കേരള കോൺഗ്രസുകളുടെ രാഷ്ട്രീയ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ്; ആരാണ് വല്യേട്ടൻ?
Mail This Article
ആരാണ് വല്യേട്ടൻ?
കേരള കോൺഗ്രസുകളുടെ രാഷ്ട്രീയ ഭാവി തിരഞ്ഞെടുപ്പു ഫലം നിർണയിക്കും. ഏതു കേരള കോൺഗ്രസിനായിരിക്കും കൂടുതൽ എംഎൽഎമാർ എന്നതിനെ ആശ്രയിച്ചായിരിക്കും ഭാവി. പിളർപ്പിനു ശേഷം കേരള കോൺഗ്രസുകൾ വീണ്ടുമൊരു ബലപരീക്ഷണത്തിന് നിയമസഭാ തിരഞ്ഞെടുപ്പ് വഴിയൊരുക്കി. 12 സീറ്റിലാണ് കേരള കോൺഗ്രസ് (എം) മത്സരിച്ചത്. ഈ 12 സീറ്റും ജയിക്കുമെന്ന് ജോസ് കെ. മാണി പറഞ്ഞു. 10 സീറ്റിലാണ് കേരള കോൺഗ്രസ് മത്സരിച്ചത്. പത്തും ജയിക്കുമെന്ന് ഇന്നലെ പി.ജെ. ജോസഫും പറഞ്ഞു. നാലിടത്ത് ഇരുവരും പരസ്പരം മത്സരിച്ചു. അതിനാൽ രണ്ടു പേരുടെയും കണക്ക് ഒരുമിച്ച് ശരിയാകില്ല.
കോടതി വിധികളിലൂടെ പാർട്ടി ചിഹ്നം കേരള കോൺഗ്രസ് (എം) നേടി. പാലായിൽ വിജയിച്ച് കൂടുതൽ സീറ്റ് നേടിയാൽ കേരള കോൺഗ്രസിന്റെ (എം) പൈതൃകം ജോസ് കെ. മാണിക്ക് ലഭിക്കും. പി.സി. തോമസുമായി ലയിച്ച് ബ്രാക്കറ്റില്ലാത്ത കേരള കോൺഗ്രസ് പാർട്ടിയായാണ് പി.ജെ. ജോസഫ് മത്സരിച്ചത്. കൂടുതൽ സീറ്റ് നേടിയാൽ കേരള കോൺഗ്രസിന്റെ പൈതൃകം പി.ജെ. ജോസഫിനും അവകാശപ്പെടാം. ഇടുക്കിയിൽ രണ്ടിടത്താണ് ഇവർ പരസ്പരം ഏറ്റുമുട്ടുന്നത്.
തൊടുപുഴയിലെ ഒഴുക്ക്
പി.ജെ.ജോസഫിന്റെ തേരോട്ടം അവസാനിപ്പിക്കുമെന്ന പ്രതീക്ഷയിലാണ് ഇടതു പാളയം. കൃത്യമായ ലക്ഷ്യങ്ങളിലേക്കുള്ള ക്യാംപെയ്നുകൾ ഫലം കണ്ടെന്ന സൂചനയാണ് ലഭിക്കുന്നതെന്ന് എൽഡിഎഫ് പറയുന്നു. വിജയം ആവർത്തിക്കുമെന്നുറപ്പിച്ചാണ് യുഡിഎഫ്. വർഷങ്ങളായി യുഡിഎഫിന് ഒപ്പം നിൽക്കുന്ന മണ്ഡലം വൻ ഭൂരിപക്ഷത്തോടെ ഇത്തവണയും വിജയിക്കുമെന്ന് പി.ജെ.ജോസഫ് പറഞ്ഞു. അതേ സമയം ശക്തമായ മത്സരത്തിൽ ഇത്തവണ 10,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എൽഡിഎഫ് വിജയിക്കുമെന്ന് സ്ഥാനാർഥി കെ.ഐ.ആന്റണി പറഞ്ഞു.
കണക്കുകൾ പറയുന്നത്
പോളിങ് ശതമാനം കൂടുമ്പോൾ വലത്തോട്ടും കുറയുമ്പോൾ ഇടത്തോട്ടും ചരിയുന്നതാണ് ഇടുക്കിയുടെ ചരിത്രം. 2016ൽ ഇടത് വിജയം കൊണ്ടാടുമ്പോൾ 73.59% വോട്ടുകൾ പോൾചെയ്തു. എന്നാൽ 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ പോളിങ് 76.26 ത്തിലേക്ക് ഉയർന്നപ്പോൾ അടിമുടി യുഡിഎഫ് തരംഗത്തിലായി ജില്ല. ഫലമോ ഡീൻ കുര്യാക്കോസിന് റെക്കോർഡ് ഭൂരിപക്ഷവും. എന്നാൽ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പോളിങ് ഇടിഞ്ഞപ്പോൾ ഫലം ഇടതിനനുകൂലമായി. പോളിങ് ഇത്തവണ കുത്തനെ കുറഞ്ഞു.
അവസാന നിമിഷവും ഇഞ്ചോടിഞ്ച് പോരാട്ടമാണ് ദേവികുളത്ത് ഉണ്ടായത്. അതിർത്തി കടന്ന് വോട്ട് എത്താത്തത് ഫലത്തിൽ നിർണായകമാകും. 2,000 മുതൽ 3,000 വരെയാണ് യുഡിഎഫ് പ്രതീക്ഷിക്കുന്ന ഭൂരിപക്ഷം. എന്നാൽ തങ്ങളുടെ ഭൂരിപക്ഷം 6,000 കടക്കുമെന്നാണ് എൽഡിഎഫ് കണക്കുകൂട്ടൽ.