ADVERTISEMENT

കൊച്ചി ∙ പൊതുമേഖലയിൽ പ്രവർത്തിച്ചിരുന്ന എയർ‍ ഇന്ത്യ സ്വകാര്യ കമ്പനിയായപ്പോൾ വന്ന മാറ്റങ്ങളുമായി ബന്ധപ്പെട്ടതാണ് എയർ ഇന്ത്യ എക്സ്പ്രസിലെ പുതിയ പ്രതിസന്ധി. പൈലറ്റുമാർ അടക്കമുള്ളവർ പണി മുടക്കുന്നത് എയർ ഇന്ത്യയിൽ പണ്ട് പലപ്പോഴും സംഭവിക്കുന്ന കാര്യമായിരുന്നുവെങ്കിലും ഇവർക്കെതിരെ കാര്യമായ നടപടി ഉണ്ടാവാറില്ല. പക്ഷേ ഇത്തവണ കാബിൻ ക്രൂ പണിമുടക്കിയപ്പോൾ‍ ഉടമസ്ഥത സ്വകാര്യ കമ്പനിക്കായി എന്ന വലിയ വ്യത്യാസമുണ്ട്. എയർ ഇന്ത്യ എക്സ്പ്രസിൽ അടിമുടി മാറ്റങ്ങൾ നടപ്പാക്കി മികച്ച ബ്രാൻഡെന്ന പേരോടെ ഉയരത്തിൽ പറക്കുമ്പോഴാണ് അപ്രതീക്ഷിത സമരം. സമരം ഒത്തുതീർപ്പിലായെങ്കിലും  ടാറ്റഗ്രൂപ്പ് മാനേജ്മെന്റ് നിരാശരാണ്.

2500 പേരാണ് കാബിൻ ക്രൂ ആയി എയർ ഇന്ത്യ എക്സ്പ്രസിൽ ജോലി ചെയ്യുന്നത്. ഇപ്പോൾ പണിമുടക്കിയിട്ടുള്ള 200 ജീവനക്കാരിൽ ഭൂരിഭാഗവും കമ്പനിയുടെ തുടക്കകാലം മുതൽ ഉള്ളവരാണ്. പലർക്കും  15–20 വർഷത്തെ സർവീസുണ്ട്. 

ടാറ്റ ഏറ്റെടുത്തതിനു ശേഷം വലിയ തോതിൽ റിക്രൂട്മെന്റുകൾ നടന്നിരുന്നു. ഇത്തരത്തിൽ എത്തിയവരും സീനിയേഴ്സും തമ്മിലുള്ള ഉരസലുകൾ സംഭവിക്കാറുമുണ്ട്. സ്വകാര്യ മേഖലയിലേക്ക് മാറിയതോടെ ജീവനക്കാരുടെ ശമ്പള, അലവൻസ് കാര്യങ്ങളിലും മാറ്റങ്ങൾ വന്നു. അതുവരെ പരിചയ സമ്പത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ഇക്കാര്യങ്ങൾ തീരുമാനിച്ചിരുന്നത് എങ്കിൽ പുതിയ മാനേജ്മെന്റിന്റെ കീഴിൽ ഇതിന്റെ അടിസ്ഥാനം ഓരോരുത്തരുടെയും ‘പെർഫോമൻസ്’ ആയി. 

ഇതിൽ പ്രധാനപ്പെട്ടതാണ് ‘നെറ്റ് പ്രമോട്ടർ സ്കോർ – (എൻപിഎസ്)’. ഒരു വ്യക്തി ടിക്കറ്റ് എടുക്കുന്നതു മുതൽ വിമാനത്തിൽ നിന്ന് പുറത്തിറങ്ങുന്ന സമയം വരെ വിവിധ സർവേകളിലൂടെ കടന്നു പോകുന്നുണ്ട്. ഈ സർവേയുടെ അടിസ്ഥാനത്തിലാണ് ഓരോ കാബിൻ ക്രൂവിന്റെയും ‘എൻപിഎസ്’ തീരുമാനിക്കപ്പെടുക. ശമ്പളത്തിന്റെ ഒരു പങ്ക് നിർണയിക്കുന്നതിൽ എൻപിഎസിന് പ്രാധാന്യമുണ്ട്. 

ഇത്തരത്തിൽ വിവിധ പെർഫോമൻസുകൾ പരിഗണിച്ചാണ് അലവൻസുകൾ അനുവദിക്കുന്നതും മറ്റും. അതുകൊണ്ട്, കൂടിയ ശമ്പളം തീരെ ജൂനിയറായ ആൾക്ക് ലഭിക്കാം. 

തങ്ങൾ നേരിടുന്ന പ്രശ്നങ്ങൾ അധികൃതർക്ക് മുമ്പാകെ എത്തിക്കാൻ പലവട്ടം ശ്രമിച്ചിട്ടും മറുപടി ഉണ്ടായില്ല എന്നാണ് എയർ ഇന്ത്യ എക്സ്പ്രസ് എംപ്ലോയീസ് യൂണിയനുമായി ബന്ധപ്പെട്ടവർ‍ പറയുന്നത്. 

ബിഎംഎസുമായി ബന്ധപ്പെട്ടാണ് ഈ സംഘടന പ്രവർത്തിക്കുന്നത്. 

എന്നാൽ ഇവരെ ഔദ്യോഗിക യൂണിയനായി അംഗീകരിച്ചിട്ടില്ല എന്ന് എയർ ഇന്ത്യ എക്സ്പ്രസുമായി ബന്ധപ്പെട്ടവർ പറയുന്നു.

എയർ ഏഷ്യയുമായുള്ള ലയനത്തിൽ അതൃപ്തി

എയർ ഇന്ത്യ എക്സ്പ്രസും എയർ ഏഷ്യ ഇന്ത്യയുമായുള്ള ലയനമാണ് കാബിൻ ക്രൂ അംഗങ്ങളും മാനേജ്മെന്റുമായുള്ള ഉരസൽ ശക്തമാക്കിയത്. പല അലവൻസുകളും ഈ ലയനത്തോടെ ഇല്ലാതായി. ശമ്പളത്തിൽ വലിയ തോതിലുള്ള കുറവുണ്ടായി. ലയനത്തിനു മുമ്പ് എയർ ഇന്ത്യ എക്സ്പ്രസിലെ സീനിയർ അംഗങ്ങൾ ഗൾഫ് രാജ്യങ്ങളിലേക്കാണ് സർവീസ് നടത്തിയിരുന്നതെങ്കിൽ ലയനത്തോടെ ഇവർ ആഭ്യന്തര സർവീസിലും പ്രവർത്തിക്കേണ്ടി വന്നു. വിദേശ യാത്ര പോകുമ്പോൾ 120 ഡോളർ വരെ അലവൻസ് ലഭിക്കും.  ആഭ്യന്തര സർവീസ്  ചെയ്യേണ്ടി വന്നതോടെ ഇതു നിലച്ചു. 

മുറി പങ്കുവയ്ക്കുന്നതിലും തർക്കം

ചെല്ലുന്ന സ്ഥലങ്ങളിൽ കാബിൻ ക്രൂ മുറി പങ്കിടണമെന്ന പുതിയ വ്യവസ്ഥയും ഉരസലിന് കാരണമായിട്ടുണ്ട്. 

ഫൈവ് സ്റ്റാർ അല്ലെങ്കിൽ ഫോർ സ്റ്റാർ ഹോട്ടലിൽ ഒരാൾക്ക് ഒരു മുറി ആയിരുന്നെങ്കിൽ ഇപ്പോൾ രണ്ടു പേർ മുറി പങ്കുവയ്ക്കണം. 

എയർ ഏഷ്യ ഇന്ത്യ–എയർ ഇന്ത്യ എക്സ്പ്രസ് ലയനത്തോടെ ഓരോ മൂന്ന് ആഴ്ചയിൽ ഒരു വിമാനം വീതം എയർ ഇന്ത്യ എക്സ്പ്രസിൽ ഉൾ‍പ്പെടുത്തുന്നു എന്നാണ് കണക്ക്. ഇതിന് അനുസൃതമായി സർവീസുകളുടെ എണ്ണവും വർധിച്ചു. നാല് ആഭ്യന്തര സർവീസുകൾ വരെ ഒരു ദിവസം പോകേണ്ടി വന്ന മുതിർന്ന അംഗങ്ങളുണ്ട്. ഇത്തരത്തിൽ വലിയ സമ്മർദം നേരിട്ടു കൊണ്ടാണ് പലരും ജോലി ചെയ്തിരുന്നത്. 

English Summary:

Air India Express strike

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com