കണ്ണൂരിൽ വീണ്ടും വൻ ലഹരിമരുന്ന് വേട്ട
Mail This Article
കണ്ണൂർ ∙ 207.84 ഗ്രാം എംഡിഎംഎയുമായി പയ്യന്നൂർ കരിപ്പാൽ കാവിനു സമീപം പാണ്ടികശാലയിൽ വീട്ടിൽ മുഹമ്മദ് മഷ്ഹൂദ് (28), തളിപ്പറമ്പ് കുറ്റിക്കോൽ എൽപി സ്കൂളിനു സമീപം ചെക്കന്റകത്ത് വീട്ടിൽ മുഹമ്മദ് ആസാദ് (27) എന്നിവരെ എക്സൈസ് അറസ്റ്റ് ചെയ്തു. താളിക്കാവിൽ കഴിഞ്ഞ ദിവസം രാത്രി സ്കൂട്ടറിൽ പോകവേ സിഐ ടി.ഷറഫുദ്ദീനും സംഘവുമാണ് ഇവരെ അറസ്റ്റ് ചെയ്തത്. ലഹരി മരുന്നിന് ഏതാണ്ട് 2 ലക്ഷം രൂപ വില വരും. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.
ഏറെക്കാലമായി ഇരുവരും ലഹരി മരുന്ന് വിൽപന നടത്താറുണ്ടെന്നു എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. കഴിഞ്ഞ ദിവസം പിടിയിലായ പ്രതികളി നിന്നാണ് ഇരുവരെയും കുറിച്ച് വിവരം ലഭിച്ചത്. എക്സൈസ് ഇൻസ്പെക്ടർ ഷിജു മോൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കെ.സി.ഷിബു, ആർ.പി.അബ്ദുൽ നാസർ, സിഇഒമാരായ ടി.കെ.ഷാൻ, പി.വി.ഗണേഷ് ബാബു, സിവിൽ എക്സൈസ് ഓഫിസർ ഡ്രൈവർ സോൾ ദേവ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു.
ലഹരിമരുന്ന് എത്തിക്കാൻ ഹൈടെക് രീതി
ലഹരി മരുന്ന് ആവശ്യക്കാർക്ക് എത്തിച്ചു കൊടുക്കുന്നതിൽ ഹൈടെക് രീതിയാണ് സ്വീകരിക്കുന്നത്. ആദ്യം പണം ബാങ്ക് അക്കൗണ്ട് വഴി വാങ്ങും. തുടർന്ന് ഫോണുകൾ എയ്റോപ്ലെയിൻ മോഡിൽ ആക്കിയതിനു ശേഷം ഇടനിലക്കാരൻ വഴി ഇന്റർനെറ്റ് ഉപയോഗിച്ച് വാട്സാപ്പിലൂടെ ഫോട്ടോ ഇടപാടുകാർക്ക് അയച്ചു കൊടുക്കും. തുടർന്ന് ലഹരി മരുന്ന് വയ്ക്കുന്ന സ്ഥലത്തിന്റെ ഫോട്ടോ ഉൾപ്പെടെ അയച്ചു കൊടുക്കും. തളിപ്പറമ്പ് സ്വദേശിയാണ് ഇടനിലക്കാരനായി പ്രവർത്തിക്കുന്നത്. ഇയാളാണ് ലഹരി മരുന്ന് സ്ഥലത്ത് എത്തിക്കുക. കണ്ണൂരിൽ ലഹരി സംഘങ്ങൾക്ക് എതിരെ കുരുക്ക് മുറുക്കി പ്രവർത്തിക്കുകയാണ് എക്സൈസ് സംഘം.