കൊച്ചിയിൽ നിന്ന് ഇനി എൽഎൻജി കയറ്റുമതി
Mail This Article
കൊച്ചി ∙ ദ്രവീകൃത പ്രകൃതിവാതകം ഇറക്കുമതി മാത്രമല്ല, ഇനി കൊച്ചി പുതുവൈപ്പിലെ പെട്രോനെറ്റ് എൽഎൻജി ടെർമിനലിൽ നിന്നു കയറ്റുമതിയും. പുതുവൈപ്പ് ടെർമിനലിൽ നിന്നു ശ്രീലങ്കയിലേക്കു ദ്രവീകൃത പ്രകൃതിവാതകം കയറ്റുമതി ചെയ്യാൻ ധാരണയായി. ഇന്ത്യയിലേക്ക് ഏറ്റവും കൂടുതൽ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന പെട്രോനെറ്റ് എൽഎൻജി ശ്രീലങ്കയിലെ എൽടിഎൽ ഹോൾഡിങ്സുമായാണു ധാരണാപത്രം ഒപ്പുവച്ചത്.
പെട്രോനെറ്റ് എൽഎൻജിക്കു പുതുവൈപ്പിനു പുറമേ, ഗുജറാത്തിലെ ദഹേജിലും എൽഎൻജി ഇറക്കുമതി ടെർമിനലുണ്ട്. പുതുവൈപ്പിനു മുൻപേ കമ്മിഷൻ ചെയ്ത ദഹേജ് ടെർമിനൽ 17.5 മില്യൻ ടൺ വാർഷിക കൈകാര്യ ശേഷിയുള്ള കൂറ്റൻ ടെർമിനലാണ്. 2013ൽ കമ്മിഷൻ ചെയ്ത പുതുവൈപ്പ് ടെർമിനലിന് 5 മില്യൻ ടണ്ണാണു വാർഷിക ശേഷി. കേരളത്തിലെയും മംഗളൂരുവിലെയും വ്യവസായ മേഖലയ്ക്കും കേരളത്തിലെ സിറ്റി ഗ്യാസ് പദ്ധതിക്കും വാതകം ലഭ്യമാക്കുന്നതു പുതുവൈപ്പിൽ നിന്നാണ്. എന്നാൽ, കൊച്ചി – ബെംഗളൂരു എൽഎൻജി പൈപ്പ് ലൈൻ പദ്ധതി നടപ്പാകാത്തതിനാൽ ടെർമിനലിന്റെ ശേഷി പൂർണമായി ഉപയോഗിക്കാനായിട്ടില്ല. ശേഷിയുടെ 20% മാത്രമാണ് ഉപയോഗിക്കുന്നത്. ലങ്കൻ കയറ്റുമതി യാഥാർഥ്യമാകുന്നതു ടെർമിനലിനു നേട്ടമാകും.
കൊളംബോയിലെ കേരവാളപിടിയ വൈദ്യുത നിലയത്തിനു വേണ്ടിയാണ് എൽഎൻജി കൊച്ചിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്നത്. 5 വർഷത്തേക്ക് എൽഎൻജി ലഭ്യമാക്കാനാണു പ്രാഥമിക ധാരണ. ആവശ്യമെങ്കിൽ ഉഭയകക്ഷി സമ്മതത്തോടെ കാലാവധി നീട്ടാനും കഴിയും.