ഒരു ദിവസം കൊണ്ട് മുംബൈയിൽ കാണാനുള്ളത്
Mail This Article
ജീവിതവും കാഴ്ചകളും അനുഭവങ്ങളും ഇഴചേർത്ത് നെയ്തൊരു കഥാപുസ്തകമാണ് മുംബൈ. വന്നെത്തുന്നവരെല്ലാംകഥാപാത്രങ്ങളാവുന്നു. താളുകൾ അവസാനിക്കുന്നേയില്ല...മുംബൈ നഗരത്തെക്കുറിച്ചുള്ള ഒരു വാചകമുണ്ട് – ‘നിങ്ങൾക്ക് ഒരാളെ ഈ നഗരത്തിൽ നിന്ന് പുറത്തേക്കു കൊണ്ടുപോകാനായേക്കും. പക്ഷേ ഒരിക്കലും അയാളുടെ ഉള്ളിൽ നിന്ന് ഈ നഗരത്തെ പുറത്തെടുക്കാനാവില്ല’. ജീവിതവർണങ്ങൾ നിറഞ്ഞൊഴുകുന്ന മുംബൈ വഴികളിലൂെട സഞ്ചരിക്കുമ്പോൾ ഏതൊരു സഞ്ചാരിയും അറിയാതെ പ റയും – ശരിയാണ്. ഒരിക്കലറിഞ്ഞു കഴിഞ്ഞാൽ, പിന്നീടൊരിക്കലും ഈ നഗരത്തെ മറന്നുകളയാനാവില്ല. ഉള്ളിൽ നിന്ന് പറിച്ചെടുക്കാനാവില്ല.
അത്രയേറെ സ്വപ്നങ്ങൾ കൂട്ടിച്ചേരുന്നിടമാണ് മുംബൈ. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം. സിനിമാമോഹങ്ങളുടെ സ്വപ്നരാജ്യം. പല കോണിൽ നിന്നും ജീവിതം കരുപിടിപ്പിക്കാനെത്തിയ മനുഷ്യരെ കൈനീട്ടി സ്വീകരിക്കുന്ന നഗരം. പല ഭാഷകൾ, സംസ്കാരങ്ങൾ, ആഘോഷങ്ങൾ, കാഴ്ചകൾ... എല്ലാം ഇവിടെ ഒന്നുചേരുന്നു. ആരുടേതുമല്ലാത്ത, എന്നാൽ എല്ലാവരുടേതുമായ നഗരം. തിരക്കേറിയ ലോക്കൽ ട്രെയിനിന്റെ ഒഴുക്കിൽ വന്നിറങ്ങിയത് സി.എസ്.ടി എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഛത്രപതി ശിവജി റെയിൽവേ സ്റ്റേഷനിലാണ്. സിനിമകളിലും ചിത്രങ്ങളിലും കണ്ടിട്ടുള്ള അതേ കെട്ടിടം. മുംബൈ കാഴ്ചകൾ തുടങ്ങാൻ ഇതിലും പറ്റിയ ഇടം വേറെയില്ല.
റെയിൽവേ സ്റ്റേഷൻ എന്നതിലപ്പുറം ഒരു ചരിത്രസ്മാരകമാണ് സിഎസ്ടി. ബ്രിട്ടീഷ് ഭരണകാലത്ത് നിർമിക്കപ്പെട്ട ഈ സമുച്ചയം പണ്ട് വിക്ടോറിയ ടെർമിനസ് (വി.ടി) എന്നാണ് അറിയപ്പെട്ടിരുന്നത്. വിക്ടോറിയൻ ഗോഥിക് ശൈലിയും പരമ്പരാഗത ഭാരതീയ ശൈലിയും ഒത്തുചേരുന്ന കെട്ടിടത്തിന്റെ കാഴ്ചകൾക്ക് മങ്ങലേൽപ്പിക്കാൻ കാലത്തിനായിട്ടില്ല. അഞ്ചു ദിവസം കൂടുമ്പോൾ കീ കൊടുക്കേണ്ട കൂറ്റൻ ക്ലോക്കും ഓഫിസിലെ ഫർണിച്ചറുകളും കൊത്തുപണികളുമെല്ലാം അതേ പ്രൗഢിയോടെ ഇന്നും നിലനിൽക്കുന്നു. പത്തു വർഷമെടുത്ത് നിർമിച്ച സിഎസ്ടി സ്റ്റേഷൻ രൂപകൽപ്പന ചെയ്തത് ഫെഡറിക് വില്യം സ്റ്റീവൻസൻ എന്ന ബ്രിട്ടീഷ് ആർക്കിടെക്ടാണ്. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലും ഈ കെട്ടിടമുണ്ട്.
സ്റ്റേഷൻ മുറ്റത്തു കാഴ്ചകളും കണ്ടു നിൽക്കുന്നതിനിടെ അടുത്ത ലോക്കൽ ട്രെയിൻ വന്നു. ആളുകൾ കൂട്ടത്തോെട പുറത്തേക്കൊഴുകി. ഒരു ശരാശരി മുംബൈക്കാരന്റെ ജീവിതത്തിലെ പ്രധാനഭാഗമാണ് ഈ ഒഴുക്കും അതിനിടയിലെ ഓട്ടവും. പതിയെ നിരത്തിലേക്കിറങ്ങി. തലങ്ങും വിലങ്ങും പായുന്ന മഞ്ഞയും കറുപ്പുമണിഞ്ഞ ടാക്സികൾ, ചുവന്ന നിറത്തിലുള്ള ഇരുനില ബസുകൾ, ഹോൺ മുഴക്കങ്ങൾ.
മുംബൈ നഗരത്തിന്റെ താളം മുറുകിത്തുടങ്ങിയിരുന്നു. ബ്രിട്ടീഷ് കാലത്തു നിർമിച്ച കെട്ടിടങ്ങളുടെ ഓരം ചേർന്ന് നടന്നു. അപ്പോഴാണ് റോഡരികിൽ ഒതുക്കിയിട്ട ‘പത്മിനി’യിൽ കണ്ണുടക്കിയത്. ടാക്സികളുടെ കൂട്ടത്തിൽ ഏറ്റവും തലയെടുപ്പുള്ളവൻ ഇവൻ തന്നെ. നഗരം ചുറ്റിക്കാണിക്കാമോയെന്ന ചോദ്യത്തിന് ടാക്സി ഡ്രൈവർ മെഹ്ദി ഭായ് തലയാട്ടി.
ഗേറ്റ് വേ ഓഫ് ഇന്ത്യ
ട്രാഫിക് തിരക്കുകൾക്കിടയിലൂടെ നൂണ്ടിറങ്ങി ‘ഗേറ്റ് വേ ഓഫ് ഇന്ത്യ’യെത്തി. മുംബൈ നഗരത്തിന്റെ അടയാളമാണ് കടലിനോട് ചേർന്നുള്ള ഈ മനോഹര നിർമിതി. കിങ് ജോർജ് അഞ്ചാമന്റെയും മേരി രാജ്ഞിയുടെയും സന്ദർശനത്തിന്റെ ഭാഗമായായിരുന്നു നിർമാണം. പ്രാവുകൾ കൂട്ടമായി പറന്നിറങ്ങുന്ന ഗേറ്റ് വേയുടെ മുൻപിൽ വിനോദസഞ്ചാര സംഘങ്ങൾ വന്നു തുടങ്ങിയിട്ടേയുള്ളൂ. തൊട്ടടുത്തു തന്നെ പ്രശസ്തമായ താജ് ഹോട്ടൽ. രണ്ടു കാഴ്ചയും ഒറ്റ ഫ്രെയ്മിലൊതുങ്ങും. മുംബൈയിലെത്തുന്ന സഞ്ചാരികൾ ഒരിക്കലും നഷ്ടപ്പെടുത്താന്‍ പാടില്ലാത്ത കാഴ്ച. മുംബൈ ജീവിതത്തിന്റെ തുടിപ്പ് തങ്ങി നിൽക്കുന്ന മറൈൻ ഡ്രൈവിൽ നേരത്തിന്റെ കണക്കുകളൊന്നുമില്ലാതെ സഞ്ചാരികൾ സ്ഥാനം പിടിച്ചിട്ടുണ്ട്. കമിതാക്കളാണ് ഏറെയും. കൈകൾ ചേർത്തു പിടിച്ച്, ഒരു കുടക്കീഴിൽ തിരമാലകളിലേക്ക് കണ്ണെറിഞ്ഞിരിക്കുന്ന അവരുടെ കാഴ്ച മറൈൻ ഡ്രൈവിനെ കൂടുതൽ പ്രണയാതുരമാക്കുന്നു. വൈകുന്നേരങ്ങളിൽ ഇവിടുത്തെ കാഴ്ചകൾ ഇതിനേക്കാൾ മനോഹരമാവുമെന്ന് മെഹ്ദി ഭായ്.
‘‘ സീ ആകൃതിയിൽ, ഒരു നെക്ലേസ് പോലെ വളഞ്ഞിരിക്കുന്ന ‘ക്വീൻസ് നെക്ലേസ്’ റോഡിന്റെ രാത്രിക്കാഴ്ച അതിമനോഹരമാണ്. വാഹനങ്ങളുടെയും കെട്ടിടങ്ങളുടെയും മിന്നിത്തിളങ്ങുന്ന വെളിച്ചവും കടലിന്റെ ആരവവും ചേരുമ്പോഴുണ്ടാവുന്ന ആ കാഴ്ച അനുഭവിച്ചു തന്നെയറിയണം’’ – മെഹ്ദി ഗൈഡായി മാറി.
മറൈൻ ഡ്രൈവിന്റെ കാഴ്ചകളിലൂടെ പതിയെ മുന്നോട്ടു നീങ്ങി. ചിലയിടങ്ങളിൽ തിരമാലകൾ റോഡിലേക്ക് ചിതറുന്നുണ്ട്.
ഹാജി അലി ദർഗയായിരുന്നു അടുത്ത സ്റ്റോപ്പ്. നഗരത്തിന്റെ ആത്മീയ കേന്ദ്രങ്ങളിലൊന്നാണ് കടലിലേക്ക് ഇറങ്ങി നിൽക്കുന്ന ഈ ദർഗ. ജാതിമത ഭേദമെന്യേ സഞ്ചാരികൾ എത്തുന്നയിടം. തിരമാലകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു. വേലിയേറ്റ സമയമാണ്. ഇന്നേരങ്ങളിൽ ദർഗയിലേക്ക് പ്രവേശനമില്ല. അങ്ങോട്ടുള്ള വഴി തിരമാലകൾക്കുള്ളിൽ മറയും. വെള്ളമിറങ്ങുമ്പോൾ ദർഗയിലേക്കുള്ള റോഡ് വീണ്ടും തെളിയും. അപ്പോൾ അതിലൂടെ നടന്നു ചെല്ലാം. ഹാജി അലിയുടെ സമക്ഷത്തിലെത്താം. കടലിനോട് ഇത്രമേൽ ചേർന്നു നിന്നിട്ടും, ഋതുക്കൾ സമുദ്രത്തെ പലവട്ടം ദേഷ്യം പിടിപ്പിച്ചിട്ടും ആറ് നൂറ്റാണ്ടിലേറെ പഴക്കമുള്ള ഹാജി അലി ദർഗയെ തിരമാലകൾ വിഴുങ്ങിയില്ലെന്നത് അദ്ഭുതം തന്നെ.
ഷാരൂഖ് ഖാന്റെ മന്നത്ത്
‘‘ഷാരൂഖ് ഖാന്റെ ആരാധകനാണോ?’’ –ഹിന്ദി പാട്ട് മൂളി വണ്ടിയോടിക്കുന്നതിനിടെ മെഹ്ദി ഭായിയുടെ ചോദ്യം. ഇഷ്ടമാണെന്നു പറഞ്ഞപ്പോൾ ഒരിടത്തേക്ക് കൊണ്ടുപോകാമെന്നായി കക്ഷി.
ആകാശം തൊട്ടുനിൽക്കുന്ന മുകേഷ് അംബാനിയുടെ ആഡംബര വസതി കാണിച്ച് തൊട്ടപ്പുറത്ത് മെഹ്ദി കാർ പതിയെയാക്കി. ‘‘ലതാജിയുടെയും ആശാജിയുടെയും വീട്’’–‘പ്രഭു കുഞ്ച്’ എന്ന വീട്ടുപേരിലേക്ക് ചൂണ്ടി ആരാധനയോടെ അയാൾ പറഞ്ഞു. ലതാ മങ്കേഷ്കർ, ആശാ ഭോസ്‌ലെ...ഒരു നിമിഷം കൊണ്ട് ഒരുപാടു പാട്ടുകൾ മനസ്സിൽ തെളിഞ്ഞു. ‘ലഗ് ജാ ഗലേ ഫിർ യേ ഹസീൻ രാത്...’’ കാർ ബാന്ദ്ര സീലിങ്ക് റോഡിലേക്ക് കയറിയപ്പോഴും മെഹ്ദി ‘ലതാജിയുടെ’ ലോകത്തായിരുന്നു.
നഗരവിശേഷങ്ങളിലൊന്നാണ് ഈ റോഡും. ‘രാജീവ് ഗാന്ധി സീ ലിങ്ക് റോഡ്’ എന്നറിയപ്പെടുന്ന ഈ ഭീമൻ പാലത്തിന്റെ കാഴ്ച അതിമനോഹരമാണ്. ഇടയ്ക്ക് നിർത്തി ചിത്രം പകർത്താൻ ആഗ്രഹമുണ്ടായിരുന്നെങ്കിലും നടന്നില്ല. ‘‘ഫ്രീ വേ ആണ്. നിർത്താൻ പറ്റില്ല’’ – ഭായ് പറഞ്ഞു. ബാന്ദ്രയിലെത്തിയപ്പോഴേക്കും കാഴ്ചകളി ൽ ആഡംബരം നിറഞ്ഞു. ഓരോ വലിയ സൗധം കടന്നു പോവുമ്പോഴും മെഹ്ദി ഓരോ താരങ്ങളുടെ പേര് പറഞ്ഞുകൊണ്ടിരുന്നു. ഒടുക്കം വലിയൊരു വീടിനു മുൻപിൽ വാഹനം നിന്നു. ഭീമൻ ഗേറ്റിനു മുൻപിൽ കുറേ സഞ്ചാരികൾ ഫോട്ടോയെടുക്കുന്നുണ്ട്.
‘‘മന്നത്ത് – ഷാരൂഖ് ഖാന്റെ വീട്’’– മെഹ്ദി പറഞ്ഞു. ഇത്തിരി മാറിയാണ് സൽമാൻ ഖാന്‍ താമസിക്കുന്ന കെട്ടിടം. അതിനു മുൻപിലും കാ ണാം ആരാധക കൂട്ടങ്ങൾ. താരരാജാക്കന്മാർ ചില നേരങ്ങളിൽ ഗേറ്റിനു സമീപം വന്ന് ആരാധകരോട് കൈവീശും. ഇതു കാണാനായി ദൂരദേശങ്ങളിൽ നിന്നുപോലും ആരാധകർ എത്താറുണ്ടത്രെ..
ഗാന്ധി സ്മരണകളുടെ മണി ഭവൻ
ബോളിവുഡ് മസാല കഥകളുടെ മേമ്പൊടിയുമായി ബാന്ദ്രയിൽ നിന്ന് തിരികെ വരും വഴിയാണ് ഗാന്ധിജിയുടെ ഓർമകൾ തങ്ങിനിൽക്കുന്ന മണിഭവന്റെ മുൻപിലെത്തിയത്. ശാന്തമായ അന്തരീക്ഷത്തിൽ വൃക്ഷത്തണലിലൊരു പഴയ കെട്ടിടം. 1917 മുതൽ 1934 വരെ ഗാന്ധിയുടെ മുംബൈയിലെ വസതിയായിരുന്നു മണി ഭവൻ. റൗളത്ത് ആക്റ്റിനെതിരെയുള്ള സത്യഗ്രഹം, സിവിൽ നിയമലംഘനം എന്നിങ്ങനെ ചരിത്രപ്രധാനമായ പല തീരുമാനങ്ങൾക്കും ഈ വീട് സാക്ഷിയായിട്ടുണ്ട്. കയറിച്ചെല്ലുന്ന നിലയിൽ വിശാലമായ ലൈബ്രറിയാണ്. അൻപതിനായിരത്തിലേറെ പുസ്തകങ്ങൾ ഇവിടെയുണ്ട്. ഗാന്ധിജി താമസിച്ചിരുന്ന മുറി, ചിത്രങ്ങൾ, ജീവിതത്തിലെ നിർണായക നിമിഷങ്ങൾ അടയാളപ്പെടുത്തുന്ന മിനിയേച്ചർ ചിത്രീകരണങ്ങൾ തുടങ്ങിയവയാണ് മറ്റു നിലകളിലുള്ളത്.
അടുത്ത ലക്ഷ്യം ദോബീഘട്ട്. അലക്കുകാരുടെ കേന്ദ്രം. മുംബൈ നഗരത്തിലെത്തുമ്പോൾ തീർച്ചയായും സന്ദർശിക്കണമെന്ന് മനസ്സിൽ കുറിച്ചിട്ട ഇടമാണ്. ഇടവഴികളിലൂടെ മഹാലക്ഷ്മി ദോബീഘട്ടിലേക്ക് മെഹ്ദി ഭായ് വണ്ടിയോടിച്ചു. ഈ പത്മിനിക്കറിയാത്ത റൂട്ടുകളുണ്ടോ മുംബൈയിൽ? ഗരത്തിന്റെ അലക്കുശാലയാണ് ദോബീഘട്ട്. മുംബൈയിലെ ഹോട്ടലുകളിലെയും ആ ശുപത്രികളിലെയും വസ്ത്രം ഇവിടെയെത്തും. നിരവധി ടാങ്കുകൾ, അലക്കുകാർ, നിവർത്തിയിട്ട വസ്ത്രങ്ങൾ... ലോകത്തിലെ തന്നെ ഏറ്റവും വലിയ അലക്കുകേന്ദ്രങ്ങളിലൊന്നായ മഹാലക്ഷ്മി ദോബീഘട്ടിലെ ജീവിതത്തിനു ഒരു പ്രത്യേക താളം തന്നെയാണ്.
ഷോപ്പിങ്ങിന്റെ മുംബൈ
ഷോപ്പിങ് കാഴ്ചകൾ എവിടെയാരംഭിക്കണമെന്ന ചോദ്യത്തിനുത്തരമെന്നോണം മെഹ്ദി ഫാഷൻ സ്ട്രീറ്റിനു സമീപം വാഹനമൊതുക്കി. ‘‘ഇനി ടാക്സിയുടെ ആവശ്യമില്ല. നടക്കാവുന്നതേയുള്ളൂ. ആവശ്യമാണെന്നു തോന്നുന്ന നേരത്ത് ടാക്സിയെടുത്തോളൂ. നിങ്ങളുടെ നാട്ടിലെ ഓട്ടോ ചാർജല്ലേയുള്ളൂ’’. പറഞ്ഞുറപ്പിച്ച തുക വാങ്ങി ‘ഫിർ മിലേംഗെ’ എന്ന ഒറ്റവാക്കിൽ യാത്ര പറഞ്ഞ് അയാളും ‘പത്മിനി’യും നഗരത്തിരക്കിലേക്ക് മറഞ്ഞു. ഒരു ഫോട്ടോയെടുക്കാനുള്ള നേരം പോലും തന്നില്ല.
വസ്ത്രങ്ങളാണ് ഫാഷൻ സ്ട്രീറ്റിന്റെ ഹൈലൈറ്റ്. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഇനങ്ങളാണ് ഏറെയും. റോഡരികിൽ ഒരറ്റം മുതൽ മറ്റേയറ്റം വരെ നിരനിരയായി കടകൾ. വൈകുന്നേരത്തിന്റെ തിരക്കിൽ കച്ചവടം പൊടിപൊടിക്കുകയാണ്. പറയുന്ന വിലയുടെ പകുതിക്കും പകുതിയുടെ പകുതിക്കുമൊക്കെയാണ് വിൽപന നടക്കുന്നത്. ഈ തെരുവിന്റെ രീതിയാണിത്. വില പേശാനറിയുന്നവർക്ക് ഒരു വില. അല്ലാത്താവർക്ക് മറ്റൊരു വില. കൂട്ടത്തിൽ മലയാളി കച്ചവടക്കാരുമുണ്ട്. പക്ഷേ മലയാളം മിണ്ടില്ലെന്നു മാത്രം. ഒരു റോക്ക് സംഗീതം പോലെ ചടുലമായ സ്ട്രീറ്റിന്റെ കാഴ്ചകളിലൂടെ നടന്നു.
നേരം ഇരുട്ടിത്തുടങ്ങിയിരുന്നു. ഫാഷൻ സ്ട്രീറ്റിന്റെ അടുത്തുള്ള ഫൗണ്ടയിനു ചുറ്റും വൈകുന്നേരം ആസ്വദിക്കാനെത്തിയവർക്കിടയിലൂടെ സിഎസ്ടിയിലേക്കുള്ള റോഡിലെത്തി. ഇരുവശത്തുമുള്ള കെട്ടിടങ്ങൾ മനോഹരമാണ്. ബ്രിട്ടീഷ് വാസ്തു ശൈലിയിലാണ് ഏറെയും നിർമിച്ചിട്ടുള്ളത്. റോഡിനോട് ചേർന്നുള്ള മരങ്ങളും നടപ്പാതകളുമെല്ലാം ‘ബോംബെ’ ചിത്രത്തെ പൂർണമാക്കുന്നു.</p>
ഡി. എൻ റോഡിലെ നടപ്പാതകളും കച്ചവടകേന്ദ്രമാണ്. ബാഗുകൾ, ഇലക്ട്രോണിക് ഉത്പന്നങ്ങൾ, ടീഷർട്ടുകൾ... എവിടെ നോക്കിയാലും നിറപ്പകിട്ടാർന്ന കാഴ്ചകൾ. സഞ്ചാരികൾക്കിടയിലൂടെ സിഎസ്ടി സ്റ്റേഷനു മുൻപിലെത്തി. വിളക്കുകളുടെ തെളിച്ചത്തിൽ സ്വർണനിറമണിഞ്ഞ്, നഗരത്തിന്റെ സൗന്ദര്യം മുഴുവൻ ആവാഹിച്ച് സിഎസ്ടി കൂടുതൽ സുന്ദരിയായിരുന്നു. ‘അരേ വാഹ്’ എന്നാരും പറയുന്ന കാഴ്ച. സ്റ്റേഷൻ ചുറ്റി തൊട്ടടുത്തുള്ള ക്രഫോർഡ് മാർക്കറ്റ് ലക്ഷ്യമാക്കി നീങ്ങി. മൊത്തക്കച്ചവടക്കാരുടെ ആസ്ഥാനമാണ് ക്രഫോർഡ്. ഒരു വശത്ത് കളിപ്പാട്ടങ്ങൾ മാത്രം. അടുത്ത സ്ട്രീറ്റിൽ ലെതർ ഉത്പന്നങ്ങൾ. ചെരിപ്പുകൾ, ബാഗുകൾ, ഷാളുകൾ... അങ്ങനെ വൈവിധ്യങ്ങളുടെ ഒരു മായാലോകം. വലിയ കെട്ടിടങ്ങളോ സംവിധാനങ്ങളോ അല്ല, വിലക്കുറവാണ് ഇവിടുത്തെ ആകർഷണം. നമ്മുടെ നാട്ടിൽ വലിയ വിലയ്ക്കു വിൽക്കുന്ന ഒട്ടുമിക്ക ഉത്പന്നങ്ങളും പകുതിയിലും കുറഞ്ഞ വിലയ്ക്ക് ഇവിടെ നിന്നു പുറപ്പെടുന്നവയാണ്. ആഭരണപ്രേമികളുടെ പ്രിയപ്പെട്ട കേന്ദ്രമായ കൊളാബ ക്രോസ് വേയാണ് ഇതുപോലെയുള്ള മറ്റൊരു കേന്ദ്രം.
കടകളിലെ വിളക്കുകൾ അണഞ്ഞു തുടങ്ങിയപ്പോൾ തിരിച്ചു നടന്നു. നടപ്പാതകളിൽ അന്തിയുറങ്ങാൻ ടാർപോളിൻ ഷീറ്റുകൾ നിരന്നിരുന്നു. ഉറങ്ങാന്‍ കൂട്ടാക്കാത്ത കുട്ടിക്കുസൃതികൾ അതിനു ചുറ്റും ഓടിക്കളിക്കുന്നു. ടാക്സി ബഹളങ്ങൾ തീർന്നു തുടങ്ങിയിട്ടുണ്ട്. ഇടയ്ക്ക് ഒരു മിന്നായം പോലെ പായുന്ന സൂപ്പർ കാറുകളുടെ നേരമാണ് ഇനി.
തെരുവ് വിളക്കിന്റെ വെളിച്ചം ഇരുട്ടിനോട് ചേരുന്ന വളവുകളിൽ ചുണ്ടിൽ ചെഞ്ചോപ്പ് പുരട്ടി അതിഥികളെ കാത്തിരിക്കുന്ന സ്ത്രീകളെയും കടന്ന് നഗരത്തിലൂടെ നടന്നു. ഒതുക്കിയിട്ടിരിക്കുന്ന ഡബിൾ ഡെക്കർ ബസുകളുടെ ഓരം ചേർന്ന് നടന്നപ്പോൾ ഓർത്തത് പണ്ടെങ്ങോ വായിച്ചു മറക്കാത്ത ഒരു വാചകമാണ് – ബോംബെ രാത്രി ഉണർന്നിരിക്കുകയും പകൽ ഓടുകയും ചെയ്യുന്നു. ഉറങ്ങുന്നേയില്ല.
മുംബൈ കാഴ്ചകൾ
എലഫന്റാ ഗുഹകൾ
ഗുഹാക്ഷേത്രം. ശില്പങ്ങളാണ് പ്രധാന ആകർഷണം. ഗേറ്റ് വേ ഓഫ് ഇന്ത്യയിൽ നിന്ന് ബോട്ടുമാർഗം എത്തിച്ചേരാം. യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലിടം പിടിച്ചിട്ടുണ്ട്.
ജുഹു ബീച്ച്
മുംബൈയിലെ പ്രശസ്തമായ ബീച്ച്. സിഎസ്ടി സ്റ്റേഷനിൽ നിന്ന് 25 കിലോമീറ്റർ ദൂരം.
നെഹ്റു പ്ലാനറ്റോറിയം
രാജ്യത്തെ തന്നെ മികച്ച ശാസ്ത്ര കേന്ദ്രങ്ങളിൽ ഒന്ന്. വർളിയിൽ നിലകൊള്ളുന്നു.
സിദ്ധി വിനായകാ ക്ഷേത്രം
മുംബൈയിലെ ഏറ്റവും പ്രധാനപ്പെട്ട ആരാധനാലയങ്ങളിലൊന്ന്. സിഎസ്ടിയിൽ നിന്ന് 10 കിലോമീറ്റർ ദൂരം.
ഏഷ്യാറ്റിക് സൊസൈറ്റി ലൈബ്രറി
ഇരുപതിനായിരത്തിലധികം അപൂർവ ഗ്രന്ഥങ്ങൾ സൂക്ഷിച്ചിരിക്കുന്ന ലൈബ്രറി