കോട്ടപ്പടിയിൽ വീണ്ടും കാട്ടാന ആക്രമണം; വയോധികന് പരുക്ക്
Mail This Article
കോതമംഗലം∙ കോട്ടപ്പടി വാവേലിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന വയോധികനെ ആക്രമിച്ചു. സാരമായി പരുക്കേറ്റ മഠത്തുംപാറ വർക്കിയെ (കുഞ്ഞ്–78) സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രി ഏഴോടെയാണു സംഭവം. വാവേലി കവലയിൽ ബസിറങ്ങി വർക്കി വീട്ടിലേക്കു പോകുമ്പോൾ സമീപത്തെ പറമ്പിൽ നിന്നു വഴിയിലേക്കു പാഞ്ഞെത്തിയ കൊമ്പൻ തുമ്പിക്കൈ കൊണ്ട് അടിച്ചു. വീണുപോയ വർക്കിയെ കുത്താൻ ശ്രമിച്ചെങ്കിലും സമീപത്തെ മരത്തിൽ കൊണ്ടതു രക്ഷയായി.
സംഭവം കണ്ട അയൽവാസി ബേസിൽ സിബി ടോർച്ച് തെളിച്ച് ഒച്ചവച്ച് ഓടിയെത്തി വർക്കിയെ താങ്ങിയെടുത്തു. ചിന്നംവിളിച്ചു സമീപത്തു തങ്ങിയ ആന വീണ്ടും ആക്രമിക്കാൻ ശ്രമിച്ചപ്പോൾ ബേസിലിന്റെ വിളി കേട്ടെത്തിയ സമീപവാസികൾ ഒച്ചവച്ചാണു തുരത്തിയത്. മുഖത്തു പരുക്കേറ്റ വർക്കിയുടെ മൂക്കിൽനിന്നു രക്തം ഒഴുകുന്നുണ്ടായിരുന്നു.
ആക്രമിച്ച കൊമ്പൻ ഉൾപ്പെടെ 4 കാട്ടാനകൾ പതിവു ശല്യക്കാരാണ്. ചൊവ്വാഴ്ച പകലും പ്രദേശത്ത് കാട്ടാനകളുടെ സാന്നിധ്യമുണ്ടായിരുന്നു. കഴിഞ്ഞ 15നു രാവിലെ സമീപപ്രദേശമായ വടക്കുംഭാഗത്തു കാട്ടുകൊമ്പന്റെ ആക്രമണത്തിൽ പരുക്കേറ്റ ടാപ്പിങ് തൊഴിലാളി ചികിത്സയിലാണ്. മനുഷ്യർക്കു നേരെ ആക്രമണം വർധിച്ചിട്ടും കാട്ടാനകൾ ജനവാസ പ്രദേശങ്ങളിൽ ഇറങ്ങുന്നതു തടയാൻ നടപടിയില്ലാത്തതിൽ പ്രതിഷേധം രൂക്ഷമാകുന്നുണ്ട്.