ഇപ്പോൾ എന്റെ 'മാത്തറം' അമ്മ, വയസാകുമ്പോൾ നിന്റേം കൂടെ അമ്മയാ'; തമാശയിലൂടെ കാര്യം പറഞ്ഞ് അശ്വതി
Mail This Article
കുഞ്ഞുങ്ങൾ ഉണ്ടെങ്കിൽ വീട്ടിൽ സമയം പോകുന്നത് അറിയില്ല. അവരുടെ കുസൃതികളും തമാശകളും ശരിക്കും നല്ലൊരു നേരമ്പോക്ക് ആണ്. ചെറിയ കാര്യങ്ങൾക്കുള്ള അവരുടെ ചെറിയ ചെറിയ വഴക്കുകൾ, കുഞ്ഞു കുഞ്ഞു തരികിടകൾ അങ്ങനെയങ്ങനെ നിരവധി കാര്യങ്ങളിലൂടെ ആയിരിക്കും ഒരു ദിവസം കടന്നുപോകുന്നത്. അതിൽ പ്രധാനപ്പെട്ട മറ്റൊരു കാര്യമാണ് അവകാശം പ്രഖ്യാപിക്കൽ. പ്രധാനമായും അമ്മയ്ക്കോ അച്ഛനോ വേണ്ടിയായിരിക്കും മക്കൾ അവകാശം പ്രഖ്യാപിക്കുക. അപൂർവം ചില കുട്ടികൾക്ക് അപ്പൂപ്പനോ അമ്മൂമ്മയോ ആയിരിക്കും അത്ര വേണ്ടപ്പെട്ടവർ.
ഏതായാലും ഈ അവകാശം പ്രഖ്യാപിക്കൽ കാണാൻ തന്നെ നല്ല സുഖമാണ്. 'ഇത് എന്റെ അമ്മയാണ്, എന്റെ മാത്രം അമ്മയാണ്, എന്റെ സ്വന്തം അച്ഛനാണ്' എന്നിങ്ങനെ പോകും അവകാശം പ്രഖ്യാപിക്കൽ. ചേച്ചിമാരും ചേട്ടൻമാരും ആണ് ഇത്തരം പ്രകോപിപ്പിക്കലുകളുടെ ആസ്ഥാന ആശാൻമാർ. എന്തിന് കുഞ്ഞനിയനെയോ അനിയത്തിയെയോ കലിപ്പിലാക്കാൻ അവരെ ദത്തെടുത്തതാണെന്നും വഴിയിൽ നിന്ന് വീണ് കിട്ടിയതാണെന്നും മഴയത്ത് പുഴയിൽ ഒഴുകി വന്നതാണെന്നും ഒക്കെ പറയുന്ന ജ്യേഷ്ഠ സഹോദരങ്ങളുമുണ്ട്.
പറയുന്നവർക്ക് അതൊരു രസമാണെങ്കിൽ കുഞ്ഞുമനസ്സിന് അത് വലിയ ടെൻഷനാണ്. ചേട്ടനോ ചേച്ചിയോ തന്നെ കളിപ്പിക്കുന്നതാണെന്ന് മനസ്സിലാക്കാതെ കുഞ്ഞുങ്ങൾ അവകാശപ്രഖ്യാപനം നടത്തുന്നത് കാണുമ്പോൾ കണ്ടു നിൽക്കുന്നവർക്ക് തമാശയാണ്. അത്തരമൊരു തമാശ വിഡിയോയാണ് നടിയും അവതാരകയുമായ അശ്വതി ശ്രീകാന്ത് സോഷ്യൽ മീഡിയയിൽ പങ്കു വെച്ചിരിക്കുന്നത്.
മൂത്ത മകളായ പത്മയും ഇളയമകളായ കമലയുമാണ് ഇതിലെ കഥാപാത്രങ്ങൾ. 'എന്റെ അമ്മയാ' എന്ന് പത്മ പറയുമ്പോൾ 'എന്റെ അമ്മയാ' എന്ന് കമല പറയുകയാണ്. അതും ഒരു തവണയല്ല, ഒരു മന്ത്രം പോലെയാണ് കമല 'എന്റെ അമ്മയാ, എന്റെ അമ്മയാ' പറയുന്നത്. ചേച്ചിയെ വടി എടുത്ത് ഓടിച്ചു വിടണമെന്ന് വരെ കമല ആലോചിക്കുന്നുണ്ട്. രസകരമായ ഈ വിഡിയോ പങ്കുവെച്ച് കൊണ്ട് അശ്വതി സോഷ്യൽ മീഡിയയിൽ കുറിച്ച വരികളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
'ദിവസം രണ്ട് നേരം ഇത് പറഞ്ഞ് അലമ്പുണ്ടാക്കിയില്ലെങ്കിൽ രണ്ടിനും ഒരു സുഖമുണ്ടാവില്ല. പത്മയ്ക്ക് ഇതൊരു കളി ആണെങ്കിലും ചെറിയവൾ ചിലപ്പോ സീരിയസ് ആവും, കണ്ണീർ പുഴ ഒക്കെ ഒഴുകും. എന്റെ 'മാത്തറം' അമ്മ എന്ന് പറയും. പക്ഷേ നമ്മക്ക് വയസ്സാകുമ്പോ സംഭവം മാറും, നിന്റെം കൂടെ അമ്മ അല്ലേ, നീ നോക്ക് എന്നായേക്കും. ആ പ്രായത്തിൽ എങ്ങനെ ലവളുമാരെ ഡിപെൻഡ് ചെയ്യാതെ ജീവിക്കാം എന്നതിൽ ഇപ്പോഴേ ഇൻവെസ്റ്റ് ചെയ്യുന്നതാണ് ബുദ്ധി' - അശ്വതി കുറിച്ചത് ഇങ്ങനെ.
അതേസമയം, കളിയും കാര്യവും ഒരു പോലെ പറഞ്ഞൊരു പോസ്റ്റാണ് ഇതെന്ന് നിരവധി പേർ കമന്റ് ചെയ്തു. മാമ്പൂ കണ്ടും മക്കളെ കണ്ടും കൊതിക്കരുതെന്ന് ആണല്ലോയെന്നും കളിയിലൂടെ കാര്യം പറഞ്ഞെന്നുമാണ് മറ്റൊരു കമന്റ്. അതേസമയം, ഭാവി ഓർത്ത് ഇപ്പോഴേ ടെൻഷൻ അടിക്കേണ്ടെന്നും ഇപ്പോഴുള്ള ഈ സമയം ആസ്വദിക്കണമെന്നുമാണ് മറ്റു ചിലർ കമന്റ് ചെയ്തിരിക്കുന്നത്.