‘സ്ത്രീധനം കിട്ടിയ ഭൂമിയിൽ’ നീലക്കുറിഞ്ഞി പൂത്തു; അതിശയമായി ഇൗ കാഴ്ച
Mail This Article
12 വർഷം കൂടുമ്പോൾ പൂക്കുന്ന അപൂർവയിനം സസ്യങ്ങളാണ് നീലക്കുറിഞ്ഞികൾ. എന്നാലും നീലക്കുറിഞ്ഞി പൂക്കുമ്പോൾ നാടാകെ അറിയും എന്നുള്ളതാണ് സത്യം. ഒരു മല നിറയെ പൂത്തു തന്റെ വസന്തകാലം സഞ്ചാരികളെ അറിയിക്കും. ഓരോ തവണ നീലക്കുറിഞ്ഞി പൂക്കുമ്പോഴും നിരവധി സഞ്ചാരികളാണ് പൂക്കാലം ആസ്വദിക്കാനായി എത്തിച്ചേരുന്നത്. എന്നാൽ ഈ പൂക്കാലം എത്തിയാൽ ആഹ്ലാദിക്കുന്ന വേറൊരു കൂട്ടർ കൂടിയുണ്ട്– തേനീച്ചകൾ. കുറിഞ്ഞി പൂത്താൽ അവർക്ക് ഉത്സവമായി. പണ്ടൊരിക്കൽ കൊടൈക്കനാലിൽ കുറിഞ്ഞി പൂത്ത സമയത്ത് ആ പരിസരങ്ങളിലെ മരങ്ങൾ മുഴുവനും തേനീച്ചക്കൂട് കൊണ്ട് നിറഞ്ഞിരുന്നു. അതിൽ ഒരു മരത്തിൽ 28 തേനീച്ചക്കൂട് വരെ ഉണ്ടായിരുന്നു.
കുറിഞ്ഞിക്കാലം കാട്ടുമക്കൾക്കും വസന്തകാലമാണ്. ഇത്രയും പൂക്കൾ ഒരുമിച്ചു പൂക്കുന്നതിനാൽ അവർ ധാരാളം തേൻ ശേഖരിക്കുകയും അത് നാട്ടിൽ കൊണ്ടുവന്ന് കച്ചവടം നടത്തുകയും ചെയ്യുന്നു. അങ്ങനെ ഒരിക്കൽ കുറിഞ്ഞിത്തേൻ കുടിക്കാൻ എനിക്കും ഭാഗ്യമുണ്ടായി. മൂന്നാറിലെ ഡപ്യൂട്ടി റെയ്‌ഞ്ചർ ആയിരുന്ന ഹരിദാസ് സർ ആയിരുന്നു ആ ഭാഗ്യം എനിക്ക് സമ്മാനിച്ചത്. ആ വർഷം മൂന്നാറിൽ നീലക്കുറിഞ്ഞി പൂത്ത സമയമായിരുന്നു. അന്ന് കാട്ടുമക്കളിൽനിന്നു ശേഖരിച്ച നീലക്കുറിഞ്ഞി തേൻ അദ്ദേഹം എനിക്കും സമ്മാനിച്ചു. അസാധ്യ ടേസ്റ്റ് ആണ് നീലകുറിഞ്ഞി തേനിന്. തേനുകളിൽ ഏറ്റവും മധുരതരം എന്നുതന്നെ പറയാം അതുകൊണ്ടുതന്നെ അതിന്റെ സ്വാദ് ഇന്നും നാവിലുണ്ട്.
പലർക്കും സംശയം തോന്നാം നീലക്കുറിഞ്ഞി 12 വർഷത്തിലൊരിക്കലാണോ പൂക്കുന്നത്, ഇടയ്ക്കിടയ്ക്ക് ചിലയിടങ്ങളിൽ പൂക്കാറുണ്ടല്ലോ എന്ന്.
കുറിഞ്ഞി വിഭാഗത്തിൽപ്പെട്ട മൂന്നൂറോളം ചെടികൾ ലോകത്തുണ്ട്. ഇന്ത്യയിൽത്തന്നെ 46 ഇനം കുറിഞ്ഞികൾ കാണപ്പെടുന്നു. ഇതിൽ 41 ഉം നമ്മുടെ പശ്ചിമഘട്ടമലനിരകളിൽ ആണ്. അതിൽ ഒരു ഇനമാണ് ഇപ്പോൾ പൂത്തിരിക്കുന്നത്. ഇനി എവിടെയാണ് നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത് എന്ന് പറയാം. ആദ്യം പറഞ്ഞത് ശരിയാണ്, സ്ത്രീധനം കിട്ടിയ ഒരു ഭൂമിയിലാണ് ഇത്തവണ നീലക്കുറിഞ്ഞി പൂത്തിരിക്കുന്നത്
കർണാടകയിൽ സക്കാരായ പട്ടണയുടെ തലവൻ രുഗ്മാഗദ തന്റെ ഇളയ മകൾക്ക് സ്ത്രീധനമായി കൊടുത്ത ഈ സ്ഥലത്തിന്റെ പേരാണ് ചിക്കമംഗളൂരു. ഇളയ മകളുടെ ഊരു എന്നാണ് ഈ വാക്കിന്റെ അർഥം. അന്ന് ഇളയ മകൾക്ക് സ്ത്രീധനമായി കൊടുത്ത ഈ മനോഹരമായ പ്രദേശം ഇന്ന് അറിയപ്പെടുന്ന ഒരു ടൂറിസ്റ്റ് കേന്ദ്രവും ജില്ലയുമായി മാറിക്കഴിഞ്ഞു. കർണാടകയുടെ കാപ്പിക്കോപ്പ എന്നാണ് ചിക്കമംഗളൂരു അറിയപ്പെടുന്നത്. ഇന്ത്യയിലെ കാപ്പി കൃഷിക്ക് ആദ്യ വിത്തു പാകിയത് ഇവിടെയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലെ കാപ്പിയുടെ ജന്മദേശം ആയും ഈ നാടിനെ കരുതുന്നു. കർണാടകയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ മുള്ളയനഗിരിയിലും സീതാലായനഗിരിയിലും ബാബാ ബുദ്ധൻഗിരിയിലുമാണ് നീലക്കുറിഞ്ഞി പൂത്തു കിടക്കുന്ന മനോഹര കാഴ്ച ഇപ്പോൾ കാണാൻ കഴിയുന്നത്.
ചിക്കമംഗളൂരു ടൗണിൽനിന്ന് ഏകദേശം 30 കിലോമീറ്റർ ആണ് ഇവിടേക്കുള്ള ദൂരം. ബസ് സർവീസ് നന്നേ കുറവായതുകൊണ്ടുതന്നെ ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികൾ കാറോ ജീപ്പോ വാടകയ്ക്ക് എടുത്തു വേണം മലമുകളിലേക്ക് എത്തിച്ചേരാൻ. സ്വന്തം വാഹനം ഉള്ളവർക്ക് മലയുടെ മുകളിൽ ആ വാഹനത്തിൽ തന്നെ എത്തിച്ചേരാൻ സാധിക്കും. ഇനി ഇവിടെയെത്തിയാലും പ്രകൃതി വിചാരിക്കണം നമ്മൾ നീലക്കുറിഞ്ഞി കാണണമോ വേണ്ടയോ എന്ന്. അത്രയ്ക്ക് കോടമഞ്ഞു പൂത്തു കിടക്കുന്ന മലയോര ഗ്രാമമാണ് ഇവിടം. ഏതുനിമിഷവും കാഴ്ചകൾ മറിച്ച് കോട മൂടാം. എപ്പോൾ വേണമെങ്കിലും ചാറ്റൽമഴ ഉണ്ടാകും. എന്തിനു പറയുന്നു, ഞങ്ങൾ വരുന്നതറിഞ്ഞ് ഞങ്ങളെ കൊണ്ടുപോകാനുള്ള ടാക്സിഡ്രൈവർ രാവിലെ വീട്ടിൽ സ്പെഷൽ പൂജ വരെ നടത്തി എന്ന് പറഞ്ഞാൽ ആരെങ്കിലും വിശ്വസിക്കുമോ. മഞ്ഞും മഴയും മാറി ഞങ്ങൾക്ക് നീലക്കുറിഞ്ഞിയുടെ ഭംഗി ആസ്വദിക്കാൻ കഴിയണം എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രാർഥന. ഓരോ നാട്ടിലും എത്ര വ്യത്യസ്തരായ മനുഷ്യർ, അല്ലേ.
ചിക്കമംഗളൂരു ടൗണിൽ നല്ല വെയിൽ ആയിരുന്നുവെങ്കിൽ മുള്ളയനഗിരിയിലേക്കുള്ള മലകയറി തുടങ്ങിയതും വഴിമുടക്കികളായ ചില ലോറി ഡ്രൈവർമാരെ പോലെ കോടമഞ്ഞും ചെറിയ ചാറ്റൽ മഴയും കൂടെ കൂടി. മുന്നിലേക്കുള്ള പാതയെ പലപ്പോഴും മഞ്ഞു വിഴുങ്ങി. വീശിയടിക്കുന്ന തണുത്ത കാറ്റ് മഞ്ഞുതുള്ളികളെ കാറിന്റെ ഗ്ലാസിനുള്ളിലെ ചെറിയ വിടവിലൂടെ ഞങ്ങളുടെ ശരീരത്തിലേക്കു വാരിയിട്ടു. പെട്ടെന്ന് എല്ലാവരും ജാക്കറ്റിനുള്ളിൽ കയറി. കുറച്ചു ദൂരം പിന്നിട്ടപ്പോൾ അങ്ങ് ദൂരെ നീലക്കുറിഞ്ഞി പൂത്ത നീലമല കണ്ടു തുടങ്ങി. അത് കണ്ടതും ഞങ്ങൾ ആവേശത്തിലായി. വാഹനത്തിന്റെ മഞ്ഞവെളിച്ചം മുന്നിൽ കണ്ട മഞ്ഞുപാളികളെ കീറിമുറിച്ച് മുന്നോട്ടു കുതിച്ചു.
അവസാനം മലമുകളിൽ എത്തിച്ചേർന്നിരിക്കുന്നു. ആകാശം എവിടെ? ഭൂമി എവിടെ? നീലക്കുറിഞ്ഞി എവിടെ ? എന്ന ചോദ്യങ്ങൾക്കൊന്നും ഉത്തരം ഇല്ല. എങ്ങും വെള്ളപ്പുക പോലെ കോടമഞ്ഞ് മൂടി നിൽക്കുന്നു. തൊട്ടു മുന്നിൽ നിൽക്കുന്ന ഞങ്ങളുടെ ചങ്ങാതിമാരെ പോലും കാണാൻ കഴിയുന്നില്ല. വൈകുന്നേരമാകുന്നു. ഇനി ഇത് മാറാൻ ചാൻസ് ഇല്ല എന്ന് ആരോ വിളിച്ചു പറയുന്നു. ഞങ്ങളുടെ സാരഥിയായ മഞ്ജുനാഥ് അപ്പോഴും ആത്മവിശ്വാസം കൈവിട്ടില്ല അദ്ദേഹം കെജിഎഫ് സിനിമയിലെ ഡയലോഗ് പോലെ പറഞ്ഞുകൊണ്ടേയിരുന്നു: ‘‘എന്റെ പ്രാർത്ഥന ഫലിക്കും സാർ, നിങ്ങൾക്ക് നീലക്കുറിഞ്ഞി കാണാൻ സാധിക്കും സാർ.’’
അദ്ദേഹത്തിന്റെ ആ മാസ് ഡയലോഗിൽ കുറച്ചു സമയം ഞങ്ങൾ കാത്തിരിക്കാൻ തയ്യാറായി. തണുപ്പത്ത് അടുപ്പു പുകയുന്നത് കണ്ടാൽ വല്ലാത്തൊരു കൊതിയാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെംപ്റ്റേഷനുകളിൽ ഒന്ന്. അങ്ങനെ മഞ്ഞുപെയ്യുന്ന ആ വൈകുന്നേരത്ത് ഒരു ചോളവും രണ്ട് ബ്രഡ് ഓംലെറ്റും അകത്താക്കി. അത് കഴിക്കുമ്പോഴും ഞാൻ ചിന്തിക്കുകയായിരുന്നു, ഇങ്ങു കന്യകുമാരി മുതൽ അങ്ങ് കശ്മീർ വരെ ഏതു തണുപ്പുള്ള നാട്ടിൽ ചെന്നാലും പല ഭാഷകൾ, പല സംസ്കാരങ്ങൾ, പല വർണ്ണങ്ങൾ. പക്ഷേ അവിടെ എല്ലാം കഴിക്കാൻ ഒരേ ഒരു ആഹാരം മാത്രം. അതാണ് ബ്രെഡ് ഓംലറ്റ്. എന്തായാലും തണുത്തു വിറച്ച ആത്മാവിനു ശാന്തി ലഭിച്ചു. പുറത്തു മഞ്ഞു പെയ്യുകയാണോ മഴ പെയ്യുകയാണോ എന്നുപോലും തിരിച്ചറിയാൻ കഴിയുന്നില്ല എവിടെ നോക്കിയാലും ചെറുതുള്ളികൾ ഞങ്ങളെ നനച്ചു കൊണ്ടേയിരിക്കുന്നു അൽപസമയത്തിനകം താഴ്വാരങ്ങളിൽ നിന്നും ശീതക്കാറ്റ് വീശിയടിച്ചു. വീണ്ടും ഞങ്ങളെ തണുപ്പിക്കാനുള്ള മാർഗ്ഗം എന്ന് തെറ്റിദ്ധരിച്ചു. അല്പസമയത്തിനകം സാരഥി വിളിച്ചുപറഞ്ഞു: ‘‘നിങ്ങളുടെ സമയം തെളിഞ്ഞു സർ’’
ശബ്ദം കേട്ട് ഞങ്ങൾ ആ മല മുകളിലേക്ക് നോക്കി. വീശിയടിച്ച കാറ്റ് അവിടെ തളം കെട്ടി നിന്ന മഞ്ഞിനെയും വലിച്ചു മാറ്റി മലയുടെ പുറകിലേക്ക് പോയിരിക്കുന്നു. അദ്ദേഹത്തിന്റെ ആ വെപ്രാളത്തിൽനിന്നു മനസ്സിലായി അടുത്ത കോടമഞ്ഞ് ഏത് നിമിഷം വേണമെങ്കിലും കടന്നുവരാം. എപ്പോൾ വേണമെങ്കിലും കാഴ്ചകൾ മറച്ചേക്കാം. ഞൊടിയിടയിൽ ക്യാമറയും എടുത്ത് മലയിലേക്ക് ഓടിക്കയറി. മഞ്ഞുതുള്ളികൾ ഇറ്റിറ്റു വീഴുന്ന നീലക്കുറിഞ്ഞികളെ ക്യാമറയിലാക്കാൻ തുടങ്ങി. മഴയിൽ കുളിച്ച് മഞ്ഞിൽ തണുത്തു വിറച്ചു നിൽക്കുന്ന കുറിഞ്ഞിപ്പൂക്കൾ ഒന്നും മിണ്ടാൻ കഴിയാത്ത തരത്തിൽ തണുത്ത് മരവിച്ച് നിൽക്കുന്നു.
നീലക്കുറിഞ്ഞികൾ പൂത്തു എന്ന് പുറംലോകത്തെ അറിയിക്കാനായി നിമിഷനേരംകൊണ്ട് കുറച്ചു ക്ലിക്കുകൾ ക്യാമറയിലാക്കി. അധികം താമസിയാതെതന്നെ പോയ കോടമഞ്ഞ് വീണ്ടും തിരിച്ചുവന്നു. ഇത്തവണ കൂട്ടിനായി ശക്തമായ മഴത്തുള്ളികളും. ആ മഴയെയും മഞ്ഞിനേയും ചെറുത്തുതോൽപ്പിക്കാൻ ഞങ്ങൾക്ക് ആയില്ല. വേഗം ക്യാമറയുമായി ഓടി വണ്ടിയിൽ കയറി.
ഇനി അവിടെ നിന്നിട്ട് കാര്യമില്ല എന്ന് ഞങ്ങൾക്ക് മനസ്സിലായി പതുക്കെ മലയിറങ്ങാൻ തുടങ്ങി. ഇത്രയും നല്ല കാഴ്ചകൾ കാണാനായി ഞങ്ങളെ ചിക്കമംഗളൂരിലേക്ക് വിളിച്ചുവരുത്തിയ സാരഥി മഞ്ജുനാഥിന് നന്ദി പറഞ്ഞ് ഞാനും അരുണും പ്രദീപും വീണ്ടും കാണാം എന്ന ശുഭപ്രതീക്ഷയിൽ മലയിറങ്ങി.
വരുന്ന പൂജാ വെക്കേഷന് എവിടെ പോകണം എന്നു ചിന്തിക്കുന്ന സഞ്ചാരികൾക്ക് ചിക്കമംഗലൂരു ഒരു നല്ല ഓപ്ഷൻ ആയിരിക്കും ഇപ്പോൾ എത്തിച്ചേർന്നാൽ നീലക്കുറിഞ്ഞിയും കാണാം വേണ്ടുവോളം മഞ്ഞും തണുപ്പും ഒക്കെ ആസ്വദിച്ചു തിരികെ പോരുകയും ചെയ്യാം.
English Summary: Neelakurinji blooms in Chikkamagaluru hill stations