയിക്കാൻ തിരഞ്ഞെടുത്തത് അമേരിക്കൻ ഇന്ത്യൻ വംശജയായ നടി ലില്ലി ഗ്ലാഡ്സ്റ്റണിനെയായിരുന്നു. വില്യം കെ. ഹെയിൽ ആയി റോബർട് ഡി നിറോയും എൺസ്റ്റ് ആയി ലിയനാർദോ ഡി കാപ്രിയോയും എത്തി. ഒട്ടേറെ ഒസേജ് വംശജരും പിന്നണിയിൽ പ്രവർത്തിച്ചു. 

നിർബന്ധിത മറവി

അമേരിക്കൻ ഇന്ത്യക്കാരുടെ വംശഹത്യ, കറുത്തവർഗക്കാർക്കെതിരെയുള്ള അതിക്രമങ്ങൾ എന്നിവ പ്രതിപാദിക്കുന്ന പുസ്തകങ്ങളോ ലേഖനങ്ങളോ പഠിപ്പിക്കുന്നതിനും ചർച്ച ചെയ്യുന്നതിനും ഇരുപതിലേറെ അമേരിക്കൻ സംസ്ഥാനങ്ങളിലെ സ്കൂളുകളിൽ വിലക്കുണ്ട്. സാഹിത്യനൊബേൽ സമ്മാനിതരായ ടോണി മോറിസൺ, മാർഗരറ്റ് അറ്റ്‌വുഡ് എന്നിവരുടെ പോലും പുസ്തകങ്ങൾ ഈ വിലക്കു നേരിടുന്നു. മനഃപൂർവമായ തിരസ്കരണത്തിലൂടെ ജനങ്ങളുടെ ഓർമയിൽ നിന്ന് അമേരിക്കൻ ചരിത്രത്തിലെ അപമാനകരമായ ഏടുകൾ മായ്ച്ചുകളയാനാണു ശ്രമം. എന്നാൽ, ഡേവിഡ് ഗ്രാനിന്റെ പുസ്തകത്തിലൂടെയും സ്കോസേസെയുടെ സിനിമയിലൂടെയും ആ ദാരുണസംഭവങ്ങൾ ഒരിക്കൽക്കൂടി ജനമനസ്സുകളിൽ ജ്വലിക്കുകയാണ്. ഒസേജ് നേഷനിലെ പുൽമേടുകൾക്കു മുകളിലുയർന്നു കാണാറുള്ള ആ ചുവന്നചന്ദ്രനെപ്പോലെ...

English Summary:

Sunday Special about Osage murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com