തീരം നിറയെ വജ്രക്കല്ലുകളോ? ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ച!

Mail This Article
ജാപ്പനീസ് ദ്വീപായ ഹോക്കൈഡോയില്‍ എത്തുന്ന സഞ്ചാരികളെ കാത്തിരിക്കുന്ന ഒരു മനോഹര കാഴ്ചയുണ്ട്, നദിക്കരയില്‍ നീളെ വജ്രക്കല്ലുകള്‍ പോലെ പരന്നുകിടക്കുന്ന ഐസ് കട്ടകള്‍. സൂര്യപ്രകാശമേറ്റ് അവ തിളങ്ങുമ്പോള്‍ ലോകത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകളില്‍ ഒന്നാണിത്.

എല്ലാ വര്‍ഷവും ശൈത്യകാലത്താണ് ഈ കാഴ്ച കാണാനാവുക. കൃത്യമായി പറഞ്ഞാല്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍. ഈ സമയത്ത് ദ്വീപിലെ ടോകാച്ചി നദിയിലെ വെള്ളം തണുത്തുറയുന്നു. ചുറ്റുമുള്ള കടലിലെ തിരമാലകളുടെ ശക്തി മൂലം ഇവ ചെറിയ കഷ്ണങ്ങളായി ഉടയുന്നു. ഇത് കരക്കടിയുന്നു. അപ്പോഴേക്കും ഇവ കൂടുതല്‍ മിനുസമാര്‍ന്ന പരലുകളായി മാറിയിട്ടുണ്ടാകും. ഇങ്ങനെയുള്ള ആയിരക്കണക്കിന് ഐസ് കഷ്ണങ്ങള്‍ തീരത്തടിയുന്ന കാഴ്ച കാണാന്‍ നിരവധി സഞ്ചാരികള്‍ വര്‍ഷംതോറും ഇവിടെയെത്താറുണ്ട്.
നദിയിലെ ജലത്തില്‍ ലവണാംശമോ അഴുക്കുകളോ ഇല്ല. മാത്രമല്ല, കൂടുതല്‍ സമയമെടുത്താണ് ഇവ മുഴുവന്‍ ഐസ് കട്ടകളായി മാറുന്നത്. അതുകൊണ്ടുതന്നെ, ഇവയ്ക്കുള്ളില്‍ വായുകുമിളകളോ അഴുക്കോ ഒന്നും ഉണ്ടാവില്ല. അതാണ് ഇവയ്ക്ക് വജ്രക്കട്ടകള്‍ പോലുള്ള തിളക്കം നല്‍കുന്നത്.
ജപ്പാനിലെ എറ്റവും വലിയ രണ്ടാമത്തെ ദ്വീപാണ് ഹോക്കൈഡോ. ജപ്പാന്‍റെ വടക്കേയറ്റത്ത്, റഷ്യക്ക് സമീപമായി സ്ഥിതിചെയ്യുന്ന ഹൊക്കൈഡോ ദ്വീപ്, ജപ്പാൻ കടൽ, ഔഖോസ്റ്റ്ക്, ശാന്തസമുദ്രം എന്നിവയാൽ ചുറ്റപ്പെട്ടുകിടക്കുന്നു. ദ്വീപിന്‍റെ മധ്യഭാഗത്തായി ധാരാളം പർവതങ്ങളും അഗ്നിപർവ്വതപീഠഭൂമികളുമുണ്ട്. കൊമ, ഉസു,ഷൊവ ഷിൻസാൻ, ട്രൗമായ്, ടൊകാചി (ഡൈസെറ്റ് സുസാൻ), മിയകാൻ എന്നിവയാണ് ഇവിടത്തെ പ്രധാന അഗ്നിപര്‍വ്വതങ്ങള്‍. 1850-നു ശേഷം ഒരു പ്രാവശ്യമെങ്കിലും പൊട്ടിത്തെറിച്ചിട്ടുള്ളതിനാല്‍ ഇവയെ സജീവ അഗ്നിപര്‍വ്വതങ്ങളായി കണക്കാക്കുന്നു.
ഹൊക്കൈഡോ തുറമുഖം ഹോൺഷു ദ്വീപിനെ അഭിമുഖീകരിച്ചാണ് സ്ഥിതിചെയ്യുന്നത്. ജപ്പാനിലെ എറ്റവും വലുതും എറ്റവും കൂടുതൽ ജനസംഖ്യ ഉള്ളതുമായ ദ്വീപാണ് ഹോൺഷു. ലോകത്തിലെ എറ്റവും വലിയ സജീവ അഗ്നിപർവതമായ മൗണ്ട് ഫ്യൂജിയും രണ്ടാം ലോക മഹാ യുദ്ധക്കാലത്ത് അമേരിക്ക ആദ്യമായി അണു ബോംബ് വർഷിച്ച ഹിരോഷിമയും ഹോൺഷുവിലാണ്. ത്സുഗാരു കടലിടുക്ക് ഹോൺഷു ദ്വീപിനെ ഹൊക്കൈഡൊ ദ്വീപിൽനിന്നും വേർതിരിക്കുന്നു. ഹോൺഷുവുമായി സമുദ്രത്തിനടിയിലൂടെ സൈകെൻ ടണൽ എന്ന റെയിൽവേ തുരങ്കത്തിലൂടെ ഹൊക്കൈഡോയെ ബന്ധിപ്പിച്ചിട്ടുണ്ട്. ഹൊക്കൈഡോ പ്രവിശ്യയില്‍ റിഷ്രി, ഒകുഷിരി, റെബൻ എന്നീ ദ്വീപുകളും ഉൾപ്പെടുന്നു.
വിനോദസഞ്ചാരം ഹൊക്കൈഡോ ദ്വീപിന്‍റെ ഒരു പ്രധാന വരുമാനസ്രോതസ്സാണ്. പ്രത്യേകിച്ചും വേനൽക്കാലത്ത് ജപ്പാനിലെയും മറ്റ് ഏഷ്യൻ രാജ്യങ്ങളിലെയും ചൂടുള്ള പ്രദേശങ്ങളില്‍ നിന്ന് നിരവധി സടര്ഷകര്‍ ഹോക്കൈഡോയിലേക്ക് പറന്നെത്തുന്നു. ശൈത്യകാലത്ത്, സ്കീയിംഗും മറ്റ് ശൈത്യകാല കായിക വിനോദങ്ങളും ഇവിടെ അരങ്ങേറാറുണ്ട്. ഉയർന്ന ഗുണനിലവാരമുള്ള സമുദ്രവിഭവങ്ങള്‍ക്കും പേരുകേട്ടതാണ് ഹൊക്കൈഡോ ദ്വീപ്.
English Summary: Beach in Hokkaido Fills With Glittering Gemstones in Winter