പറന്നിറങ്ങി ‘ഡിഹാവിലാൻഡ്’; സീപ്ലെയ്ൻ യാത്രയ്ക്കു കൊച്ചിക്കായലിൽ വീരോചിത ലാൻഡിങ്

Mail This Article
കൊച്ചി∙ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിൽ പുതു വഴികൾ തേടിയുള്ള സീപ്ലെയ്ൻ യാത്രയ്ക്കു കൊച്ചിക്കായലിൽ വീരോചിത ലാൻഡിങ്. കാനഡയിൽ നിന്നുള്ള ‘ഡിഹാവിലാൻഡ്' എന്ന സീപ്ലെയ്നാണു ബോൾഗാട്ടി പാലസിനു മുൻപിലെ വാട്ടർഡ്രോമിൽ ഇറങ്ങിയത്. ഉച്ചയ്ക്ക് 3.15നു നെടുമ്പാശേരിയിൽ നിന്നു പറന്നുയർന്ന വിമാനം ബോൾഗാട്ടി പാലസിനു മുകളിൽ മൂന്നുതവണ വട്ടമിട്ടു പറന്ന ശേഷം 15 മിനിറ്റിനുള്ളിൽ കായലിനെ തൊട്ടുരുമ്മി ലാൻഡ് ചെയ്തു.
17 സീറ്റുള്ള വിമാനത്തിന്റെ മൂന്നാർ മാട്ടുപ്പെട്ടിയിലേക്കുള്ള ആദ്യ പരീക്ഷണ സർവീസ് ഇന്നു രാവിലെ 9.30ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും. ഏകദേശം 30 മിനിറ്റുകൊണ്ടു വിമാനം മാട്ടുപ്പെട്ടി ജലാശയത്തിൽ ഇറങ്ങും. മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ വിമാനത്തിനു ഡാം പരിസരത്തു സ്വീകരണം നൽകും. സംസ്ഥാന ടൂറിസം സെക്രട്ടറി കെ. ബിജു, വ്യോമയാന സെക്രട്ടറി ബിജു പ്രഭാകർ, കലക്ടർ എൻ.എസ്.കെ. ഉമേഷ്, കേരള ടൂറിസം അഡിഷനൽ ഡയറക്ടർ (ജനറൽ) പി. വിഷ്ണുരാജ്, വിവിധ ടൂറിസം സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ ചേർന്നു സീപ്ലെയ്നിനു സ്വീകരണം നൽകി. മാട്ടുപ്പെട്ടിയിൽ നിന്നു തിരിച്ചു നെടുമ്പാശേരിയിൽ എത്തി സീപ്ലെയ്ൻ ഇന്ന് അഗത്തിയിലേക്കു യാത്രയാകും.
കേന്ദ്ര സർക്കാരിന്റെ ഉഡാൻ റീജനൽ കണക്ടിവിറ്റി പദ്ധതിക്കു കീഴിലാണു സീപ്ലെയ്ൻ സർവീസ് സംസ്ഥാനത്ത് ആരംഭിക്കുന്നത്. കേരളത്തിലെ വിമാനത്താവളങ്ങളും ജലാശയങ്ങളും തമ്മിലുള്ള കണക്ടിവിറ്റി വർധിപ്പിക്കുന്നതാണു പദ്ധതി. റൺവേക്കു പകരം ജലത്തിലൂടെ നീങ്ങി ടേക്ക് ഓഫ് നടത്തുകയും ജലത്തിൽ തന്നെ ലാൻഡിങ് നടത്തുകയും ചെയ്യുന്ന ചെറുവിമാനമാണു സീപ്ലെയ്ൻ. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന വാട്ടർഡ്രോമുകളിൽ നിന്നാണു യാത്രക്കാർ വിമാനത്തിൽ കയറുക. 9, 15, 17, 20, 30 സീറ്റുകളുള്ള ചെറിയ വിമാനങ്ങളാണിവ.
കനേഡിയൻ പൗരന്മാരായ ക്യാപ്റ്റൻ ഡാനിയൽ മോണ്ട്ഗോമറി, ക്യാപ്റ്റൻ റോഡ്ജർ ബ്രിൻഡ്ജർ എന്നിവരാണു കൊച്ചിയിലെത്തിയ വിമാനത്തിന്റെ പൈലറ്റുമാർ. യോഗേഷ് ഗാർഗ്, സന്ദീപ് ദാസ്, സയ്യിദ് കമ്രാൻ ഹുസൈൻ, മോഹൻ സിങ് എന്നിവരാണു ക്രൂ അംഗങ്ങൾ.സ്വിറ്റ്സർലൻഡിൽ നിന്നുള്ള സ്വകാര്യ കമ്പനിയും സ്പൈസ്ജെറ്റും ചേർന്നാണു ‘ഡിഹാവിലാൻഡ്' കാനഡയുടെ സർവീസ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്. ആന്ധ്രപ്രദേശ്, കർണാടക സംസ്ഥാനങ്ങളിലെ പരീക്ഷണ സർവീസിനു ശേഷമാണു വിമാനം കേരളത്തിലെത്തിയത്. നേരത്തേ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ സിയാലിന്റെ നേതൃത്വത്തിൽ വിമാനത്തെ വാട്ടർ സല്യൂട്ട് നൽകി സ്വീകരിച്ചു.