കമ്പളം പുതച്ച് നടക്കാം; മഞ്ഞും മലകളും നിറഞ്ഞ ഇൗ സ്വര്‍ഗഭൂമിയിൽ കാണാനേറെയുണ്ട്
Mail This Article
മഹാരാഷ്ട്രയില്‍, ഗോവയെത്തുന്നതിനു തൊട്ടുമുന്‍പായി കാണുന്ന മനോഹരമായ ഒരു ഹില്‍സ്റ്റേഷനാണ് അംബോളി. ഗോവയുടെ ബീച്ചുകളിലേക്ക് എത്തുന്നതിനു തൊട്ടുമുന്‍പേയുള്ള അവസാന ഹില്‍സ്റ്റേഷന്‍ എന്നും പറയാം. സമുദ്രനിരപ്പിൽ നിന്ന് 690 മീറ്റർ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന അംബോളി ഇന്ത്യയിലെ വളരെ പ്രധാനപ്പെട്ട ഒരു ഇക്കോ ഹോട്ട്‌സ്‌പോട്ട് ആണെന്ന് മാത്രമല്ല, നിരവധി സഞ്ചാരികളുടെ മനംകവര്‍ന്ന ഒരു ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ കൂടിയാണ്. കണ്ണുകള്‍ക്ക് ഉത്സവം പകരുന്ന ഒട്ടനവധി കാഴ്ചകള്‍ ഈ പരിസരങ്ങളില്‍ ഉണ്ട്. മഹാരാഷ്ട്ര ടൂറിസം ഡെവലപ്‌മെന്‍റ് കോർപ്പറേഷന്‍റെ കീഴിലുള്ള ഈ സ്ഥലങ്ങളില്‍ ചിലത് പരിചയപ്പെടാം.
അംബോളി വെള്ളച്ചാട്ടം
സമുദ്രനിരപ്പിൽ നിന്ന് 690 മീറ്റർ ഉയരത്തില്‍ നിന്ന് പതിക്കുന്ന വെള്ളച്ചാട്ടമാണിത്. അംബോളിയിലെ ഏറ്റവും പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഇവിടെ സസ്യജാലങ്ങളും സമൃദ്ധമാണ്. അതിസുന്ദരമായ ഈ വെള്ളച്ചാട്ടത്തിന് ചുറ്റും മറ്റ് നിരവധി വെള്ളച്ചാട്ടങ്ങളും ഉണ്ട്, ഉയരത്തില്‍ നിന്നും പാല്‍നുര ചിന്നിച്ച്, വെള്ളം താഴേക്ക് പതിക്കുന്നതും പശ്ചാത്തലത്തില്‍ കണ്ണിനു കുളിര്‍മ പകരുന്ന പച്ചപ്പിന്‍റെയുമെല്ലാം കാഴ്ച അവിസ്മരണീയമായ അനുഭവമാണ്. മഴക്കാലമാണ് വെള്ളച്ചാട്ടം കൂടുതല്‍ സമൃദ്ധമാകുന്നത്.
മാധവ്ഗഡ് കോട്ട
താഴ്‌വരകളും മലനിരകളും അറബിക്കടലും വരെ കാണാവുന്ന കോട്ടയാണ് മാധവ്ഗഡ് കോട്ട. അംബോളിയിലെ പ്രധാന ബസ് സ്റ്റോപ്പിൽ നിന്ന് 2.5 കിലോമീറ്റർ അകലെയാണ് ചരിത്രപ്രാധാന്യമുള്ള ഈ കോട്ട. നിലവില്‍ തകര്‍ന്ന നിലയിലാണെങ്കിലും ഇവിടെ നിന്നുള്ള കാഴ്ച ആസ്വദിക്കാനായി നിരവധി വിനോദസഞ്ചാരികള്‍ എത്തുന്നു.
ഷിർഗോങ്കർ പോയിന്‍റ്
അംബോളിയില്‍ നിന്നും ഏകദേശം മൂന്നു കിലോമീറ്റര്‍ അകലെയാണ് ഷിർഗോങ്കർ പോയിന്‍റ്. ഇവിടെ നിന്ന് നോക്കിയാല്‍, ചുറ്റുമുള്ള താഴ്‌വരയുടെ സുന്ദരമായ കാഴ്ച കാണാം, മഴക്കാലത്ത് ഇവിടം കൂടുതല്‍ സുന്ദരമാകും.
ഹിരണ്യ കേശി ക്ഷേത്രം
ഹിരണ്യ കേശി നദി രൂപപ്പെടുന്ന ഗുഹകൾക്ക് ചുറ്റുമായാണ് ഈ ക്ഷേത്രം നിർമ്മിച്ചിരിക്കുന്നത്. പ്രധാന ബസ് സ്റ്റോപ്പിൽ നിന്ന് 5 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ക്ഷേത്രവും അടുത്തുള്ള ഗുഹകളുമെല്ലാം സഞ്ചാരികള്‍ക്ക് നടന്നു കാണാം.
ദുർഗ് ധക്കോബ ട്രെക്ക്
പൂനെ ജില്ലയ്ക്ക് സമീപമുള്ള നാനേഘട്ടിനും ഭീമശങ്കർ മലനിരകൾക്കും ഇടയിലുള്ള പീഠഭൂമിയിലെ കൊടുമുടികളാണ് ദുർഗും ധക്കോബയും. എങ്ങും പച്ചപ്പും നിബിഡ വനങ്ങളും നിറഞ്ഞ വഴിയിലൂടെയുള്ള ഈ ട്രെക്കിംഗ്, നഗരത്തിന്‍റെ തിരക്കുകളില്‍ നിന്നും ഇരമ്പങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് പ്രകൃതിയിലേക്കുള്ള ഒരു രക്ഷപ്പെടലാണ്.
നംഗാർട്ട വെള്ളച്ചാട്ടം
ഇടുങ്ങിയ ഒരു മലയിടുക്കില്‍, നാല്‍പ്പതടിയോളം ഉയരത്തില്‍ നിന്നും വെള്ളം പതിക്കുന്ന സുന്ദരമായ കാഴ്ചയാണ് നംഗാര്‍ട്ടയിലേത്. സംസ്ഥാന പാതയിൽ നിന്ന് 10 കിലോമീറ്റർ അകലെയായി സ്ഥിതിചെയ്യുന്ന ഈ വെള്ളച്ചാട്ടം മഴക്കാലമാകുമ്പോള്‍ വലിയ അലര്‍ച്ചയോടെയാണ് താഴേക്ക് പതിക്കുന്നത്. അതുകൊണ്ടുതന്നെ ഇത് കണ്ടെത്താനും വലിയ പ്രയാസമില്ല.
അംബോളിയിലേക്ക് എങ്ങനെ എത്താം?
മുംബൈ , ഗോവ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് വരുന്ന വിനോദസഞ്ചാരികൾക്കും കൊങ്കൺ റെയിൽവേ വഴി ഓടുന്ന ട്രെയിനുകൾക്കും സാവന്ത്‌വാടി റെയിൽവേ സ്റ്റേഷന്‍ വഴി നേരിട്ട് അംബോളിയിലെത്താം. സാവന്ത്‌വാടി റെയിൽവേ സ്റ്റേഷനിൽ നിന്ന് അംബോളിയിലേക്ക് സ്വകാര്യ കാറുകൾ ലഭ്യമാണ്. കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്നും മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷനിൽ നിന്നുമുള്ള ബസുകൾ ബെൽഗാമിനും സാവന്ത്‌വാടിക്കും ഇടയിൽ അംബോളി വഴി പതിവായി സഞ്ചരിക്കുന്നു. സാംഗ്ലി, കോലാപ്പൂർ സ്റ്റേഷനുകളിൽ നിന്ന് നിപ്പാനി- ഗധിംഗ്‌ലാജ്- അജാര വഴിയാണ് ബസുകൾ അംബോളിയിലേക്ക് പോകുന്നത്.
English Summary: Places To Visit In Amboli