ADVERTISEMENT

കൊച്ചി∙ ശ്വാസകോശ അസുഖങ്ങൾ വർധിക്കാൻ കാരണമാകുന്ന വായുവിലെ രാസബാഷ്പ മാലിന്യം (പിഎം 2.5) ശ്വസിക്കുന്ന അമ്മമാരുടെ മുലപ്പാലിലൂടെ കുഞ്ഞുങ്ങൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന വൈദ്യശാസ്ത്ര പഠനം എറണാകുളം ജില്ലയ്ക്കും ആശങ്ക നൽകുന്നു. ലോകാരോഗ്യ സംഘടന (ഡബ്ലിയുഎച്ച്ഒ) പുറത്തുവിട്ട പഠന റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പുള്ളത്. ആഗോളതലത്തിൽ രാസബാഷ്പ മലിനീകരണം കൂടിയ തോതിൽ രേഖപ്പെടുത്തിയ പ്രദേശങ്ങളിലെ കുട്ടികളിൽ കണ്ടെത്തിയ പഠനവൈകല്യങ്ങൾ, ശ്രദ്ധക്കുറവ്, വളർച്ച മുരടിപ്പ് എന്നിവയുടെ കാരണം ഗർഭാവസ്ഥ മുതൽ പിഎം 2.5 നേരിട്ടു കുട്ടികളുടെ തലച്ചോറിൽ എത്തുന്നതാണ് എന്നാണു ഡബ്ലിയുഎച്ച്ഒയുടെ റിപ്പോർട്ട്.

യുഎസിലെ തെക്കൻ കലിഫോർണിയ, പെറുവിലെ ലിമ, പോളണ്ടിലെ കാലിസ്, തെക്കൻ തയ്‌വാൻ, ചൈനയിലെ സ്യൂഹു എന്നിവിടങ്ങളിൽ നടത്തിയ പഠനങ്ങളെ ഉദ്ധരിച്ചു കൊണ്ടാണ് ഈ കണ്ടെത്തൽ. കൊച്ചി നഗരത്തിലെ പിഎം.2.5 തോത് കഴിഞ്ഞ ദിവസം രാത്രി അപകടകരമായ രീതിയിൽ വർധിച്ച് 362 പോയിന്റ് കടന്നിരുന്നു. ഇതിന്റെ തോത് 50 പോയിന്റ് കടന്നാൽ പോലും കുട്ടികൾക്കും ഗർഭിണികൾക്കും പ്രായമായവർക്കും രോഗഭീഷണിയാണ്. നഗരത്തിലെ വാഹന ഗതാഗതമല്ല രാസബാഷ്പ മാലിന്യം വർധിക്കാൻ കാരണമെന്നാണു പ്രാഥമിക നിഗമനം.

രാത്രി 9 മണിക്കും രാവിലെ 9 മണിക്കും ഇടയിലാണു കൊച്ചി നഗരത്തിനും 10 കിലോമീറ്റർ (ആകാശദൂരം) ചുറ്റളവിലും രാസബാഷ്പ മാലിന്യത്തിന്റെ അളവു വർധിക്കുന്നത് എന്നാണു നാഷനൽ എയർ ക്വാളിറ്റി ഇൻഡക്സ് ഡേറ്റയിൽ നിന്നു വ്യക്തമാവുന്നത്. ദേശീയ ഗ്രീൻ ട്രൈബ്യൂണൽ നിയോഗിച്ച ഉപസമിതി തയാറാക്കിയ പഠന റിപ്പോർട്ടിൽ പിഎം 2.5 മാലിന്യം പുറന്തള്ളാൻ സാധ്യതയുള്ള 14 ഉറവിടങ്ങളുടെ (ഫാക്ടറി) ചുരുക്കപ്പട്ടിക സമർപ്പിച്ചിരുന്നു. എന്നാൽ ഇതുസംബന്ധിച്ച തുടർ പരിശോധനകളോ നടപടികളോ പിന്നീടു നടത്തിയില്ല. എറണാകുളം ജില്ലാ കലക്ടറും ഈ ഉപസമിതിയിൽ അംഗമായിരുന്നു.

മലിനീകരണം കൂടുതലുള്ള ഇന്ത്യൻ നഗരങ്ങളിലെ കുട്ടികൾക്കും ഈ ഭീഷണിയുള്ളതായി പീഡിയാട്രിക് അസോസിയേഷൻ ഓഫ് ഇന്ത്യയും  മുന്നറിയിപ്പു നൽകിയിട്ടുണ്ട്. ആഗോളതലത്തിൽ 5 വയസ്സിൽ താഴെ 5.43 ലക്ഷം കുട്ടികളുടെയും 15 വയസ്സു വരെയുള്ള 52,000 കുട്ടികളുടെയും മരണകാരണം വായുമലിനീകരണം ആണെന്ന റിപ്പോർട്ട് 2016 ൽ പീഡിയാട്രിക് അസോസിയേഷൻ പ്രസിദ്ധീകരിച്ചിരുന്നു.

എന്താണു പിഎം 2.5 മാലിന്യം?

ഫാക്ടറികളോ വാഹനങ്ങളോ മറ്റേതെങ്കിലും ഉറവിടങ്ങളോ (കാട്ടുതീ, മാലിന്യ പ്ലാന്റ്) അന്തരീക്ഷത്തിലേക്കു തള്ളുന്ന രാസമാലിന്യങ്ങളും കരി, പൊടി പോലുള്ള സൂക്ഷ്മകണികകളും അന്തരീക്ഷത്തിലെ നീരാവിയുമായി ചേർന്നു രൂപപ്പെടുന്ന 2.5 മൈക്രോൺ മാത്രം വലുപ്പമുള്ള ബാഷ്പകണങ്ങളാണു പാർടികുലേറ്റ് മാറ്റർ (പിഎം) 2.5 മാലിന്യം. പ്രാണവായുവിനൊപ്പം ശരീരത്തിനുള്ളിൽ ഉള്ളിൽ കടക്കുന്ന മാലിന്യം ശ്വാസകോശത്തിൽ നിന്നു നേരിട്ടു രക്തത്തിലേക്കു കടന്നു തലച്ചോറിനെയും ആന്തരിക അവയവങ്ങളെ ജീർണിപ്പിക്കും. 10 മൈക്രോൺ വലുപ്പമുള്ള പിഎം 10 മാലിന്യത്തിന്റെ കൂടിയ തോതിലുള്ള സാന്നിധ്യവും മലിനീകരണ നിയന്ത്രണ ബോർഡിന്റെ കൊച്ചി വൈറ്റിലയിലെ മാപിനിയിൽ ദിവസവും കണ്ടെത്തുന്നുണ്ട്.

‘‘സ്ഥിതി ഭയപ്പെടുത്തുന്നത്’’

വിറകു കത്തിക്കുന്ന അടുപ്പുകൾ ഇല്ലാതായതോടെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും ഭീഷണിയാവുന്ന മലിനീകരണം കേരളത്തിലെ വീടുകൾക്കുള്ളിൽ ഇപ്പോൾ ഉണ്ടാവുന്നില്ല. എന്നാൽ പിഎം 2.5 രാസമാലിന്യം അതിനെക്കാൾ ഭീകരമാണ്. നമ്മുടെ കുട്ടികൾക്ക് ഇപ്പോൾ കാണുന്ന തുടർച്ചയായ ചുമ, മൂക്കടപ്പ്, പനി എന്നിവയും ആസ്മയും ഇത്തരം വായുമലിനീകരണം കാരണം ഉണ്ടാകുന്നതാണ്. ഗർഭിണികളെ ഇത് എങ്ങനെ ബാധിക്കുന്നുവെന്ന ആഴത്തിലുള്ള പഠനം കേരളത്തിൽ നടത്തണം. ഗർഭിണികൾ പുകവലിക്കരുത് എന്ന കർശന നിർദേശത്തിനു കാരണമായ വസ്തുതകൾ തന്നെ പിഎം 2.5 മലിനീകരണത്തിന്റെ കാര്യത്തിലും സംഭവിക്കുന്നുണ്ട്. കുഞ്ഞുങ്ങളിലെ ജനിതക മാറ്റങ്ങൾക്കും ബുദ്ധിശക്തിയെ ബാധിക്കുന്ന ദോഷഫലങ്ങൾക്കും ഇതു കാരണമാവും. നഗരത്തിലെ പിഎം 2.5 മലിനീകരണം ഏറെ ഭയപ്പെടുത്തുന്നതാണ്. ∙ഡോ. എസ്.സച്ചിദാനന്ദ കമ്മത്ത് മുൻ ദേശീയ പ്രസിഡന്റ്, ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ്

 

 

 

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com