വൈകിയാണെങ്കിലും അവൻ നടക്കാൻ പഠിച്ചല്ലോ’; സഫയുടെ വാക്കുകളിൽ ഉണ്ടായിരുന്നു ആത്മവിശ്വാസം...
Mail This Article
കണ്ണൂർ ∙ സഫയുടെ കുഞ്ഞിന് ഇന്ന് ആറാം പിറന്നാളാണ്. അവൻ നടക്കാൻ തുടങ്ങിയതിന്റെ സന്തോഷത്തിലാണ് ഇത്തവണത്തെ പിറന്നാൾ ആഘോഷം. ‘എട്ടാം മാസം മുതൽ തുടങ്ങിയ ഫിസിയോതെറപ്പി സെഷനുകളാണ്. സംസാരവും വ്യക്തമായിത്തുടങ്ങുന്നതേയുള്ളൂ. എങ്കിലും ആശ്വാസമുണ്ട്. സന്തോഷവും. വൈകിയാണെങ്കിലും അവൻ നടക്കാൻ പഠിച്ചല്ലോ’ – സഫയുടെ വാക്കുകളിൽ ആത്മവിശ്വാസം. സഫ മകനെയുംകൊണ്ട് ആശുപത്രികളിൽ കയറിയിറങ്ങാൻ തുടങ്ങിയിട്ടു വർഷങ്ങളേറെയായി. ഓട്ടോയ്ക്കും ടാക്സിക്കുമൊന്നും പോകാൻ പണം തികയാതെ വരുമ്പോൾ ബസ് തന്നെ ശരണം. വളപട്ടണത്തുനിന്നു കുഞ്ഞിനെയെടുത്തുകൊണ്ടു വേണം കണ്ണൂരിലേക്കു ബസ് കയറാൻ. പക്ഷേ, ആ അമ്മയ്ക്കു പരാതികളില്ല. പോരാടാനുറച്ചു ജീവിക്കാൻ തുടങ്ങുമ്പോൾ പരാതികൾക്കു സ്ഥാനമില്ലല്ലോ.
എളുപ്പമല്ല ജീവിതയാത്ര
അമ്മയാകാൻ പോകുകയാണെന്ന് അറിയുന്നതു മുതൽ ഒരു സ്ത്രീയുടെ ജീവിതം മാറിത്തുടങ്ങും. ശരീരത്തിനൊപ്പം മനസ്സും പാകപ്പെടുത്തണം. ഇഷ്ടമുള്ള മധുരങ്ങളെല്ലാം ഒഴിവാക്കണം. വേദനകളേറെ സഹിക്കണം. കുഞ്ഞു ജനിച്ചു കഴിഞ്ഞാലോ ഉത്തരവാദിത്തങ്ങളുടെ പെരുമഴയാണ്. അവയ്ക്കിടയിലായിരിക്കും പലപ്പോഴും കുഞ്ഞിന്റെ ശാരീരിക ബുദ്ധിമുട്ടുകൾ അമ്മമാർ ശ്രദ്ധിക്കുക. തങ്ങളുടെ കുഞ്ഞിനു ശാരീരിക വെല്ലുവിളികളുണ്ടെന്ന് അറിയുന്ന നിമിഷം മുതൽ ആ കുഞ്ഞുങ്ങളുടെ അമ്മമാരും അതിജീവനത്തിന്റെ വലിയ പോരാട്ടം തുടങ്ങും. എങ്കിലേ, പിടിച്ചുനിൽക്കാനാകൂ.
കുഞ്ഞുങ്ങളെ സംരക്ഷിക്കാനാകൂ. അങ്ങനെ പോരാടി ഭിന്നശേഷിക്കാരായ 2 മക്കളെയും വളർത്തിയെടുത്ത അമ്മയാണ് ‘പരിവാറി’ന്റെ ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ ഷീന. വർഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണു ഷീനയ്ക്കു മൂത്ത മകൻ വിഷ്ണുവിനെ ലഭിക്കുന്നത്. ഒന്നരവയസ്സായിട്ടും മകൻ സംസാരിക്കുന്നില്ലെന്നു മനസ്സിലാക്കിയതോടെ ഡോക്ടറെ കണ്ടു. കുഞ്ഞിനു ശാരീരിക വെല്ലുവിളികളുണ്ടെന്നും ഉടൻ സ്പീച്ച് തെറപ്പി തുടങ്ങണമെന്നുമായിരുന്നു നിർദേശം.
അങ്ങനെ, രണ്ടാം വയസ്സിൽ വിഷ്ണുവിന് സ്പീച്ച് തെറപ്പി തുടങ്ങി. ‘അമ്മയെന്ന വാക്കിനുശേഷം അവൻ പറഞ്ഞ വാക്ക് പൂവ് എന്നാണ്. അതുകേട്ട ദിവസം തോന്നിയ സന്തോഷം പറഞ്ഞറിയിക്കാനാകില്ല. രണ്ടാമത്തെ മകൻ അർജുനും ശാരീരിക വെല്ലുവിളികളുണ്ടെന്നു മനസ്സിലാക്കിയതോടെ വീണ്ടും തളർന്നു. മരണത്തെക്കുറിച്ചുപോലും ചിന്തിച്ചു. പക്ഷേ, ഭർത്താവും മാതാപിതാക്കളും തന്ന ധൈര്യം. അതുകൊണ്ടു മാത്രമാണു പിടിച്ചുനിന്നത്. ഇന്ന്, വിഷ്ണുവിന് സൂപ്പർമാർക്കറ്റിൽ ജോലിയുണ്ട്. അവൻ ഒറ്റയ്ക്കു യാത്രകൾ ചെയ്യും. അവന്റെ ശമ്പളം എത്ര ചെറുതാണെങ്കിലും കോടികളുടെ മൂല്യമാണെനിക്ക്. രണ്ടാമത്തെ മകനും ഇതുപോലെ സ്വന്തമായി അധ്വാനിച്ചു വരുമാനമുണ്ടാക്കാൻ സാധിക്കുന്നതിനായാണ് എന്റെ ഓട്ടം’, ഷീന പറഞ്ഞു.
നടപ്പാകാതെ പദ്ധതികൾ
പോരാടാനുറച്ചെത്തുന്ന അമ്മമാരെ പലപ്പോഴും തളർത്തുന്നത് അർഹതപ്പെട്ട ആനുകൂല്യങ്ങൾ ലഭിക്കാതിരിക്കുന്നതാണ്. കിടപ്പുരോഗികൾ, മാനസിക-ശാരീരിക വെല്ലുവിളി നേരിടുന്നവർ, എൻഡോസൾഫാൻ രോഗബാധയിൽ ദുർബലരായവർ തുടങ്ങി മുഴുവൻ സമയ പരിചരണം ആവശ്യമുള്ളവരെ പരിപാലിക്കുന്നവർക്കു പ്രതിമാസം 600 രൂപ നൽകുന്നതാണ് ‘ആശ്വാസകിരണം’ പദ്ധതി. ജില്ലയിലെ നാലായിരത്തോളം പേർക്ക് ഉപകരിച്ചിരുന്ന ഈ സഹായധനത്തിന്റെ വിതരണം നിലച്ചിട്ടു നാളേറെയായി.
600 രൂപയിൽ നിന്നു 1600 രൂപയായി സഹായധനം ഉയർത്തണമെന്ന ആവശ്യം ശക്തമാകുമ്പോഴാണ് അനുവദിച്ച തുക പോലും സർക്കാർ നൽകാത്തത്. ഈ പദ്ധതിയിലേക്കു ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കൾ സമർപ്പിച്ച അപേക്ഷകളാകട്ടെ 2018 മുതൽ പരിഗണിച്ചിട്ടുമില്ല. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ടുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാൻ സംസ്ഥാന സർക്കാർ തുക നീക്കിവയ്ക്കേണ്ട ഫണ്ടാണ് ഭിന്നശേഷി ഫണ്ട്.
2016ലെ ഭിന്നശേഷി അവകാശ നിയമം വകുപ്പ് 88 പ്രകാരം രൂപീകരിക്കേണ്ട ഫണ്ടാണ് ഇതുവരെയും രൂപീകരിക്കാത്തത്. ഭിന്നശേഷിക്കാരുടെ പ്രശ്നങ്ങൾ പരിഹരിക്കാനും ആവശ്യമായ സഹായം നൽകാനും വേണ്ടി 2020ലാണു ജില്ലാതല ഭിന്നശേഷി കമ്മിറ്റികൾ വേണമെന്നു സർക്കാർ ഉത്തരവിടുന്നത്. ഉത്തരവിറങ്ങി 3 വർഷമാകുമ്പോഴും കമ്മിറ്റികൾ എല്ലാജില്ലകളിലും ഇതുവരെ പ്രാബല്യത്തിൽ വന്നിട്ടില്ല. തദ്ദേശ സ്ഥാപനങ്ങളിൽ ഭിന്നശേഷി വൊളന്റിയർമാരെ നിയമിക്കണമെന്ന ആവശ്യവും സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. ബഡ്സ് സ്കൂളുകളിലാകട്ടെ ആവശ്യത്തിന് അധ്യാപകരുമില്ല. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനൊപ്പം സ്കൂൾ പഠനത്തിനുശേഷം ഇത്തരം കുട്ടികൾക്കായി പുനരധിവാസ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന ആവശ്യവും ആവശ്യമായിത്തന്നെ അവശേഷിക്കുകയാണ്.