കേരളത്തിൽ നിന്ന് ലണ്ടനിലേക്ക് ; 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റർ സൈക്കിൾ യാത്ര
Mail This Article
കോഴിക്കോട്∙ 15 മാസങ്ങൾ ഒരു മനുഷ്യൻ സൈക്കിൾ ചവിട്ടി തന്റെ ലക്ഷ്യസ്ഥാനത്തെത്തിയിരിക്കുന്നു. ഇങ്ങു കേരളത്തിൽനിന്നാണ് ചവിട്ടിത്തുടങ്ങിയത് . 30 രാജ്യങ്ങളിലൂടെ 22,800 കിലോമീറ്റർ യാത്ര ചെയ്ത് എത്തിച്ചേർന്നത് അങ്ങു ലണ്ടനിലാണ്.
കോഴിക്കോട് തലക്കുളത്തൂർ കച്ചേരിവളപ്പ് പരേതനായ അഷ്റഫിന്റെയും ഫൗസിയയുടെയും മകൻ ഫായിസ് അഷ്റഫ് അലിയാണ് ലണ്ടൻ വരെ സൈക്കിളിൽ യാത്ര ചെയ്ത് ചരിത്രമെഴുതിയത്.
ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന്റെ എഴുപത്തിയഞ്ചാം വാർഷികം പ്രമാണിച്ചാണ് ഫായിസ് ലണ്ടൻ യാത്ര തുടങ്ങിയത്. ‘ഹൃദയത്തിൽനിന്ന് ഹൃദയത്തിലേക്ക്’ എന്നതായിരുന്നു യാത്രയുടെ മുദ്രാവാക്യം. ആരോഗ്യ സംരക്ഷണം, ലോകസമാധാനം, സീറോ-കാർബൺ ഉറപ്പാക്കൽ, ലഹരിവിരുദ്ധ സന്ദേശങ്ങളുമായാണ് യാത്ര ചെയ്തത്. ടീം എക്കോ വീലേഴ്സിന്റെയും റോട്ടറി ഇന്റർനാഷലിന്റെയും സഹായത്തോടെയാണ് ഫായിസ് സൈക്കിളുമായി യാത്ര തുടങ്ങിയത്. സൈക്കിളിൽ രണ്ട് ഭൂഖണ്ഡങ്ങൾ താണ്ടുകയെന്നതാണ് അപൂർവത. ഓഗസ്റ്റ് 15ന് തിരുവനന്തപുരത്തുവച്ച് മന്ത്രി വി.ശിവൻകുട്ടിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
35 രാജ്യങ്ങളിലൂടെ 30,000 കിലോമീറ്റർ സഞ്ചരിച്ച് 450 ദിവസം കൊണ്ട് ലണ്ടനിൽ എത്തിച്ചേരുക എന്നതാണ് ഫായിസ് പദ്ധതിയിട്ടത്. തിരുവനന്തപുരത്ത് 2022 ഓഗസ്റ്റ് 15ന് മന്ത്രി വി.ശിവൻകുട്ടിയാണ് യാത്ര ഫ്ലാഗ് ഓഫ് ചെയ്തത്.
ഇന്ത്യയിൽനിന്ന് തുടങ്ങിയ യാത്ര ഒമാൻ, സൗദി, ഖത്തർ, ബഹറൈൻ, കുവൈത്ത്, ഇറാഖ്, ഇറാൻ, അർമീനിയ, ജോർജിയ, തുർക്കിയ, ഗ്രീസ്, മാസിഡോണിയ, സെർബിയ, ക്രൊയേഷ്യ, സ്ലോവേനിയ,ഓസ്ട്രിയ, സ്്ലോവാക്യ, ഹംഗറി, ചെക്ക്, ജർമനി, ഡെൻമാർക്, നോർവേേ, പോളണ്ട്, സ്വീഡൻ, നെതർലന്റ്സ്, ബെൽജിയം, ഫ്രാൻസ് എന്നീ രാജ്യങ്ങൾ വഴിയാണ് യുകെയിലെത്തിയത്.
അമേരിക്കൻ കമ്പനിയുടെ സർലേഡിസ്ക്ക് ട്രക്കർ സൈക്കിളിലാണ് ഫായിസ് ലണ്ടനിലെത്തിയത്. റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് സൺറൈസിലെ അംഗമാണ് ഫായിസ് അലി.
യുകെ അതിർത്തിയിൽ ഫായിസിനെ സ്വീകരിക്കാൻ മാതാവ് കെ.പി.ഫൗസിയ എത്തിയിരുന്നു. കൂർഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റൽ സയൻസിൽ അസി.പ്രഫസറായ ഭാര്യ ഡോ. അസ്മിൻ ഫായിസും മക്കളായ ഫഹ്സിൻ ഒമറും ഇസിൻ നഹേലുമടങ്ങുന്ന കുടുംബം ഫായിസിന്റെ സ്വപ്നയാത്രയുടെ ഫിനിഷിങ് പോയന്റിൽ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
വിപ്രോയിൽ ജീവനക്കാരനായിരുന്ന ഫായിസ് തന്റെ സ്വപ്നങ്ങളിലേക്ക് യാത്ര ചെയ്യാനായി ജോലി രാജി വയ്ക്കുകയായിരുന്നു. 2019ൽ കോഴിക്കോട്ടുനിന്ന് സിംഗപ്പൂരിലേക്കാണ് ആദ്യമായി സൈക്കിളിൽ യാത്ര ചെയ്തത്. ഒളിംപിക്സ് കണ്ടശേഷം ഓഗസ്റ്റ് 15നാണ് ഫായിസ് നാട്ടിൽ തിരിച്ചെത്തുക.