അഹന്തയ്ക്കുമേൽ ആദ്യതാഡനം
Mail This Article
രാമശരമേറ്റ പൊന്മാൻ രാക്ഷസരൂപിയായിത്തീരുന്നു. ശ്രീരാമന്റെ ശബ്ദത്തിലാണു വിലാപം. ലോകവാസികൾക്കാർക്കും ജയിക്കാനാവില്ല രാമനെ എന്നറിയില്ലേ? അദ്ദേഹത്തിൽനിന്ന് ഇങ്ങനെയൊരാർത്തനാദം ഉയരില്ലെന്നതു സ്പഷ്ടമല്ലേ? ഭർത്താവിന്റെ വിലാപം കേട്ടു പരിഭ്രമിക്കുന്ന സീതാദേവിക്കു പക്ഷേ, ലക്ഷ്മണന്റെ ഈ ന്യായങ്ങളൊന്നും വിശ്വസിക്കാൻ വയ്യ.
ചെവിരണ്ടും പൊത്തിപ്പോകുന്നത്ര നികൃഷ്ടമായ ആരോപണങ്ങളാണ് ലക്ഷ്മണനു കേൾക്കേണ്ടിവരുന്നത്. ഭരതനു ജ്യേഷ്ഠനെ ഇല്ലാതാക്കാനാണ് നീ അടുപ്പംഭാവിച്ചു പുറപ്പെട്ടത്, അല്ലേ? രാമൻ ഇല്ലാതായാൽ നിനക്ക് എന്നെയും സ്വന്തമാക്കാമല്ലോ. നീ ഇത്തരക്കാരനാണെന്ന് രാമൻ അറിഞ്ഞിട്ടുണ്ടാകില്ല.ജ്യേഷ്ഠന്റെ അരികിലേക്കു പുറപ്പെടുകയേ നിവൃത്തിയുള്ളൂ ലക്ഷ്മണന്. നാശമടുത്തിരിക്കുന്നവരോട് എന്തു പറയാൻ?!
‘‘വനദേവതമാരേ! പരിപാലിച്ചുകൊൾവിൻ
മനുവംശാധീശ്വരപത്നിയെ വഴിപോലെ.’’
സൗമിത്രി യാത്രയാകുന്നു.
ഭിക്ഷുവേഷധാരിയെ സ്വീകരിച്ചിരുത്തിയ സീതയോടുള്ള അയാളുടെ സംഭാഷണത്തിൽ ക്രമേണ മാറ്റം വരുന്നു. കമലവിലോചനേ, കമനീയാംഗീ എന്നൊക്കെയാകുന്നു സംബോധന. താനാരെന്നറിയിക്കുന്ന സീത ആഗമനോദ്ദേശ്യം ആരായുമ്പോൾ ഇനിയൊന്നും മറയ്ക്കേണ്ടതില്ലെന്നു തീരുമാനിക്കുന്നു രാവണൻ. താപസവേഷം പൂണ്ട രാമനോടൊപ്പം കാട്ടിൽ വസിച്ചിട്ടെന്തു കാര്യം? എന്നോടൊപ്പം വന്ന് സുഖഭോഗങ്ങൾ അനുഭവിച്ചു കഴിയൂ.
രാമബാണങ്ങൾകൊണ്ടു മാറിടം പിളർന്ന് ഭൂമിയിൽ വീഴാനുള്ള കാരണമാണിതു രാവണനെന്ന് സീതയ്ക്കു നിശ്ചയം. അല്ലെങ്കിലും ഹരിപത്നിയെ തൊടാനാകുമോ മുയലിന്!
ക്രോധത്താൽ രാവണൻ തന്റെ യഥാർഥ രൂപം കാട്ടുമ്പോൾ വനദേവതമാർ പോലും ഭയവിഹ്വലരാകുന്നു. ആകാശമാർഗത്തിലൂടെ രാവണൻ അപഹരിച്ചുകൊണ്ടുപോകുന്ന സീതയുടെ വിലാപം കേട്ട് രക്ഷിക്കാനെത്തുന്ന പക്ഷിശ്രേഷ്ഠൻ ജടായു ചോദിക്കുന്നത് യാഗവേദിയിലെ വിശുദ്ധമായ ഹോമദ്രവ്യങ്ങൾ കട്ടുകൊണ്ടു പോകുന്ന ശുനകനെപ്പോലെ നീ എവിടേക്കാണു മൂഢാത്മാവേ എന്റെ സ്വാമിപത്നിയെ കൊണ്ടുപോകുന്നത് എന്നാണ്.
പർവതം പോലെ ഉയർന്നുപൊങ്ങിയ ജടായു കാൽനഖങ്ങൾകൊണ്ട് രാവണചാപങ്ങൾ പൊട്ടിച്ചു. തീക്ഷ്ണമായ കൊക്കുകളാൽ തേർത്തടം തകർത്തു. കാൽക്ഷണത്തിൽ കുതിരകളെ കൊന്നുവീഴ്ത്തി. മുറിവേറ്റ് രാവണനു നീറി. ചിറകടിയിൽ അയാൾ വലഞ്ഞു. യാത്രാഭംഗവും അപമാനവും ഓർത്ത് ദിവ്യായുധമായ ചന്ദ്രഹാസംതന്നെ പ്രയോഗിക്കേണ്ടിവരുന്നു രാവണന്.
രാമനെത്തി അദ്ദേഹത്തെ വിവരം ധരിപ്പിക്കുവോളം ജീവനോടെയിരിക്കാൻ ജടായുവിനെ അനുഗ്രഹിക്കുന്നുണ്ട് ആ സംഘർഷനിമിഷത്തിലും സീത. ലക്ഷ്മണനോടു പരുഷം പറഞ്ഞതിൽ ഖേദം തോന്നുന്നു സീതയ്ക്കിപ്പോൾ.
Content Summary: Sita Abducted By Ravana