മാമ്പൂ കണ്ട് കൊതിക്കണ്ട, പ്രകൃതിയിലുണ്ട് ശത്രുക്കൾ: ജൈവ പ്രയോഗം മതി, അനായാസം തയാറാക്കാം

Mail This Article
മാമ്പഴക്കാലമെത്തിയതോടെ കീടങ്ങളുടെ ആക്രമണവും ഏറുകയാണ്. മാവു പൂക്കുകയും കായ്ക്കുകയും ചെയ്യുന്ന സമയത്ത് അധികമായി കണ്ടു വരുന്ന കീടങ്ങളാണ് മാന്തളിർമുറിയൻ വണ്ട്, പൂങ്കുലത്തുള്ളൻ, കായീച്ച എന്നിവ.
മാന്തളിർമുറിയൻ വണ്ട്
മാവിന്റെ തളിരിലകൾ വ്യാപകമായി വെട്ടി നശിപ്പിക്കുന്ന കീടമാണു മാന്തളിർമുറിയൻ വണ്ട്.
ഇതുമൂലം മാവിന്റെ വളർച്ച മുരടിച്ചു പോവുകയും ഉൽപാദനം കുറയുകയും ചെയ്യുന്നു. ഇവയുടെ സമാധി ദശ മണ്ണിലായതിനാലും വെട്ടിയിടുന്ന ഇലകളിൽ പുഴുക്കളും സമാധിദശയിലുള്ള വണ്ടുകളും ഉള്ളതിനാലും മുറിച്ചിടുന്ന തളിരിലകൾ എടുത്തു മാറ്റി നശിപ്പിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. മാവിന്റെ കട ഭാഗത്തുള്ള മണ്ണു കിളച്ചു വെയിൽ കൊള്ളിക്കുന്നതും നല്ലയിനം വേപ്പിൻപിണ്ണാക്കു മണ്ണിൽ ചേർത്തു കൊടുക്കുന്നതും കീടങ്ങൾ പെറ്റു പെരുകുന്നതു തടയാൻ സാധിക്കും. കൂടാതെ ബ്യുവേറിയ എന്ന ജൈവ കുമിൾനാശിനി 20 ഗ്രാം ഒരു ലീറ്റർ വെള്ളത്തിൽ എന്ന തോതിൽ കലക്കിയ ലായനി ഇലകളിൽ തളിച്ചു കൊടുക്കുകയും മണ്ണിൽ ഒഴിച്ചുകൊടുക്കുകയും ചെയ്യാം. ആക്രമണം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ മാത്രം രാസകീടനാശിനി ഉപയോഗിക്കുക.
പൂങ്കുലത്തുള്ളൻ
പൂക്കുലകളിൽനിന്നും ഇളം തണ്ടുകളിൽനിന്നും നീരൂറ്റിക്കുടിക്കുന്ന ഇവ പുറപ്പെടുവിക്കുന്ന വിസർജ്യ ദ്രാവകത്തിൽ (honey dew) കുമിളുകൾ വളരുകയും തൽഫലമായി പൂക്കുലകളും തണ്ടുകളും കരിഞ്ഞുണങ്ങി പോവുകയും ചെയ്യുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി വേപ്പെണ്ണ ഇമൽഷൻ (2 % വീര്യത്തിൽ) അല്ലെങ്കിൽ വേപ്പിൻകുരുസത്ത് ലായനി (5% വീര്യത്തിൽ) ഇളം തണ്ടുകളിലും പൂങ്കുലകളിലും തളിക്കാം. ആക്രമണം രൂക്ഷമാകുന്ന ഘട്ടങ്ങളിൽ മാത്രം രാസകീടനാശിനി ഉപയോഗിക്കുക. മാവു പൂവിടുന്ന സമയത്തു രാസകീടനാശിനികൾ ഉപയോഗിച്ചാൽ അതു പരാഗണത്തെ ബാധിക്കും.
കായീച്ച
മാങ്ങയുടെ തൊലിപ്പുറത്താണു കായീച്ച മുട്ടയിടുന്നത്. മാങ്ങ പഴുത്തു തുടങ്ങുമ്പോൾ മുട്ട വിരിഞ്ഞിറങ്ങുന്ന പുഴുക്കൾ മാങ്ങയുടെ കാമ്പു തിന്നു നശിപ്പിക്കുന്നതു മൂലം കായ്‌കൾ അഴുകി പോകുന്നു. ഫിറമോൺ കെണിയായ മീതൈൽ യൂജി നോൾ ട്രാപ് മാവു പൂക്കാൻ തുടങ്ങുമ്പോൾ തന്നെ ഉപയോഗിക്കുക. 25 സെന്റിന് ഒരു കെണി മതിയാകും. കൂടാതെ തുളസിക്കെണി (ഒരു പിടി തുളസിയില ഞെരുടിയത് + തരി രൂപത്തിലുള്ള കീടനാശിനി 2-3 ഗ്രാം) ഒരു മാവിന് 4 കെണി എന്ന തോതിൽ ഉപയോഗിക്കുക. മാങ്ങ പറിച്ചതിനു ശേഷം 55 ഡിഗ്രി സെന്റിഗ്രേഡ് താപനിലയുള്ള അൽപം ഉപ്പു ചേർത്ത വെള്ളത്തിൽ 10 മിനിറ്റു മുക്കിവയ്ക്കുന്നതും നല്ലതാണ്.