നിളപോലെ അയാൾക്കെ‍ാപ്പം ഒരിക്കൽ ഞാൻ ഒഴുകിയിരിക്കണം

HIGHLIGHTS
  • ജീവിതത്തിൽ കണ്ടുമുട്ടുന്ന ചിലരൊക്കെ അങ്ങനെയല്ലേ... മറക്കണമെന്നില്ലല്ലോ ഓർമിക്കാതെയിരിക്കാൻ. ഓർമിക്കണമെന്നില്ലല്ലോ മറക്കാതെയിരിക്കാനും...
train
Representative image. Photo By: Manorama creative
SHARE

കൊൽക്കത്തയിൽനിന്നു ട്രെയിനിൽ കയറിയ മുതൽ ശേഖറിനോട് എന്തൊക്കെയോ സംസാരിച്ചുകൊണ്ടേയിരുന്നു സുധ. ശേഖർ പക്ഷേ ആ സംസാരത്തിൽ തീരെ താൽപര്യം കാണിക്കാതെ എതിർസീറ്റിൽ ജനാലയോടു ചേർന്നിരുന്ന ടീനേജുകാരിയുടെ ഫ്രോക്കിൻതുമ്പത്തേക്കുതന്നെ നോക്കിയിരുന്നു. ശേഖർ അല്ലെങ്കിലും സംസാരങ്ങളിൽ ഒരു പാതിമൂളിച്ചയ്ക്കപ്പുറം ഒരിക്കലും താൽപര്യം കാണിക്കാറില്ലായിരുന്നു. പക്ഷേ സുധ അതു വകവയ്ക്കാതെ എന്തൊക്കെയോ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. അവൾക്കിപ്പോൾ മിണ്ടാനും കേൾക്കാനും ആരും കൂടെ വേണമെന്നുപോലുമില്ലാതായിരിക്കുന്നു.

പത്തുവർഷംകൂടിയാണ് ഷൊർണൂരിലേക്കു തിരികെയെത്തുന്നത്. ശേഖറിന് തീരെ സമ്മതമില്ലായിരുന്നു. പക്ഷേ സുധ പോകണമെന്നു വാശിപിടിച്ചപ്പോൾ ഒടുവിൽ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചു. ഭാഗ്യത്തിന്, ഷൊർണൂരിനടുത്ത് ശേഖറുടെ ഒരു പ്രോപ്പർട്ടിയുടെ കച്ചവടവും ഏതാണ്ട് ഒത്തുവന്നതായി ബ്രോക്കർ വിളിച്ചു പറഞ്ഞിരുന്നു. കച്ചവടം തീരുമാനമാക്കി കയ്യോടെ കാശും വാങ്ങി മടങ്ങാമല്ലോ എന്നതുകൊണ്ടു മാത്രമാണ് അദ്ദേഹം ഈ യാത്രയ്ക്കു കൂട്ടുവന്നത്. മൂത്ത മകൾ കവിതയ്ക്കു നല്ല ആലോചനകൾ വന്നുതുടങ്ങിയിട്ടുണ്ട്. ആ പ്രോപ്പർട്ടി വിറ്റാലേ ഏതെങ്കിലും ആലോചന ഉറപ്പിക്കാനാകൂ...ആ ഒറ്റക്കാരണം കൊണ്ടാണ് ഈ യാത്രയ്ക്കു സമ്മതിച്ചതുതന്നെ. അല്ലാതെ ഉണ്യേട്ടന്റെ ക്ഷണംകൊണ്ടൊന്നുമല്ല. 

ഉണ്യേട്ടൻ... ആ പേര് കേൾക്കുന്നതുതന്നെ ശേഖറിന് ഇഷ്ടമല്ല. മുപ്പതുവർഷം നീണ്ട ദാമ്പത്യത്തിൽ എത്രയോവട്ടം അദ്ദേഹം ഉണ്യേട്ടന്റെ പേര് പറഞ്ഞ് സുധയെ കുറ്റപ്പെടുത്തിയിരിക്കുന്നു. കല്യാണം കഴിഞ്ഞ അന്നു രാത്രി പിൻകഴുത്തിലെ കാക്കപ്പുള്ളി മറുകിൽ തുടങ്ങിയതാണ് കുറ്റപ്പെടുത്തൽ. 

– ഇവിടെയാണോടീ നിന്റെ മറ്റവൻ നിന്നെ...?

ആ ചോദ്യം അന്നു ശേഖർ മുഴുമിപ്പിച്ചില്ലെങ്കിലും പിന്നീടുള്ള പല രാത്രികളിലും അവൾ വിചാരണ ചെയ്യപ്പെട്ടുകൊണ്ടേയിരുന്നു. കറിക്കു രുചി കുറഞ്ഞാൽ, മെത്തവിരി അൽപം ചുളിഞ്ഞുകിടന്നാൽ, വാഷ് ബേസിനിൽ മുടിയിഴ കണ്ടാൽ, അങ്ങനെ തൊട്ടതിനും പിടിച്ചതിനും കുറ്റം പറയുന്ന അദ്ദേഹം എല്ലാ കുറ്റപ്പെടുത്തലുകളിലേക്കും ഉണ്യേട്ടനെ വലിച്ചിഴച്ചുകൊണ്ടുവന്നു. കുട്ട്യോൾടെ കൂടെയിരുന്ന് കളി പറഞ്ഞ് ഒന്നുറക്കെച്ചിരിക്കാൻപോലും കൊൽക്കത്തയിലെ ആ ഫ്ലാറ്റിനുള്ളിൽ സുധയ്ക്കു മടിയായിരുന്നു. മകളുടെ നിർബന്ധത്തിനു വഴങ്ങി കുങ്കുമാദിതൈലംതേച്ചുപിടിച്ച് മുഖം തുടുത്തൊരു രാത്രി ശേഖർ അവളുടെ കവിളത്തേക്ക് കൈവീശിയടിച്ചത് സുധ മറന്നിട്ടില്ല. അതിൽപിന്നെയാണ് അവൾ നന്നായി ഉടുത്തൊരുങ്ങുന്നതുകൂടി വേണ്ടെന്നുവച്ചത്. അലസമായി ഉടുത്തൊരു കോട്ടൺസാരി, പിന്നിമെടഞ്ഞ് കെട്ടിയ മുടി.... അതിനപ്പുറം സുധയ്ക്ക് ഒരുക്കങ്ങളില്ലാതായി. മക്കളെപ്പോഴും കളിയാക്കും, ഈ അമ്മയ്ക്ക് ഒരു വേലക്കാരിയുടെ രൂപമാണെന്ന്... രൂപത്തിൽ മാത്രമല്ല, വേലക്കാരിതന്നെയാണല്ലോ എന്നു സുധ അപ്പോഴൊക്കെ ആരും കേൾക്കാമെല്ലെ പറഞ്ഞുകൊണ്ടേയിരുന്നു. 

ശേഖർ ഓഫിസിലേക്കും മക്കൾ രണ്ടുപേരും കോളജിലേക്കും പോയിക്കഴിഞ്ഞാൽ സുധയുടെ ലോകം ആ ഫ്ലാറ്റിലേക്ക് ശ്വാസംമുട്ടി ഒതുങ്ങിക്കൂടും. ഇരുപതു വർഷം പഴക്കമുള്ള ആ രണ്ടുമുറിയടുക്കള ഫ്ലാറ്റിന്റെ ഇരുട്ടിനുള്ളിലേക്ക് ജീവിതം ഉപ്പിലിട്ട കണ്ണിമാങ്ങ കണക്കെ ചുക്കിച്ചുളിഞ്ഞപ്പോഴൊന്നും അവൾ ഉണ്യേട്ടനെക്കുറിച്ച് ഓർമിച്ചുപോലുമില്ല. ആ ഒറ്റ ഓർമയിൽപോലും വീണ്ടും വിടർന്നുപോയേക്കുമോ എന്ന് അവൾ ഭയപ്പെട്ടിരുന്നപോലെ. ഒരിക്കൽ കവിത അതിനെക്കുറിച്ചു ചോദിച്ചിരുന്നു; ‘‘അമ്മയ്ക്ക് ഉണ്ണിയങ്കിളുമായി ഒരു അഫെയർ ഉണ്ടായിരുന്നുവല്ലേ?’’ കവിതയോടും അവൾക്ക് ശേഖറിനോടു പറയാറുള്ള അതേ മറുപടിയേ ഉണ്ടായിരുന്നുള്ളൂ.

– അങ്ങനെ പ്രത്യേകിച്ചൊരു ഇഷ്ടമില്ലായിരുന്നു. ഇഷ്ടക്കേടും... 

അല്ലെങ്കിലും അതൊക്കെ ഇനി ഓർമിച്ചിട്ടെന്തിനാണ്. ഉണ്യേട്ടൻ ഇഷ്ടം പറഞ്ഞുവന്നപ്പോഴേക്കും അച്ഛൻ സുധയുടെ കല്യാണം ഉറപ്പിച്ചുകഴിഞ്ഞിരുന്നു. ഉണ്യേട്ടനേക്കാൾ വലിയ കുടുംബം, കൊൽക്കത്തയിലെ ഉദ്യോഗം.. സുധ മറുത്തൊന്നും പറഞ്ഞില്ല. സങ്കടത്തോടെ അന്നു ഉണ്യേട്ടൻ വീട്ടിൽനിന്നിറങ്ങിയപ്പോൾ അച്ഛനോടു പറഞ്ഞത് സുധ മറന്നിട്ടില്ല, ‘‘സാരമില്ല, എവിടെയായിരുന്നാലും എന്റെ സുധ സന്തോഷായി ഇരുന്നാൽ മതീ...’’ ആ വാക്ക് പൊന്നായി. എന്തൊരു സന്തോഷത്തിലേക്കാണ് അച്ഛൻ തന്നെ കൈപിടിച്ചുകൊടുത്തതെന്നോർത്ത് സുധ പിന്നീട് പലപ്പോഴും നെടുവീർപ്പിട്ടു. അല്ലെങ്കിലും അച്ഛനെ മാത്രം കുറ്റംപറയുന്നതെന്തിനാണ്. വാക്കിലും വരിയിലുമൊളിപ്പിച്ച് എത്രയോ വട്ടം ഉണ്യേട്ടൻ അദ്ദേഹത്തിന്റെ ഇഷ്ടം പറയാതെ പറഞ്ഞുകൊണ്ടിരുന്നു. സുധ അന്നൊന്നും കേട്ടഭാവം നടിച്ചില്ല. അച്ഛനെ പേടിച്ചിട്ടായിരുന്നുവെന്ന് സമാധാനിക്കാമെങ്കിലും ജീവിതം അവളുടേതാണെന്ന് ഒരിക്കൽപോലും ഓർമിച്ചില്ലല്ലോ എന്ന കുറ്റബോധം അവളെ കുറെക്കാലം വേട്ടയാടിയിരുന്നു. ട്രെയിൻ കൊൽക്കത്തയുടെ മഴത്തെരുവുകൾ പിന്നിട്ട് ഗോതമ്പുപാടങ്ങളും സൂര്യകാന്തിപ്പാടങ്ങളും പിന്നിട്ട് കേരളത്തിന്റെ പച്ചപ്പിലേക്കു നാവുനീട്ടി പാഞ്ഞുകൊണ്ടേയിരുന്നു. മുപ്പതുവർഷം എത്ര പെട്ടെന്നാണ് കടന്നുപോയതെന്നോർത്ത് സുധ ജനൽക്കമ്പിയിലേക്കു മുഖമമർത്തിയിരുന്നു. 

– ന്റെ സുധേ... നമ്പർ തപ്പിയെടുക്കാൻ കുറച്ചു പ്രയാസപ്പെട്ടു. ന്നാലും കിട്ടീലോ.. നീയ്യ് വരണം, കുടുംബമായിട്ടു വരണം... പിറന്നാളാണ്.. അറുപതാം പിറന്നാള്... 

ഒരു മാസം മുൻപേതന്നെ ഉണ്യേട്ടൻ ഷഷ്ഠിപൂർത്തിക്കു ക്ഷണിച്ചുകഴിഞ്ഞു. മുപ്പതു വർഷത്തിനു ശേഷം  ആ ശബ്ദം ഫോണിൽ കേട്ടപ്പോൾ സുധയ്ക്കു ദേഹം മുഴുവൻ വിറയ്ക്കുന്നതുപോലെ തോന്നിയിരുന്നു. ഉണ്യേട്ടൻ വിളിച്ചകാര്യം ശേഖറിനോട് പറയേണ്ടെന്നാണ് ആദ്യം കരുതിയത്. പിന്നെയാണ് നാട്ടിൽനിന്ന് വല്യമ്മാവനും സരസുച്ചിറ്റയും വിളിച്ചു പറഞ്ഞത്, ഉണ്യേട്ടന് എന്തോ അത്ര സുഖമില്ലെന്നും കഴിയുമെങ്കിൽ വരണമെന്നും. പോകാതിരിക്കാൻ തോന്നിയില്ല സുധയ്ക്ക്. കല്യാണമൊന്നും കഴിക്കാതെ വായനശാലയുടെ പരിപാടികളൊക്കെയായി കഴിയുകയായിരുന്നു ഉണ്യേട്ടനെന്ന് മുൻപാരോ പറഞ്ഞുകേട്ടിരുന്നു. അന്നൊരു കത്തെഴുതണമെന്നു കരുതിയതാണ് സുധ. സാധിച്ചില്ല. ഫോൺ നമ്പറില്ലാത്തതുകൊണ്ട് ഒരിക്കൽപോലും വിളിച്ചതുമില്ല. എന്നിട്ടും ഒരുദിവസം പോലും പൂജാമുറിയിൽ വിളക്കു വയ്ക്കുമ്പോൾ ആ മുഖം ഓർമിക്കാതിരുന്നുമില്ല. ജീവിതത്തിൽ കണ്ടുമുട്ടുന്ന ചിലരൊക്കെ അങ്ങനെയല്ലേ... മറക്കണമെന്നില്ലല്ലോ ഓർമിക്കാതെയിരിക്കാൻ... ഓർമിക്കണമെന്നില്ലല്ലോ മറക്കാതെയിരിക്കാനും... ഓർമയ്ക്കും മറവിക്കുമിടയിലുള്ള ഏതേതോ ഇടങ്ങളിൽ സൂക്ഷിച്ചുവയ്ക്കുന്ന ചില മുഖങ്ങൾ....

– നീയെന്താ സുധേ ഉറക്കത്തിൽ പിച്ചുംപേയും പറയുന്നോ? അടുത്ത സ്റ്റേഷനിലിറങ്ങണം... 

ശേഖർ തട്ടിവിളിച്ചപ്പോഴാണ് സുധ ഉറക്കത്തിൽനിന്നുണർന്നത്. തുറന്നുവച്ച ജനാലയിലൂടെ ഷൊർണൂരിന്റെ പുലർച്ചെക്കാറ്റ് വന്നുതൊടുന്നുണ്ടായിരുന്നു... നിലാവുതൊട്ടുകിടന്ന നിളയുടെ നീലപ്പരപ്പുകണ്ട് അവളുടെ കൺനിറഞ്ഞു... മണൽത്തീരത്ത് വെള്ളമുണ്ടും ഷർട്ടുമിട്ടൊരാൾ നടക്കുന്നത് ദൂരക്കാഴ്ചയിലും സുധയ്ക്കു തെളിഞ്ഞുകാണാമായിരുന്നു. അയാളുടെ നിഴൽപറ്റി കൈകോർത്തു നടക്കുന്നൊരു പാവാടക്കാരിയും...മുപ്പതുവർഷം മുൻപത്തെ ആ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്രെയിമിലേക്കു മനസ്സു വീണ്ടും പിൻനടക്കാതിരിക്കാൻ സുധ ട്രെയിനിലെ ജനാലയുടെ ഷട്ടർ വലിച്ചു താഴ്ത്തിയിട്ടു. അകത്തെ ശ്വാസംമുട്ടിക്കുന്ന ഇരുട്ട് ഇപ്പോൾ അവൾക്കു ശീലമായിരിക്കുന്നു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഫേസ്ബുക്കിൽ പറഞ്ഞില്ലെങ്കിലും രാഷ്ട്രീയം വേണം

MORE VIDEOS