ADVERTISEMENT

മാഹി∙ ഒളിവിൽ കഴിഞ്ഞ നായനാരെ സംരക്ഷിച്ച വീട്ടിലെ വീറുറ്റ പോരാട്ട സ്മരണകൾ നെഞ്ചിലേറ്റിയ പന്തക്കൽ അരിയാരപ്പൊയിൽ ജാനു വിടവാങ്ങി. കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രവർത്തനം നിരോധിച്ച സമയത്ത് നേതാക്കളുടെ അഭയ കേന്ദ്രമായിരുന്നു മൂലക്കടവ് പുഴയോരത്തെ അരിയാരപ്പൊയിൽ വീട്. ജാനുവിന്റെ മരണം കമ്യൂണിസ്റ്റ് ചരിത്രത്തിലെ ഓർമകൾ സൂക്ഷിച്ച പോരാളിയുടെ വിടവാങ്ങൽ ആയി. 

ജാനുവിന്റെ മാതാപിതാക്കളായ കൃഷ്ണന്റെയും താലയുടെയും സംരക്ഷണത്തിൽ ആണ് 1948 മുതൽ 1954വരെ കമ്യൂണിസ്റ്റ് നേതാക്കൾ ഈ വീട്ടിൽ താമസിച്ചത്. എ.കെ.ജി, ഇ.എം.എസ്, എൻ.ഇ.ബലറാം, ടി.യു.രാമുണ്ണി, പി.വി.അന്തൻ, പി.കെ.മാധവൻ, കൃഷ്ണപിള്ള, പാട്യം ഗോപാലൻ തുടങ്ങിയവർ ഒളിവിൽ കഴിഞ്ഞ വീട്ടിലെ കുട്ടിയായി ജീവിച്ച ജാനുവിനു പാർട്ടി രഹസ്യം സൂക്ഷിച്ച കഥ മരിക്കുവോളം ഓർക്കുന്നത് ആവേശമായിരുന്നു. 

നായനാർ 1948ൽ വന്ന് മൂന്നു വർഷം ജാനുവിന്റെ വീട്ടിൽ താമസിച്ചു. ഇ.എം.എസ് വീട്ടിൽ വിളിച്ചു ചേർത്ത യോഗത്തിൽ 75 സഖാക്കൾ പങ്കെടുത്ത ഓർമകൾ ജാനു എപ്പോഴും പങ്കുവയ്ച്ചിരുന്നു. ചോറിനുള്ള അരി തില്ലങ്കേരിയിൽ നിന്നും ടിന്നിൽ കൊണ്ടു വന്ന കഥ മറക്കാതെ എന്നും പറയും. നായനാർക്ക് വലിയ കോളാമ്പി പാർട്ടി സഖാക്കൾ എത്തിച്ച കഥ, ഫ്രഞ്ച് പൊലീസിനു സംശയം തോന്നി  കോളാമ്പി എടുത്തുകൊണ്ടു പോയ സംഭവം– എല്ലാം നടക്കുമ്പോഴും കാഴ്ചക്കാരിയായി നിന്ന ജാനു അച്ഛൻ അമ്മയോട് പറയുന്ന വാക്ക്– സഖാക്കളെ ഒരുറുമ്പു പോലും കടിക്കാതെ നോക്കണം എന്ന് – ഇടക്കിടെ ഓർത്തിരുന്നു. 

അത് എന്നും പാലിക്കാൻ കഴിഞ്ഞ മാതാപിതാക്കളുടെ മകളായി പിറന്നതിൽ ജാനു ആവേശം കൊണ്ടിരുന്നു. മരിക്കുവോളം കമ്യൂണിസ്റ്റ് ആണ് എന്നുപറഞ്ഞ് ജീവിച്ച ജാനുവിന്റെ മരണം കമ്യൂണിസ്റ്റ് ചരിത്രം പേറിയ സഖാവിന്റെ വിടവാങ്ങൽ ആയി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com