ഭാഗ്യപ്പെരുമഴ 5 നക്ഷത്രക്കാർക്ക്, നേട്ടങ്ങൾ ഇവർക്കൊപ്പം; സമ്പൂർണ മാസഫലം
Mail This Article
മകരം 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം.
അശ്വതി: സ്വസ്ഥതയ്ക്കും സമാധാനത്തിനും വഴിയൊരുക്കും. മത്സര പരീക്ഷകളിൽ വിജയിക്കും. വിദ്യാർഥികൾക്ക് ഉപരിപഠനത്തിന് പ്രവേശനം ലഭിക്കും. ഗൃഹനിർമാണ ശ്രമങ്ങൾ വിജയിക്കും. വാഹനം വാങ്ങാനുള്ള അവസരങ്ങൾ സംജാതമാകും. വിവാഹം, വിദേശയാത്ര ഇവ നടക്കും.
ഭരണി: മാർഗതടസ്സങ്ങൾ നീങ്ങി ആഗ്രഹ സാഫല്യമുണ്ടാകും. വ്യാപാരം, വ്യവസായം, കരാറു ജോലികൾ തുടങ്ങിയ മേഖലകളിൽ പ്രതീക്ഷിച്ചതിലുപരി പുരോഗതിയും സമ്പൽ സമൃദ്ധിയും ഉണ്ടാകും. പ്രഫഷണൽ കോഴ്സുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവർക്ക് സാധിക്കും. വീടിന്റെ പുനരുദ്ധാരണ കാര്യങ്ങൾ നടക്കും. വാഹനം മാറ്റി വാങ്ങും.
കാർത്തിക: സത്യാവസ്ഥകൾ അറിഞ്ഞു പ്രവർത്തിക്കുന്നതിനാൽ മിഥ്യാധാരണകൾ ഒഴിവാകും. സാമ്പത്തിക രംഗത്ത് സമ്മിശ്രാവസ്ഥ കാണുന്നു. ബന്ധുവിന്റെ ആവശ്യങ്ങൾ പരിഗണിക്കേണ്ടതായി വരും. ആരോഗ്യപരമായി ചില പ്രശ്നങ്ങൾ അലട്ടും. ആരോഗ്യ ശ്രദ്ധ വേണം ഭയഭക്തിബഹുമാനത്തോടു കൂടിയ കാര്യങ്ങൾ സഫലമാകും
രോഹിണി: വസ്തുതകൾക്ക് നിരക്കാത്ത സംയുക്ത സംരംഭങ്ങളിൽ നിന്നും പിൻമാറുന്നതു വഴി മനസ്സമാധാനമുണ്ടാകും. നന്നായി ഈശ്വര പ്രാർഥന ചെയ്യണം. ക്രമേണ ഇവയെല്ലാം ശമനപ്പെടും. അലർജി, ആസ്മ, അസ്ഥി രോഗങ്ങൾ ഉള്ളവർ നല്ല ശ്രദ്ധ വേണം. പലപ്പോഴും അസുഖങ്ങൾ വർധിക്കുന്നതിനാൽ വിദഗ്ദ ചികിത്സ വേണ്ടി വരും. ആരുമായും കലഹത്തിന് പോവരുത്. വാക് ദോഷം വരാതെ നോക്കണം.
മകയിരം: വിദ്യാർഥികൾക്ക് അലസത വർധിക്കും. പ്രവർത്തന മേഖലകളിൽ പുരോഗതി കുറയും. ജോലിഭാരം കൂടും. മേലുദ്യോഗസ്ഥരുമായി കലഹം വരാതെ നോക്കണം. ചെലവുകൾ അധികരിക്കും. പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. തടസ്സങ്ങൾ വരാതിരിക്കാൻ നന്നായി ഈശ്വര പ്രാർഥന ചെയ്യുക. അസുഖങ്ങൾ അവഗണിക്കരുത്.
തിരുവാതിര: ഔദ്യോഗിക തലത്തിൽ ചുമതലകളും യാത്രാക്ലേശവും വർധിക്കും. ഗതിവിഗതികൾക്കനുസരിച്ച് ജീവിത സാഹചര്യങ്ങളെ അതിജീവിക്കേണ്ടതായി വരും. ഇടപാടുകൾ വളരെ ശ്രദ്ധിച്ച് ചെയ്യണം. സാമ്പത്തിക വിഷയങ്ങളിൽപ്പെട്ടിട്ടുള്ള മന:ക്ലേശങ്ങൾ ഉണ്ടാകാം. സുപ്രധാന കാര്യങ്ങളിൽ മുതിർന്നവരുടെ നിർദേശങ്ങൾ പരിഗണിക്കുക.
പുണർതം: സുഗമമെന്ന് കരുതുന്ന കാര്യങ്ങൾക്കെല്ലാം കൂടുതൽ പ്രയത്നം വേണ്ടി വരും. ഔദ്യോഗിക ചുമതലകളാൽ കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾ നിർവഹിക്കുവാൻ പലപ്പോഴും കഴിയില്ല. അശ്രദ്ധ മൂലം പല ദോഷാനുഭവങ്ങളും ഉണ്ടാകും. ചതിയിൽ പെടാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കണം. എന്നാൽ ദൈവാധീനത്താൽ കൂടുതൽ ദോഷാനുഭവങ്ങൾ ഉണ്ടാവില്ല.
പൂയം: അവസരങ്ങൾ വിനിയോഗിക്കുവാൻ വിദഗ്ദ്ധ നിർദേശവും ആഹോരാത്രം പ്രവർത്തനവും സുഹൃത് സഹായവും വേണ്ടി വരും. ഇടവിട്ട് ക്ലേശങ്ങളോ ദുരിതങ്ങളോ അനുഭവപ്പെടാം. വാഹനങ്ങൾ കൈകാര്യം ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം. വാക്ക് ദോഷം വരാതെ നോക്കണം.
ആയില്യം: ദമ്പതികൾ വിട്ടുവീഴ്ചാ മനോഭാവം കൈക്കൊള്ളണം. ബന്ധുജനങ്ങളുമായോ കൂട്ടുകാരുമായോ പിണങ്ങാനിടയുണ്ട്. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം. ക്ഷമാശീലത്തോടു കൂടിയ സമീപനം പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്യുവാൻ ഉപകരിക്കും. അന്യരുടെ കാര്യങ്ങളിൽ അനാവശ്യമായി ഇടപെടരുത്. യാത്രകൾ കരുലോടെ ആവണം.
മകം: തൊഴിൽ മേഖലകളിൽ ക്രമാനുഗതമായ പുരോഗതിയുണ്ടാകും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. നല്ല കാര്യങ്ങൾ ചെയ്യാനും ജനസമ്മിതി നേടാനും കഴിയും. ഭൂമി വാങ്ങാനും ഗൃഹനിർമാണത്തിനുമുള്ള അവസരങ്ങൾ കൈവരും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. വിദ്യാർഥികൾക്ക് സമയം അനുകൂലം.
പൂരം: ആഗ്രഹിക്കുന്ന കാര്യങ്ങൾ നിഷ്പ്രയാസം സാധിക്കും. നിരവധി കാര്യങ്ങൾ നിശ്ചിത സമയപരിധിക്കുള്ളിൽ ചെയ്തു തീർക്കും. കുടുംബത്തിലെ അഭിപ്രായ വ്യത്യാസം പരിഹരിച്ച് ആഹ്ലാദ അന്തരീക്ഷം സംജാതമാകും. ഭൂമി ലാഭം, വാഹനലാഭം ഇവ പ്രതീക്ഷിക്കാം. ചെയ്യുന്ന കാര്യങ്ങൾ മറ്റുള്ളവർക്ക് കൂടി ഉപകാരപ്രദമാകും.
ഉത്രം: ഈശ്വരപ്രാർഥനകളാലും അശ്രാന്ത പരിശ്രമത്താലും വ്യാപാരവ്യവസായ വിപണന മേഖലകളിൽ വിജയവും സാമ്പത്തിക നേട്ടവും ഉണ്ടാകും. ദുശ്ശീലങ്ങൾ ഒഴിവാക്കുന്നതു വഴി കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. ദിനചര്യാക്രമത്തിൽ മാറ്റം വരുത്തുന്നതു വഴി ആരോഗ്യം വീണ്ടെടുക്കും. ലളിതമായ ജീവിതശൈലി അവലംബിക്കുന്നതുവഴി മന:സമാധാനമുണ്ടാകും.
അത്തം: പകർച്ചവ്യാധികൾ പിടിപെടാൻ സാധ്യത ഉള്ളതിനാൽ നന്നായി ശ്രദ്ധിക്കുക. സന്താനങ്ങളുടെ കാര്യത്തിലും കൂടുതൽ ശ്രദ്ധ വേണം. അഹംഭാവം ഒഴിവാക്കണം. ദുശ്ശീലങ്ങൾ ഒഴിവാക്കണം. വരവിൽക്കവിഞ്ഞ ചെലവ് വർധിക്കുന്നതിനാൽ കടം വാങ്ങേണ്ടതായി വരും. ഗുരുകാരണവൻമാരെ അനുസരിക്കുന്നത് അബദ്ധങ്ങളെ അതിജീവിക്കുന്നതിന് ഉപകരിക്കും.
ചിത്തിര: വിട്ടുവീഴ്ചാ മനോഭാവത്താൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. സന്താനങ്ങളുടെ പഠനത്തിന്റെ ഭാഗമായി ചില യാത്രകൾ വേണ്ടതായി വരും. കുടുംബ പുരോഗതിക്കു വേണ്ടിയുള്ള പ്രവർത്തനങ്ങൾ നടത്തും. വീടിന്റെ അറ്റകുറ്റപണികൾ നടത്തും. കേസുകളുടെ കാലതാമസങ്ങൾ അസ്വസ്ഥതകൾ സൃഷ്ടിക്കും. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ വേണം.
ചോതി: പല പ്രകാരേണയുള്ള അസഹിഷ്ണുത അനുഭവപ്പെടാം. ചിലപ്പോൾ ആരോഗ്യ പ്രശ്നങ്ങളും അലട്ടും. ബന്ധുക്കളോ പരിസരവാസികളുമായോ കലഹം വരാതെ നോക്കണം. യാത്രകൾ കഴിവതും കുറയ്ക്കണം. രാഷ്ട്രീയ പ്രവർത്തകർക്ക് അണികളിൽ നിന്നും എതിർപ്പ് നേരിടേണ്ടി വരും. വാക്ക് തർക്കങ്ങളിൽ നിന്നും ഒഴിഞ്ഞു നിൽക്കണം.
വിശാഖം: പ്രവൃത്തിയിലുള്ള നിഷ്കർഷയും ആത്മാർഥതയും ലക്ഷ്യബോധവും ഉന്നത സ്ഥാനമാനങ്ങൾക്ക് വഴിയൊരുക്കും. ജീവിത നിലവാരം പ്രതീക്ഷിച്ചതിലുപരി മെച്ചപ്പെടും. അനുരഞ്ജന ശ്രമം വിജയിക്കാനും വസ്തുതർക്കം പരിഹരിക്കാനും യോഗമുണ്ട്. അവസരങ്ങൾ പരമാധി പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും.
അനിഴം: പ്രവർത്തന മേഖലകളിൽ നിന്നും സാമ്പത്തിക പുരോഗതി ഉണ്ടാകും. മാതാപിതാക്കളുടെ ആവശ്യങ്ങൾ നിർവഹിക്കും. സുപ്രധാന കാര്യങ്ങളിൽ സുവ്യക്തമായ തീരുമാനം ഉണ്ടാകുന്നത് ജീവിതത്തിന് വഴിത്തിരിവുണ്ടാക്കും. സഹപ്രവർത്തകരുടെ സഹകരണത്താൽ പദ്ധതി സമർപ്പണത്തിൽ വിജയമുണ്ടാകും.
തൃക്കേട്ട: കുടുംബ ജീവിതത്തിൽ സ്വസ്ഥതയും സമാധാനവും ദാമ്പത്യ സൗഖ്യവും ഉണ്ടാകും. സൗഹൃദ സദസ്സിൽ ആദരവും പ്രവർത്തനപഥങ്ങളിൽ വിജയവും ഉണ്ടാകും. അർഹമായ പിതൃസ്വത്ത് രേഖാപരമായി ലഭിക്കും. അർപ്പണ മനോഭാവത്തോടുകൂടിയുള്ള പ്രവർത്തനങ്ങൾ അനുഭവഫലങ്ങൾക്ക് വഴിയൊരുക്കും.
മൂലം: നിസ്സാര കാര്യങ്ങൾക്കുള്ള ദുർവാശി ഉപേക്ഷിക്കണം. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. പൊതുപ്രവർത്തകർക്ക് പല എതിർപ്പുകളും ഉണ്ടായേക്കും. സ്ത്രീകളുമായുള്ള അതിരു കവിഞ്ഞ ബന്ധം ദുഷ്പേര് സമ്പാദിക്കാൻ ഇടവരുത്തും. മാനസിക സംഘർഷം കുറയ്ക്കാൻ പ്രാർഥനയിലും ധ്യാനത്തിലും സമയം കണ്ടെത്തണം. വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും.
പൂരാടം: പണം കടം കൊടുക്കുക, കടം വാങ്ങുക, ജാമ്യം നിൽക്കുക, സ്വന്തം ചുമതലകൾ അന്യരെ ഏൽപ്പിക്കുക തുടങ്ങിയവ അരുത്. ദുഷ്പേരുകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. ഈശ്വരാധീനം വർധിപ്പിക്കാൻ ശ്രമിക്കണം. വാഹനം, അഗ്നി ഇവ മൂലം അപകടം ഉണ്ടാകാൻ സാധ്യത ഉള്ളതിനാൽ നല്ല ശ്രദ്ധ വേണം. കുടുംബത്തിലോ സഹപ്രവർത്തകർക്കിടയിലോ തർക്കമുണ്ടായാൽ നിഷ്പക്ഷ മനോഭാവം സ്വീകരിക്കുകയാണ് നല്ലത്.
ഉത്രാടം: വ്യർഥമായ വ്യാമോഹങ്ങളെ ഒഴിവാക്കണം. കഴിവിന്റെ പരമാവധി പ്രയത്നിക്കുമെങ്കിലും അനുഭവഫലം കുറയും. പകർച്ചവ്യാധികൾ പിടിപെടാതെ നോക്കണം. വാഹന ഉപയോഗത്തിൽ കൂടുതൽ ശ്രദ്ധ വേണം. മക്കളുടെ പലവിധ ആവശ്യങ്ങൾക്കായി പ്രത്യേക ഈശ്വരപ്രാർഥനകൾ നടത്തും. സാമ്പത്തിക സുരക്ഷിതത്വം അന്വേഷിച്ചറിയാതെ ഒരു തൊഴിലും ഏറ്റെടുക്കരുത്.
തിരുവോണം: അവസരങ്ങൾ പ്രയോജനപ്പെടുത്തുവാൻ സാധിക്കുകയില്ല. ചെലവിനങ്ങളിൽ നിയന്ത്രണം വേണം. ജാമ്യം നിൽക്കുന്നത് ഉപേക്ഷിക്കണം. ഗുരുകാരണവർ നിർദേശിക്കുന്ന കാര്യങ്ങൾ പിൻതുടർന്നാൽ ഏറെക്കുറെ അനുകൂലമാകും വിധത്തിൽ ജീവിതം നയിക്കാൻ സാധിക്കും. വിധിയെ കുറ്റം പറയാതെ ആത്മാർഥമായി പ്രവർത്തിക്കുന്നത് അനുകൂല സാഹചര്യങ്ങൾക്ക് വഴിയൊരുക്കും.
അവിട്ടം: അശ്രദ്ധ കൊണ്ട് ധനനഷ്ടത്തിന് സാധ്യത. വിഭാവനം ചെയ്ത പദ്ധതികൾ പൂർത്തീകരിക്കാൻ അഹോരാത്രം പ്രവർത്തിക്കും. സാഹസ പ്രവൃത്തികളിൽ നിന്നും പിൻമാറണം. സർക്കാർ ജീവനക്കാർ മേലുദ്യോഗസ്ഥരുടെ പ്രീതി സമ്പാദിക്കണം. പൊതുപ്രവർത്തകർക്ക് ചില എതിർപ്പുകൾ ഉണ്ടായേക്കാം. അസുഖങ്ങളെ അവഗണിക്കരുത്.
ചതയം: വ്യാപാരങ്ങളിൽ മാന്ദ്യം അനുഭവപ്പെടും. ശ്രദ്ധക്കുറവ് മൂലം ധനനഷ്ടത്തിനും അപകടങ്ങൾക്കും ഇടയുണ്ട്. ചില കൂട്ടുകെട്ടുകൾ മൂലം മന:സ്വസ്ഥത ഇല്ലാതാകും. ചില രഹസ്യബന്ധങ്ങൾ ഉണ്ടാകാതെ നോക്കണം. പിന്നീട് അതുമൂലം ദു:ഖിക്കും സ്വന്തം ആരോഗ്യകാര്യങ്ങളിലും മക്കളുടെ ആരോഗ്യ കാര്യങ്ങളിലും നല്ല ശ്രദ്ധ വേണം.
പൂരുരുട്ടാതി: ഈശ്വരപ്രാർഥനകളാലും ഏകാഗ്രചിന്തകളാലും ഉപരിപഠനം പൂർത്തികരിക്കും. ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്ദ്യത്തെ അതിജീവിക്കും. എല്ലാവിധ നേട്ടങ്ങൾക്കുമായി മനസ്സ് നിയന്ത്രിക്കുന്നതും ബുദ്ധിപരമായി പ്രവർത്തിക്കുന്നതും ഉത്തമം. കുടുംബങ്ങളിൽ ഐക്യവും സന്തോഷവും നിലനിർത്താൻ ശ്രമിക്കണം.
ഉത്തൃട്ടാതി: പരിശ്രമങ്ങൾക്കും പ്രയത്നങ്ങൾക്കും പ്രതീക്ഷിച്ചതിലുപരി ഫലമുണ്ടാകും. ജീവിത നിലവാരം വർധിക്കും. ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുവാനവസരമുണ്ടാകും. മാതാപിതാക്കളുടെ ഇഷ്ടങ്ങൾ സാധിക്കുന്നതിനാൽ സന്തോഷവും സംതൃപ്തിയും കൃതാർഥതയും ഉണ്ടാകും. അറിയാതെ ചെയ്തു പോയ അബദ്ധങ്ങൾ തിരുത്തുവാനും പ്രായശ്ചിത്തം ചെയ്യുവാനും യോഗമുണ്ട്.
രേവതി: പദ്ധതിസമർപ്പണത്തിൽ വിജയിക്കും. യുക്തമായ നിർദേശം തേടി പ്രവർത്തന രംഗങ്ങളിൽ കാലോചിതയായ പരിഷ്കാരങ്ങൾ അവലംബിക്കും. പുത്രപൗത്രാദി സംരക്ഷണത്താൽ ആശ്വാസമുണ്ടാകും. അവസരങ്ങൾ പരമാവധി പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്നതിനാൽ ആത്മസംതൃപ്തിയുണ്ടാകും. കരാറുജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്.
ജ്യോതിഷി പ്രഭാസീന സി.പിഹരിശ്രീ
പി ഒ മമ്പറം
വഴി: പിണറായി
കണ്ണൂർ ജില്ല
ഫോ: 9961442256
Email ID : prabhaseenacp@gmail.com