കെട്ടിക്കിടക്കുന്ന ‘എക്കൽ മണ്ണ് നീക്കം ചെയ്യണം’

Mail This Article
മാന്നാർ ∙ അച്ചൻകോവിലാറിലെ വഴുവാടിക്കടവിലടക്കം കെട്ടിക്കിടക്കുന്ന എക്കൽ മണ്ണ് നീക്കം ചെയ്യണമെന്നാവശ്യം ശക്തമാകുന്നു. കഴിഞ്ഞ വെള്ളപ്പൊക്ക സമയത്തടക്കം ഒഴുകിയെത്തിയ എക്കൽ മണ്ണാണ് വഴുവാടിക്കടവ് പാലത്തിന്റെ ഇരുവശത്തുമായി കെട്ടിക്കിടക്കുന്നത്. എക്കൽ മണ്ണ് നീക്കം ചെയ്ത് ആറ്റിലെ നീരൊഴുക്കു സുഗമമാക്കാനും വെള്ളപ്പൊക്കമൊഴിവാക്കാനും കഴിയുമെന്നു ബുധനൂർ പഞ്ചായത്ത് കമ്മിറ്റി പ്രമേയം പാസാക്കി മന്ത്രിമാരായ റോഷി അഗസ്റ്റിൻ, സജി ചെറിയാൻ, കലക്ടർ എന്നിവർക്കു സമർപ്പിക്കുമെന്നു പഞ്ചായത്ത് പ്രസിഡന്റ് പുഷ്പലത മധു പറഞ്ഞു.
കഴിഞ്ഞ വർഷം ഫലം കണ്ടു
കലക്ടറുടെ ദുരന്തനിവാരണ ഫണ്ട് ഉപയോഗിച്ചു വഴുവാടിക്കടവ് പാലത്തിന്റെ ഇരുവശത്തുമായി അടിഞ്ഞ എക്കൽ മണ്ണു കഴിഞ്ഞ വർഷം നീക്കം ചെയ്തതിനാൽ അച്ചൻകോവിലാറിന്റെ തീരത്ത് 50–ൽ പരം വീടുകളിലും ഉളുന്തി പുറന്തട പ്രദേശത്തും വെള്ളം കയറിയില്ല. അച്ചൻകോവിലാറിന്റെ തീരത്തെ ഏറ്റവും താഴ്ന്ന പ്രദേശമായ ഇവിടെയാണ് എല്ലാ വെള്ളപ്പൊക്കത്തിനും ആദ്യം മുങ്ങുന്നത് സ്ഥലമാണ്. മണ്ണു നീക്കം ചെയ്തതിനാൽ കഴിഞ്ഞ കാലവർഷ സമയത്ത് ഇവിടെ വെള്ളം കയറിയില്ലെന്നാണു പഞ്ചായത്തിന്റെ കണ്ടെത്തൽ.