എൻപിഎസിലിട്ട തുക പിൻവലിക്കുന്നതെങ്ങനെ?
Mail This Article
എൻപിഎസ് പദ്ധതിയെ കുറിച്ചാണ് എന്റെ സംശയം. അറുപതാമത്തെ വയസ്സിൽ പൂർണമായും തുക പിൻവലിക്കുന്നതിന് സാധ്യതയുണ്ടോ?
– നിഷ നായർ
നിക്ഷേപകന് വരുമാന ലഭ്യതയുള്ള കാലഘട്ടത്തിൽ നാഷനൽ പെൻഷൻ സ്‌കീമിൽ (എൻപിഎസ്) പതിവായി നിക്ഷേപിക്കാം. വ്യക്തിഗത സമ്പാദ്യം ഒരു പെൻഷൻ ഫണ്ടിലേക്ക് സംയോജിപ്പിക്കുകയാണ് ചെയ്യുന്നത്. ഗവൺമെന്റ് ബോണ്ടുകൾ, ബില്ലുകൾ, കോർപറേറ്റ് കടപ്പത്രങ്ങൾ, ഓഹരികൾ എന്നിവ ഉൾപ്പെടുന്ന വൈവിധ്യമാർന്ന പോർട്ട്ഫോളിയോകളിലാണ് ഈ തുക നിക്ഷേപിക്കുന്നത്. കോർപ്പസിന്റെ 60%വരെ ഒറ്റ തവണയായി പിൻവലിക്കുകയും ബാക്കിയുള്ള തുക ഉപയോഗിച്ച് റിട്ടയർമെന്റിന് ശേഷം സ്ഥിരമായ വരുമാനം ഉറപ്പാക്കാൻ ഒരു ആനുവിറ്റി പദ്ധതിയിൽ നിക്ഷേപിക്കുകയും വേണം. എൻപിഎസ് നിക്ഷേപങ്ങൾക്ക് സെക്ഷൻ 80സിസിഡി പ്രകാരം ഓൾഡ് ടാക്സ് റെജിമിൽ അൻപതിനായിരം രൂപ അധികമായി നികുതി ഇളവ് ലഭിക്കുന്നു. മ്യൂച്വൽ ഫണ്ട് സംവിധാനത്തിലൂടെയും റിട്ടയർമെന്റ് ഫണ്ടുകളിൽ നിക്ഷേപിക്കുന്നതിന് കഴിയും. റിട്ടയർമെന്റ് ഓഹരി അധിഷ്ഠിത ഫണ്ടുകളിൽ നിക്ഷേപിച്ച് റിട്ടയർമെന്റ് കാലയളവിൽ എസ്ഡബ്ല്യുപി(സിസ്റ്റമാറ്റിക് വിഡ്രോവൽ പ്ലാൻ) സംവിധാനത്തിലൂടെ മാസ വരുമാനം ലഭ്യമാക്കുന്നത് മികച്ച രീതിയാണ്.
വി.ആർ.ധന്യ , സർട്ടിഫൈഡ് ഫിനാൻഷ്യൽ പ്ലാനർ, തിരുവനന്തപുരം (വായനക്കാരുടെ നിക്ഷേപ സംശയങ്ങൾ bpchn@mm.co.in എന്ന ഇമെയിലിൽ അയയ്ക്കാം.)