ADVERTISEMENT

കൊച്ചി ∙ സെബി മേധാവിയെ ലക്ഷ്യമിട്ടു ഹിൻഡൻബർഗ് ഇന്നയിച്ച ആരോപണത്തിന് ഓഹരി നിക്ഷേപകരിൽനിന്നു കാര്യമായ സ്വീകാര്യത ലഭിച്ചില്ല. ബുൾ – ബെയർ പോരാട്ടം കാത്തിരുന്നവർക്കു പകരം കാണേണ്ടിവന്നത് ആരോപണത്തിന്റെ പേരിൽ രാഷ്ട്രീയ വൈരികൾ തമ്മിലുണ്ടായ ആക്രമണമാണ്. ഏതു പ്രതികൂല വാർത്തയോടുമുള്ള സ്വാഭാവിക പ്രതികരണമെന്ന മട്ടിൽ തുടക്കത്തിൽ വില സൂചികകളിൽ ഇടിവുണ്ടായെങ്കിലും പിന്നീടു വ്യാപാരത്തിന്റെ ഏറിയ സമയവും വിപണിക്കു കരുത്തു നിലനിർത്താൻ കഴിഞ്ഞു. വ്യാപാരാവസാനത്തോടെ ഇടിവ് ആവർത്തിച്ചെങ്കിലും നഷ്ടം നാമമാത്രമായിരുന്നു.

പ്രധാനമായും അദാനി ഗ്രൂപ്പിൽപ്പെട്ട 10 ഓഹരികളിലാണു വിൽപന സമ്മർദം ഗണ്യമായി അനുഭവപ്പെട്ടത്. 7% വരെ നഷ്ടം നേരിട്ടതോടെ ഗ്രൂപ്പിലെ ഓഹരികളുടെ ആകെ വിപണി മൂല്യത്തിൽ 53,000 കോടി രൂപയുടെ ഇടിവുണ്ടായെങ്കിലും വ്യാപാരം പുരോഗമിച്ചതോടെ ഇതിൽ നല്ല പങ്കും വീണ്ടെടുക്കാനായി.

അദാനി ഗ്രൂപ്പിനെ ലക്ഷ്യമിട്ട് ഹിൻഡൻബർഗ് റിസർച്ചിൽനിന്ന് ആദ്യ റിപ്പോർട്ട് പുറത്തുവന്ന 2023 ജനുവരിയിൽ ഗ്രൂപ്പിന്റെ ഓഹരികൾ മാത്രമല്ല വിപണി ആകെത്തന്നെ തകർന്നടിയുന്നതാണു കണ്ടത്. ഷോർട് സെല്ലിങ് തന്ത്രത്തിന്റെ ഭാഗമായാണു ഹിൻഡൻബർഗ് ആരോപണം ഉന്നയിക്കുന്നതെന്നു നിക്ഷേപകർക്കു ബോധ്യപ്പെട്ടതിനാലാകാം ഇത്തവണ അതേതോതിലുള്ള ഇടിവുണ്ടാകാതിരുന്നത്. ഹിൻഡൻബർഗിന്റെ ആരോപണങ്ങൾക്കു പിന്നിൽ രാഷ്ട്രീയലക്ഷ്യങ്ങൾ മാത്രമല്ല ചൈനയുടെ പങ്കുണ്ടെന്നുവരെയുള്ള വിമർശനവും വിപണി ഗൗരവത്തിലെടുത്തു.

നിക്ഷേപകർ ശാന്തമായി ഈ സാഹചര്യത്തെ നേരിടണമെന്നു സെബി നിർദേശിച്ചതു വിപണിക്കു പിന്തുണയായി. വൻ വീഴ്ചയെ പ്രതിരോധിക്കാൻ ആഭ്യന്തര ധനസ്ഥാപനങ്ങൾ വിപണിയിലേക്കു വലിയ തോതിൽ പണമൊഴുക്കുകയും ചെയ്തു.

സെൻസെക്സിന്റെ അവസാന നിരക്കിൽ ഇടിവു വെറും 57 പോയിന്റ് മാത്രമാണ്; നിഫ്റ്റി അവസാനിച്ചത് 20 പോയിന്റ് മാത്രം നഷ്ടത്തോടെ. സെൻസെക്സിന്റെ ‘ക്ലോസിങ്’ നിരക്ക് 79,648.92 പോയിന്റ്; നിഫ്റ്റിയുടേത് 24,347.00.

English Summary:

Share market review

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com