നേട്ടങ്ങളറിഞ്ഞാൽ വാങ്ങിപ്പോകും! ചെടിച്ചെട്ടികളൊക്കെ വേറെ ലെവൽ, ഇനി എഫ്ആർ പ്ലാന്റർ ബോക്സുകളുടെ കാലം

Mail This Article
ഫൈബർ ഗ്ലാസ് പോളിമർ (FR) പ്ലാന്റർ ബോക്സുകളാണ് ഉദ്യാനങ്ങളില്‍ ഇപ്പോഴത്തെ ട്രെൻഡ് എന്ന് എറണാകുളം പനമ്പിള്ളിനഗറിലെ ഉദ്യാനസംരംഭമായ സാംസ് പോട്സ് ആൻഡ് പ്ലാന്റ്സ് ഉടമ എൻ.ജെ.ജെൻസൺ പറയുന്നു. കൈകാര്യം ചെയ്യുമ്പോൾ പൊട്ടിപ്പോയേക്കാം എന്നതും വിപണിയിൽ ലഭിക്കുന്ന പതിവു ഡിസൈനുകളിലും നിറങ്ങളിലും ഒതുങ്ങണമെന്നതും സിറാമിക് ചട്ടികളുടെയും ബോക്സുകളുടെയും പരിമിതിയാണ്. അതേസമയം ഇഷ്ടമുള്ള ഡിസൈനിൽ നിർമിച്ചെടുക്കാമെന്ന നേട്ടമുണ്ട് ഫൈബർ ഗ്ലാസ് പ്ലാന്റർ ഉൽപന്നങ്ങൾക്ക്.

എവിടെയാണോ ചെടികൾ വയ്ക്കാൻ ഉദ്ദേശിക്കുന്നത് ആ സ്ഥലത്തിനും സൗകര്യത്തിനും യോജിച്ച രൂപത്തിലും വലുപ്പത്തിലും നിറത്തിലും ഫൈബർ ഗ്ലാസ് ചട്ടികൾ നിർമിച്ചെടുക്കാം. സിറാമിക് ചട്ടികളിൽനിന്നു വ്യത്യസ്തമായി ഭാരം തീരെക്കുറഞ്ഞ ചട്ടികളാണ് ഫൈബർ ഗ്ലാസിന്റേതെന്ന മെച്ചവുമുണ്ട്. മെട്രോയുടെയും വോൾവോയുടെയുമെല്ലാം ബോഡി നിർമിക്കുന്ന മാധ്യമമാണ് ഫൈബർ ഗ്ലാസ്. ഈടും ഉറപ്പുമുണ്ട്. ചെടികൾ നന്നായി വളരുകയും ചെയ്യും. ഫൈബർ ഗ്ലാസ് പോളിമർ പ്ലാന്ററുകൾ വന്നതോടെ എവിടെയും ഏതു ഡിസൈനിലും വലുപ്പത്തിലും ചെടികൾ വളർത്താമെന്നായി.

വീടിനുള്ളിൽ തുറന്ന കോർട്ട് യാർഡുകൾ ഒരുക്കുന്നവർ പൊതുവേ ആ ഭാഗം സിമന്റ്കൊണ്ട് നിർമിച്ച് ഉള്ളിൽ മണ്ണു നിറച്ച് ചെടികൾ നടുകയാണു പതിവ്. കുറെക്കാലം കഴിയുമ്പോൾ കോർട്ട് യാർഡിൽ വീഴുന്ന വെള്ളം വലിഞ്ഞ് പല വഴിക്ക് ഈർപ്പം പടർന്നേക്കാം. ക്യാപ്പിലറി ആക്‌ഷൻ വഴി വെള്ളം വീടിനുള്ളിൽ പലയിടത്തും എത്താം. എന്നാൽ, ഫൈബർ ഗ്ലാസ് പോളിമർ നിർമിത കോർട്ട് യാർഡിൽനിന്ന് തുള്ളിജലംപോലും പുറത്തേക്കു പോകില്ലെന്ന് ജെൻസൺ.

വീടിന്റെ മുറ്റത്ത് വിശാലമായ ഉദ്യാനമൊന്നും പല വീട്ടുകാർക്കും ഇനിയങ്ങോട്ടു നടപ്പുള്ള കാര്യമല്ല. സ്ഥലപരിമിതി തന്നെ കാരണം. നഗരത്തിൽ താമസിക്കുന്ന നല്ല പങ്കിനും അതാലോചിക്കാനേ കഴിയില്ല. പകരം അകത്തു പുറത്തും ലഭിക്കുന്ന പരിമിതമായ സ്ഥലങ്ങളിൽ അഴകു നിറയ്ക്കാനാണ് ആളുകൾ താൽപര്യപ്പെടുന്നത്. അതുകൊണ്ടുതന്നെ വെർട്ടിക്കൽ ഗാർഡൻ പോലുള്ള ഉദ്യാനശൈലികൾക്ക് ആസ്വദകർ വർധിക്കുകയാണെന്നും ജെൻസൺ പറയുന്നു. വിവിധ രീതിയിലുള്ള ഫൗണ്ടനുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന പി യു ഫോം ഷീറ്റുകൾക്കും പ്രിയമേറെ. ഫേണുകളും ക്രോട്ടനുകളും ഉൾപ്പെടെ മുൻകാല ചെടിയിനങ്ങൾ പലതും ശക്തമായി തിരിച്ചുവരുന്നുണ്ടെന്നും ജെൻസൺ പറയുന്നു. ഉദ്യാനനിർമാണരംഗത്ത് 27 വർഷത്തെ പാരമ്പര്യമുള്ള സാംസ് പോട്സ് ആൻഡ് പ്ലാന്റ്സിന്, വിവിധയിനം ഉദ്യാനച്ചെടികളുടെ വിപുലമായ ശേഖരവും ഫൈബർ ഗ്ലാസ് പോളിമർ പ്ലാന്ററുകൾ ഉൾപ്പെടെയുള്ള ഉദ്യാനഘടകങ്ങൾ നിർമിക്കുന്ന യൂണിറ്റുകളുമുണ്ട്.
ഫോൺ: 9388735180