പെരുവ ആരോഗ്യ കേന്ദ്രവും കടൽകണ്ടം പാലവും സന്ദർശിച്ച് കെ.കെ.ശൈലജ
Mail This Article
കോളയാട് ∙ പഞ്ചായത്തിന്റെ പെരുവ പ്രാഥമിക ആരോഗ്യ കേന്ദ്രവും അപകടാവസ്ഥയിലായ പെരുവ കടൽകണ്ടം പാലവും കെ.കെ.ശൈലജ എംഎൽഎ സന്ദർശിച്ചു. പ്രാഥമികാരോഗ്യ കേന്ദ്രത്തെ ആധുനിക സൗകര്യങ്ങളോടു കൂടിയ മാതൃകാ കുടുംബാരോഗ്യ കേന്ദ്രമാക്കും എന്നും അപകടാവസ്ഥയിലായ കടൽകണ്ടം പാലത്തിനു പകരം പുതിയ പാലം നിർമിക്കാനുള്ള നടപടികൾ വേഗത്തിൽ പൂർത്തിയാക്കുമെന്നും എംഎൽഎ പറഞ്ഞു. വർഷങ്ങൾക്കു മുൻപു നിർമിച്ച പാലം തകർന്ന് അപകടാവസ്ഥയിലായതോടെ ഇതുവഴിയുള്ള ഗതാഗതം നിരോധിച്ചിരുന്നു.
ഇതോടെ ഒട്ടേറെ കുടുംബങ്ങൾ ദുരിതത്തിലായിരുന്നു. ഈ സാഹചര്യത്തിലാണ് എംഎൽഎ സന്ദർശനം നടത്തിയത്. പുതിയ പാലം നിർമിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തനമെന്ന നിലയിൽ മണ്ണ് പരിശോധന നടന്നുവരികയാണ്. പാലം സന്ദർശിച്ച ശേഷമാണ് എംഎൽഎ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെത്തിയത്. പ്രാഥമികാരോഗ്യ കേന്ദ്രത്തെ നേരത്തെ കുടുംബാരോഗ്യ കേന്ദ്രമായി ഉയർത്തിയിരുന്നു. ഇതിന്റെ ഭാഗമായി മുൻ എംഎൽഎ, പഞ്ചായത്ത്, നാഷനൽ ഹെൽത്ത് മിഷൻ എന്നിവയുടെ ഫണ്ട് ഉപയോഗിച്ച് ഒപി കെട്ടിടം,
നിരീക്ഷണ മുറി തുടങ്ങിയവയുടെ നിർമാണം നടന്നു വരികയാണ്. ഈ നിർമാണ പ്രവർത്തനങ്ങളും ആശുപത്രിയിലെ സൗകര്യങ്ങളും എംഎൽഎ നേരിട്ടു കണ്ടു വിലയിരുത്തി. പഞ്ചായത്ത് പ്രസിഡന്റ് എം.റിജി, വൈസ് പ്രസിഡന്റ് കെ.ഇ.സുധീഷ് കുമാർ, സെക്രട്ടറി കെ.പ്രീത, എ.ടി.കുഞ്ഞുമുഹമ്മദ്, ഷീബ പ്രദീപൻ, റോയ് കെ.പൗലോസ്, എ.ഷാജു, കെ.പി.സുരേഷ് കുമാർ, ഡോ. കെ.സി.സച്ചിൻ, ഡോ. ഷഫാഫ് അബ്ദുൾ കരീം എന്നിവരും എംഎൽഎക്ക് ഒപ്പം ഉണ്ടായിരുന്നു.