ഗതാഗതക്കുരുക്ക് രൂക്ഷം; കുരുക്കിൽ കുരുങ്ങി, ഞാറയ്‌ക്കലിൽ മദ്യശാലയ്ക്ക് സമീപം ‘അപകടമേഖല’
Mail This Article
വൈപ്പിൻ ∙ ഞാറയ്‌ക്കലിൽ തിരക്കേറിയ സംസ്ഥാന പാതയോടു ചേർന്നു പ്രവർത്തിക്കുന്ന സർക്കാർ മദ്യവിൽപനശാലയ്ക്കു സമീപം ഗതാഗതക്കുരുക്കും അപകടങ്ങളും പതിവായി. മദ്യം വാങ്ങാനെത്തുന്നവരുടെയും വഴിയോരക്കച്ചവടക്കാരുടേയും തിരക്കും ഇരുചക്രവാഹനങ്ങളുടേയും ഓട്ടോറിക്ഷകളുടേയും പാർക്കിങ്ങും ഈ പ്രദേശത്തെ അപകട മേഖലയാക്കി മാറ്റിയിരിക്കുകയാണ്. അടുത്തിടെ സംസ്ഥാനപാതയോരത്തെ നടപ്പാത നിർമാണം കൂടിയായതോടെ ഇവിടെ റോഡിന്റെ വീതി ഒന്നു കൂടി കുറയുകയും അപകട സാധ്യത വർധിക്കുകയും ചെയ്തിരിക്കുകയാണെന്നു യാത്രാ സംരക്ഷണ സമിതി ചെയർമാൻ സുപ്രി കാട്ടുപറമ്പിൽ പറഞ്ഞു.
ഇരുവശത്തേക്കും പോക്കറ്റ് റോഡുകളുള്ള ചെറിയ ജംക്‌ഷനിലാണ് മദ്യവിൽപനശാല പ്രവർത്തിക്കുന്നത്. വൈകിട്ടും മറ്റും മദ്യം വാങ്ങാനെത്തുന്നവരുടെ തിരക്കു മൂലം ഇതുവഴി നടന്നു പോകാൻ പോലും കഴിയാത്ത അവസ്‌ഥയാണെന്നു നാട്ടുകാർ പറയുന്നു. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷകളും മറ്റും കൂട്ടമായി പാർക്കു ചെയ്‌തിരിക്കുന്നതിനിടയിൽ സ്വകാര്യ ബസുകൾ അടക്കമുള്ള വലിയ വാഹനങ്ങൾ കുടുങ്ങുന്നത് പതിവാണ്.
ഇത് പലപ്പോഴും വാക്കു തർക്കത്തിനും കയ്യാങ്കളിക്കും വഴി വയ്ക്കുന്നു. മദ്യം വാങ്ങാനെത്തുന്നവരും വാങ്ങി മടങ്ങുന്നവരും പലപ്പോഴും അശ്രദ്ധമായാണ് ഇവിടെ റോഡ് കുറുകെ കടക്കുന്നത്. പടിഞ്ഞാറു ഭാഗത്തേക്കുള്ള പോക്കറ്റ് റോഡ് തൊട്ടടുത്തു തന്നെയായതിനാൽ ഇതുവഴി പോകുന്നവർക്കാണു മദ്യശാലയ്‌ക്കു മുന്നിലെ തിരക്ക് ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നത്. കിഴക്കു ഭാഗത്തേക്കുള്ള പോക്കറ്റ് റോഡിന് സമീപത്തെ ഒഴിഞ്ഞ സ്ഥലങ്ങളിൽ പരസ്യ മദ്യപാനം നടക്കുന്നതായും പരാതിയുണ്ട്.