ADVERTISEMENT

വിവിധകാരണങ്ങളാൾ സ്വപ്നങ്ങൾ പാതി വഴിയിൽ ഉപേക്ഷിക്കേണ്ടി വരുന്നവരാണ് ഭൂരിഭാഗവും. എന്നാൽ മുന്നിലെത്തിയ പ്രതിസന്ധികളെയെല്ലാം നേരിട്ട് സ്വപ്നം കണ്ടതിനെ കൈപ്പിടിയിലാക്കുന്നവർ കുറവാണ്. അക്കൂട്ടത്തിൽ ഒരാളാണ് ദിവ്യ ശ്യാം. വിവാഹശേഷം കാണുന്ന സ്വപ്നങ്ങളില്‍ സ്വന്തം ഇഷ്ടങ്ങളെക്കൂടി ചേര്‍ത്തു നിർത്തുകയായിരുന്നു ദിവ്യ. കുട്ടിക്കാലം മുതലുള്ള ഇഷ്ടമാണ് ദിവ്യാ ശ്യാമിന് ഫാഷന്‍. ആ താല്‍പര്യമാണ് ദിവ്യയെ ഇന്ന് മിസ്സിസ് കേരള ഫസ്റ്റ് റണ്ണറപ്പാക്കിയത്. ഫാഷനോടുള്ള താത്പര്യത്തെ കുറിച്ചും സ്വപ്നങ്ങളെ കുറിച്ചും മനോരമ ഓൺലൈനിനോട് മനസ്സ് തുറക്കുകയാണ് ദിവ്യ ശ്യാം.

എനിക്കൊപ്പം വളർന്ന സ്വപ്നങ്ങൾ

എനിക്ക് ഒരു പാട് സ്വപ്നങ്ങളുണ്ട്. വളരുന്നതനുസരിച്ച് എന്റെ സ്വപ്നങ്ങളും കൂടി കൂടി വന്നു. ചെറുപ്പത്തിൽ വഴിയിൽ കച്ചവടം ചെയ്യുന്ന ആളുകളെ കാണുമ്പോൾ എനിക്ക് അതുപോലെ ചെയ്യണം എന്നായിരുന്നു. കുറച്ചു കൂടി വളർന്നപ്പോൾ എന്റെ സ്വപ്നവും വളർന്നു. അതുകൊണ്ട് ഞാൻ ഒന്നിൽ മാത്രം സ്റ്റിക് ഓൺ ചെയ്തില്ല. വളരുന്നതനുസരിച്ച് എന്റെ സ്വപ്നവും വളർന്നുകൊണ്ടേയിരുന്നു. അങ്ങനെ വേണം പറയാൻ. അതാണ് സത്യം.

കഠിന പ്രയത്നത്തിലൂടെ വിജയം

2023 ലും ഞാൻ മിസ്സിസ് കേരളയിൽ പങ്കെടുത്തിരുന്നു. അന്ന് ഫിനാലെയിൽ എത്തി. അതിൽ പങ്കെടുത്തപ്പോൾ നല്ല മോട്ടിവേഷൻ ഉണ്ടായി. ആത്മവിശ്വാസവും ലഭിച്ചു. എന്റെ നെഗറ്റീവെല്ലാം മാറി കുറച്ചു കൂടി പോസിറ്റീവായി. 2024 ലും പങ്കെടുക്കണമെന്നു തോന്നി. ഇതിനായി കഠിനാധ്വാനം നടത്തി. നമ്മൾ നന്നായി പരിശ്രമിച്ചാൽ തീർച്ചയായും കിട്ടും എന്നുള്ളത് എനിക്കിപ്പോഴാണ് മനസ്സിലായത്.

ആർജെയായി തുടങ്ങി, പ്രിയം ഫാഷൻ

റേഡിയോ ജോക്കിയായിട്ടാണ് കരിയർ തുടങ്ങുന്നത്. ഇപ്പോഴും ആങ്കറിങ് െചയ്യുന്നുണ്ട്.  മീഡിയയില്‍ ജോലി ചെയ്യാൻ ഇഷ്ടമാണ്. ഫാഷൻ ഡിസൈനറാവാൻ എനിക്കിഷ്ടമായിരുന്നു.  ഒരുങ്ങി നടക്കാനും ചെറുപ്പം മുതൽ ഭയങ്കര ഇഷ്ടമായിരുന്നു. കണ്ണാടി എവിടെയുണ്ടോ അവിടെ ഞാൻ എത്തി നോക്കിയിരിക്കും. അതിപ്പോ നടുറോഡിലായാലും. ഒരുങ്ങി നല്ല വസ്ത്രം ധരിക്കാനും സ്വന്തമായി ഡിസൈൻ ചെയ്ത് ഫാഷനിൽ നടക്കാനും ഭയങ്കര ഇഷ്ടമായിരുന്നു. ആ ഒരു കാര്യം മനസ്സിൽ ഉള്ളതു കൊണ്ടാവാം ഇങ്ങനെ ഒരു പേജന്റിൽ വന്നതും. ഞാൻ കുറേ ഡിസൈനർ ഷോസും ഫാഷൻ ഷോയും ചെയ്യുന്നുണ്ട്. ആ ഒരിഷ്ടം ചെറുപ്പം മുതൽ മനസ്സിൽ ഉള്ളതുകൊണ്ടാവാം ഇതിലേക്ക് എത്തിപ്പെട്ടത്.

കുടുംബമാണ് കരുത്ത്

കുടുംബമാണ് ഏറ്റവും വലിയ പിന്തുണ. പ്രത്യേകിച്ചും എന്റെ ഭർത്താവും മകളും. ഇങ്ങനെയൊരു ഷോയിൽ പങ്കെടുക്കണമെന്ന് പറഞ്ഞപ്പോൾ മികച്ച പിന്തുണയുമായി കൂടെ നിന്നു. 2023 ൽ സമ്മാനം ലഭിക്കാതെ പോയപ്പോൾ എന്നേക്കാൾ സങ്കടപ്പെട്ടത് അച്ഛനും മോളും കൂടിയാണ്. ഇപ്രാവശ്യം വിജയി ആയപ്പോൾ എനിക്ക് ഏറ്റവും സന്തോഷമായത് എന്റെ മോളുടെ മുഖം കണ്ടപ്പോഴാണ്. അവളുടെ എക്സ്പ്രഷനും ടെൻഷനും ഒക്കെ അവിടെയിരുന്ന ആൾക്കാര് പറഞ്ഞ് ഞാൻ അറിഞ്ഞു. അത്രയും സന്തോഷത്തിലായിരുന്നു ഭർത്താവും മോളും.

മകളുടെ വഴി

എട്ടാംക്ലാസിലാണ് മകൾ പഠിക്കുന്നത്. പുള്ളിക്കാരി ഭയങ്കര ഹാപ്പിയും പ്രൗഡുമാണ്. സ്കൂളിലൊക്കെ ഇതിന്റെ പേരിൽ നന്നായിട്ട് ഷൈൻ ചെയ്തു. അവൾക്ക് ഇതുപോലെയൊക്കെ ആകണമെന്ന് ആഗ്രഹമുണ്ട്. ഫാഷനോട് താത്പര്യവുമുണ്ട്. പക്ഷേ, ഇപ്പോൾ പറയുന്നത് അവൾക്ക് കലക്ടർ ആകണം അതിനു വേണ്ടി ട്രൈ ചെയ്യണം പഠിക്കണം എന്നാണ്. ഒന്നിനും നിർബന്ധിക്കാറില്ല. അവളുടെ ഇഷ്ടം എന്താണോ അതുതന്നെ അവൾ ചെയ്യട്ടെ എന്നാണ് എന്റെ അഭിപ്രായം.

മോഡലിങ് കമ്പനി എന്ന സ്വപ്നം

ഒരുപാട് പ്ലാൻ മനസ്സിലുണ്ട്. ഞാനൊരു യൂട്യൂബറാണ്. ബ്യൂട്ടി ബ്ലോഗറാണ്. ഒരു മോഡലിങ് കമ്പനി സ്റ്റാർട്ട് ചെയ്യണമെന്ന ആഗ്രഹം ഈ പേജന്റിൽ പങ്കെടുക്കുന്നതിനു മുൻപേ എന്റെ മനസ്സിൽ ഉണ്ടായിരുന്നു. അതിനെക്കുറിച്ച് റിസർച്ചും കാര്യങ്ങളും ഒക്കെ നടന്നു കൊണ്ടിരിക്കുന്നു. അങ്ങനെ കുറേ ആഗ്രഹങ്ങളുണ്ട്. അതെല്ലാം നടക്കുന്നുണ്ട്. അല്ലാതെ വേറെ വലിയ സ്വപ്നങ്ങൾ ഒന്നുമില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com