ഈ സ്പാനിഷ് നഗരം ഹോട്ടലുകൾ നിരോധിക്കാൻ ഒരുങ്ങുന്നു, കാരണം ഓവർ ടൂറിസം
Mail This Article
ചിലപ്പോൾ നിങ്ങളിൽ പലരും ബാസ്ക് രാജ്യത്തെക്കുറിച്ച് കേട്ടിരിക്കാൻ സാധ്യതയില്ല. പക്ഷേ യൂറോപ്പിലെ ഏറ്റവും പഴയ സംസ്കാരങ്ങളിലൊന്നാണ് ബാസ്‌ക് രാജ്യം. സ്‌പെയിനിലെ മറ്റ് ഭാഗങ്ങളെപ്പോലെയല്ല. ഫ്രാൻസിന്റെ അതിർത്തിക്കടുത്തുള്ള വടക്കൻ അറ്റ്ലാന്റിക് തീരത്ത് സ്ഥിതി ചെയ്യുന്ന, പ്രാദേശികമായി യൂസ്‌കാഡി അല്ലെങ്കിൽ പൈസ് വാസ്കോ എന്നറിയപ്പെടുന്ന ഈ രാജ്യം അതിന്റേതായ ഭാഷയും പാചക പാരമ്പര്യങ്ങളും വ്യതിരിക്തമായ ഭൂമിശാസ്ത്രപരവും സാംസ്‌കാരികവും കൊണ്ടു സഞ്ചാരികൾക്കിടയിൽ പേരെടുത്തിട്ടുള്ളതാണ്. അതിന്റെ മഹത്തായ പൈതൃകം സ്പാനിഷ് നഗരമായ സാൻ സെബാസ്റ്റ്യനെയും രൂപപ്പെടുത്താൻ സഹായിച്ചിട്ടുണ്ട്. ആളുകൾ അവിടേക്ക് ഒഴുകുന്നതിനു ഇതു തന്നെ കാരണം. എന്നാൽ വിനോദസഞ്ചാരികളുടെ എണ്ണം പരിമിതപ്പെടുത്താൻ നഗരം ചില നിയന്ത്രങ്ങളിലേക്കു കടക്കുകയാണ്. അതിൽ പ്രധാനമാണ് ഹോട്ടലുകളുടെ നിരോധനം. നഗരത്തിൽ ഇനി പുതിയ ഹോട്ടലുകൾ തുറക്കാൻ അധികൃതർ അനുമതി നൽകില്ല. ഓവർ ടൂറിസം കാരണം നന്നേ കഷ്ടപ്പെടുന്ന യൂറോപ്യൻ നഗരങ്ങളിൽ ഒന്നുകൂടിയാണ് സാൻ സെബാസ്റ്റ്യൻ.
ഹോട്ടലുകൾ നിരോധിക്കുക എന്നതിനർത്ഥം നഗരത്തിലുള്ള താമസം ആസാധ്യമാക്കുക എന്നല്ല. ഇനി പുതിയ ഹോട്ടലുകളും ടൂറിസ്റ്റ് അപാർട്ടുമെന്റുകളും തുറക്കുന്നത് നിരോധിക്കാനാണ് സിറ്റി ഉദ്യോഗസ്ഥർ ആഗ്രഹിക്കുന്നത്. നഗരത്തിലെ ചില പ്രദേശങ്ങൾ സ്വദേശവത്കരിക്കാനും അധികൃതർക്കു പദ്ധതിയുണ്ട്. സാൻ സെബാസ്റ്റ്യൻ അധികൃതരുടെ അഭിപ്രായത്തിൽ നഗരത്തിൽ വിനോദസഞ്ചാരികൾക്കുള്ള അവധിക്കാല താമസസൗകര്യങ്ങൾ ഇതിനകം തന്നെ സമൃദ്ധമായിട്ടുണ്ട്. നഗരത്തിന്റെ അവസ്ഥയെക്കുറിച്ചുള്ള ഒരു റിപ്പോർട്ടിൽ ജനറൽ അർബൻ പ്ലാനിങ്, ഭക്ഷണത്തിന്റെയും സംസ്‌കാരത്തിന്റെയും ഗുണനിലവാരത്തിലുണ്ടായ ഇടിവ് തുടങ്ങി ടൂറിസം മൂലമുണ്ടാകുന്ന ചില പ്രതികൂല പ്രത്യാഘാതങ്ങളെക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. വിനോദസഞ്ചാരികളുടെ എണ്ണം നഗരവാസികൾക്ക് വളരെ അസുഖകരമായിരിക്കുന്നുവെന്നും അതിൽ പരാമർശിക്കുന്നു. പുതിയ നടപടിയോടെ നഗരത്തെ പ്രദേശവാസികൾക്ക് കൂടുതൽ താമസയോഗ്യമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് അധികൃതർ. യൂറോപ്പിലോ സ്പെയിനിലോ ഇങ്ങനെ ചെയ്യുന്ന ആദ്യത്തെ സ്ഥലമല്ല ഇത്. ഈ വർഷം, ഇറ്റലിയിലെ ഫ്ലോറൻസ് എല്ലാ പുതിയ Airbnb കളും ഷോർട്ട്-ലെറ്റ് റെന്റലുകളും നിരോധിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
ബാസ്കിന്റെ ഹൃദയനാഡിയായ നഗരം
ലോകത്തിലെ ഏറ്റവും പ്രിയപ്പെട്ട നഗരങ്ങളിലൊന്നാണ് സാൻ സെബാസ്റ്റ്യൻ. ബാസ്‌ക് രാജ്യത്തിലെ ഈ ചെറിയ സമുദ്രാതിർത്തി നഗരമാണ് ഡൊനോസ്റ്റിയ എന്നും അറിയപ്പെടുന്ന ഇത്. 2023 ലെ കോണ്ടെ നാസ്റ്റ് ട്രാവലറിന്റെ റീഡേഴ്‌സ് ചോയ്‌സ് അവാർഡുകളിൽ യൂറോപ്പിലെ ഏറ്റവും മികച്ച നഗരമായും ഭക്ഷണത്തിനുള്ള ഏറ്റവും മികച്ച നഗരമായും തിരഞ്ഞെടുക്കപ്പെട്ട നഗരമാണിത്. ലോകത്തിലെ ഏറ്റവും മികച്ച ചില റസ്റ്റോറന്റുകൾ സാൻ സെബാസ്റ്റ്യനിലാണ്. സമ്പന്നമായ ചരിത്രവും ഒപ്പം താമസിക്കാനുള്ള മികച്ച സ്ഥലങ്ങളും എല്ലാം കൊണ്ട് സമ്പന്നമായ നാടാണിത്.സാൻ സെബാസ്റ്റ്യൻ തലസ്ഥാനമായ ഗൈപുസ്‌കോവ പ്രവിശ്യ കടലും പർവതങ്ങളും സമന്വയിപ്പിച്ച് സഞ്ചാരികൾക്കു ഭൂപ്രകൃതിയും കായിക വിനോദങ്ങളും പാചകരീതികളും രസകരമായ സ്മാരകങ്ങളും ഒരേസമയം വാഗ്ദാനം ചെയ്യുന്നു. ബാസ്ക് പാചകരീതി ലോകപ്രശസ്തമാണ്.
സാൻ സെബാസ്റ്റ്യൻ കാഴ്ചകൾ പഴയ പട്ടണത്തിലെ വാറൻ റസ്റ്ററന്റിൽ നിന്നും ആരംഭിക്കുന്നു. ഈ റസ്റ്ററന്റിലും ബാർ നിറഞ്ഞ തെരുവുകളിലും നടന്ന് നഗരത്തിലെ ഏറ്റവും മികച്ച മ്യൂസിയങ്ങൾ സന്ദർശിച്ച്, പ്രത്യേകിച്ച് സാൻ ടെൽമോ മ്യൂസിയം, പ്രാദേശിക കപ്പൽ നിർമ്മാണത്തിന്റെ ചരിത്രം, ബാസ്‌ക് സംസ്കാരം, കല, പുരാവസ്തുശാസ്ത്രം എന്നിവയെല്ലാം അറിയാനാകും. 16-ം നൂറ്റാണ്ടിലെ ഡൊമിനിക്കൻ കോൺവെന്റും അതിന്റെ ആധുനിക അനുബന്ധവും നഗരത്തിലെ പ്രധാന കാഴ്ചകളിലൊന്നാണ്. നഗരത്തിൽ നിന്നുള്ള ബിസ്‌കേ ഉൾക്കടൽ വന്യവും അങ്ങേയറ്റം മനോഹരവുമാണെന്നു നിങ്ങൾക്കു കാണാം, സർഫർമാരുടെ പറുദീസയാണ് സാൻ സെബാസ്റ്റ്യൻ.