ADVERTISEMENT

പുതിയ കാലത്തെ ചില പ്രശ്നങ്ങൾക്ക് പുതിയ രീതിയിൽ തന്നെ പരിഹാരം കാണണം. അത് പഴമയിൽ നിന്ന് കടം കൊണ്ടിട്ടാണെങ്കിലും. വിലക്കു ലംഘിച്ച് ഒരു പറ്റം യുവാക്കൾ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ തുടങ്ങിയപ്പോൾ പൊലീസുകാർ ഒരുവേള ഉടയാട മോഷ്ടാക്കളായി. പറഞ്ഞിട്ടും മനസ്സിലാകുന്നില്ല, വിലക്കുള്ള ബോർഡ് കണ്ടിട്ടും മനസ്സിലാകുന്നില്ലെങ്കിൽ ഇത് ഒരു പടി കടന്നു പൊലീസുകാരും ചിന്തിച്ചു പോകും. എഴുതിവച്ചിട്ടും പറഞ്ഞിട്ടും മനസ്സിലാകാത്ത സഞ്ചാരികളോട് ഇത്രയുമല്ലേ പൊലീസ് ചെയ്തുള്ളൂ എന്നതാണ് ഏക ആശ്വാസം. ഏതായാലും പൊലീസിന്റെ നടപടിക്ക് സോഷ്യൽ മീഡിയയും കൈയടിച്ചിരിക്കുകയാണ്. 

കർണാടകയിലെ ചിക്കമംഗളൂർ മേഖലയിലെ മുഡിഗെരെയിലെ ചർമാഡി വെള്ളച്ചാട്ടം സന്ദർശിക്കാൻ എത്തിയ വിനോദസഞ്ചാരികൾക്കാണ് ഒരിക്കലും മറക്കാൻ കഴിയാത്ത വ്യത്യസ്തമായ ഒരു അനുഭവം ഉണ്ടായത്. മൺസൂൺ ശക്തമായതിനെ തുടർന്ന് വെള്ളച്ചാട്ടത്തിന് സമീപം ജാഗ്രതാ നിർദ്ദേശവും വെള്ളച്ചാട്ടത്തിൽ ഇറങ്ങരുതെന്ന നിർദ്ദേശവും എഴുതി വച്ചിരുന്നു. എന്നാൽ ഈ നിർദ്ദേശങ്ങൾ എല്ലാം ലംഘിച്ച് വെള്ളച്ചാട്ടം കാണാൻ എത്തിയ യുവാക്കൾ വസ്ത്രങ്ങൾ സമീപത്ത് അഴിച്ചു വച്ച് വെള്ളച്ചാട്ടത്തിൽ കുളിക്കാൻ കയറി. വലിയ പാറക്കെട്ടുകൾക്ക് താഴെയാണ് വെള്ളച്ചാട്ടം. പാറകളിൽ കയറിയും വെള്ളത്തിൽ കുളിച്ചും യുവാക്കൾ നിയമലംഘനം പൂർത്തിയാക്കി.

'അടിക്കുന്ന വഴിയേ പോകുന്നില്ലെങ്കിൽ പോകുന്ന വഴിയേ അടിക്കണം' എന്നൊരു ചൊല്ലുണ്ട്. മുന്നറിയിപ്പ് നിർദ്ദേശങ്ങൾ അവഗണിച്ച് വെള്ളച്ചാട്ടത്തിൽ ചാടാൻ പോയവരോട് ഇനി ഉപദേശം കൊണ്ടൊന്നും കാര്യമില്ലെന്ന് പൊലീസിനും മനസ്സിലായി. സ്ഥലത്ത് എത്തിയ ചിക്കമംഗളൂർ ഡിവിഷൻ പൊലീസ് ഓഫീസർമാർക്ക് രണ്ടാമതൊന്ന് ആലോചിക്കാൻ ഉണ്ടായിരുന്നില്ല. വെള്ളച്ചാട്ടത്തിൽ ഇറങ്ങാനായി യുവാക്കൾ അഴിച്ചു വച്ച വസ്ത്രങ്ങൾ കണ്ടു. പിന്നൊന്നും നോക്കിയില്ല പൊലീസ് ആ ഉടയാടകളും എടുത്തിങ്ങ് പോന്നു.

സംഭവം കൈവിട്ടു പോയെന്ന് മനസ്സിലാക്കിയ യുവാക്കൾ 'സാർ, സാർ' എന്ന് വിളിച്ച് പൊലീസിന്റെ പിന്നാലെ നടക്കുന്നത് സോഷ്യൽ മീഡിയയിൽ വൈറലായ വിഡിയോയിൽ കാണാം. യുവാക്കളുടെ ദയനീയമായ വിളിയിൽ അലിഞ്ഞ പൊലീസുകാർ കർശനമായ താക്കീതും സുരക്ഷാ മാർഗനിർദ്ദേശങ്ങളും നൽകിയതിനു ശേഷം വസ്ത്രങ്ങളും തിരികെ നൽകി. മഴക്കാലം ശക്തമായതോടെ ജൂലൈ ഒന്നുമുതൽ വെള്ളച്ചാട്ടങ്ങളിൽ വിനോദസഞ്ചാരികളുടെ പ്രവേശനം കർണാടക സർക്കാർ വിലക്കിയിരുന്നു. എന്നാൽ ഇത് ലംഘിച്ച് ആയിരുന്നു യുവാക്കൾ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയത്. ഏതായാലും പൊലീസിന്റെ വ്യത്യസ്തമായ രീതിയിലുള്ള ഈ നടപടിക്ക് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനമാണ്. ഇത്തരം നടപടികൾ നാടെങ്ങും വ്യാപിപ്പിക്കണമെന്നാണ് നെറ്റിസൺസ് ആവശ്യപ്പെടുന്നത്.

കർണാടകയിലെ മുഡിഗെരെയിലുള്ള ചർമാഡി വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികളാണ് എത്താറുള്ളത്. വെള്ളച്ചാട്ടം മാത്രമല്ല ഇതിന്റെ ചുറ്റുമുള്ള പ്രദേശങ്ങളും മനോഹരമാണ്. മഴക്കാലത്ത് കൂടുതൽ ശക്തമാകുന്ന ഈ വെള്ളച്ചാട്ടം കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടേക്ക് എത്താറുള്ളത്. എന്നാൽ, പാറകളിൽ വഴുക്കൽ ഉണ്ടാകുന്നതിനാൽ മഴക്കാലത്ത് ഈ വെള്ളച്ചാട്ടം അങ്ങേയറ്റം അപകടകരവുമാണ്. അതുകൊണ്ട് തന്നെ മുന്നറിയിപ്പ് ബോർഡുകളും മറ്റും ഉണ്ടാകാറുണ്ട്.

വേദനയായി ആൻവി കാംദാർ

കർണാടകയിലെ പൊലീസ് സ്വീകരിച്ച രീതിക്ക് കൈയടിക്കുമ്പോൾ തന്നെ വെള്ളച്ചാട്ടത്തിൽ ജീവൻ പൊലിഞ്ഞ വ്ളോഗർ ആൻവി കാംദാർ വേദനയാവുകയാണ്. മഹാരാഷ്ട്രയിലെ റായ്ഗഡിലുള്ള കുംഭെ വെള്ളച്ചാട്ടത്തിന്റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആയിരുന്നു ഇൻഫ്ലുവൻസറും ട്രാവൽ വ്ളോഗറുമായ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീണത്.  റീൽസ് എടുക്കുന്നതിനെ കാൽ വഴുതി വീഴുകയായിരുന്നു. ആറു മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിൽ ആയിരുന്നു ആൻവിയെ പുറത്തെടുക്കാൻ കഴിഞ്ഞത്. വീഴ്ചയിൽ ഗുരുതരമായി പരിക്കേറ്റ ആൻവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിക്കുകയായിരുന്നു.

English Summary:

Viral Video Shows Tourists Disciplined by Police at Karnataka’s Charmadi Falls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com