കനത്ത മഴ: വിമാനത്താവളത്തിൽ നിന്നു വെള്ളം കുതിച്ചൊഴുകി; കടകളിൽ വെള്ളം കയറി
Mail This Article
മട്ടന്നൂർ∙ കനത്ത മഴയിൽ കണ്ണൂർ വിമാനത്താവളത്തിൽ നിന്നു വെള്ളം പുറത്തേക്ക് കുതിച്ചൊഴുകി. വിമാനത്താവളത്തിനു പുറത്തെ ഡ്രെയ്നേജും കവിഞ്ഞൊഴുകി. വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ട് പ്രദേശവാസികൾ ആശങ്കയിലായി. ഈ മഴക്കാലം ആരംഭത്തിലും ഓവുചാൽ കവിഞ്ഞൊഴുകിയ വെള്ളം പ്രദേശത്ത് ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നാശനഷ്ടമാണ്. ഇന്നലെ ഉച്ച കഴിഞ്ഞ് അരമണിക്കൂറോളം മാത്രമാണ് മട്ടന്നൂർ മേഖലയിൽ മഴ പെയ്തത്. ഈ സമയം കൊണ്ട് കല്ലേരിക്കരയിലെ പ്രധാന ഡ്രെയ്നേജിലൂടെ ശക്തമായ മഴവെള്ളപാച്ചിലാണ് ഉണ്ടായത്.
വിമാനത്താവളത്തിനു മുകളിൽ നിന്ന് അതിശക്തമായാണ് വെള്ളം കുത്തിയൊഴുകിയത്. ഈ മഴക്കാല ആരംഭത്തിൽ തന്നെ വെള്ളം കുത്തിയൊഴുകി നിരവധി വീടുകൾക്കു നാശനഷ്ടവും വാഹനങ്ങൾക്ക് കേടുപാടും സംഭവിച്ചിരുന്നു. അതിനു മുന്നേയും മഴക്കാലത്ത് വെള്ളം കയറി വ്യാപക നാശനഷ്ടം ഉണ്ടായിരുന്നു. ഡ്രെയ്നേജിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ തീവ്രത കുറയ്ക്കാൻ ജല സംഭരണി പോലെ കുഴി എടുത്തിരുന്നു.
എന്നാൽ ഇത് മണ്ണ് മൂടിയ അവസ്ഥയിലാണ്. ഇതോടെ കഴിഞ്ഞ തവണ ശക്തമായി മഴയിൽ വെള്ളം ഒഴുകി ഇതിനു കെട്ടിയ ചുറ്റുമതിലും തകർത്താണ് വെള്ളം പുറത്തേക്ക് ഒഴുകിയത്. ഇന്നലെ ഉണ്ടായ മഴയിലും മതിൽ തകർന്ന ഭാഗത്ത് കൂടിയാണ് വെള്ളം ഒഴുകിയത്. വെള്ളത്തിന്റെ കുത്തൊഴുക്ക് കണ്ട ജനങ്ങളും ആശങ്കയിലായി. ഇതു പോലെ ഇനിയും മഴ തുടർന്നാൽ വീടുകളിൽ വെള്ളം കയറുമെന്ന ആശങ്കയിലാണ് ജനം. അധികൃതർ ഉടൻ ഇടപെട്ട് അടിഞ്ഞ് കൂടിയ മണ്ണ് നീക്കം ചെയ്യണമെന്നാണ് ജനങ്ങളുടെ ആവശ്യം.
ഉരുവച്ചാലിൽ കടകളിൽ വെള്ളം
ഉരുവച്ചാൽ ∙കനത്ത മഴയെ തുടർന്ന് ഉരുവച്ചാൽ ടൗണിൽ ശിവപുരം റോഡിൽ വെള്ളം കയറി വ്യാപാര സ്ഥാപനങ്ങൾക്ക് നാശനഷ്ടം ഉണ്ടായി.ഇന്നലെ ഉച്ചകഴിഞ്ഞ് ഉണ്ടായ കനത്ത മഴയിൽ ഉരുവച്ചാൽ- ശിവപുരം റോഡിലും റോഡിൽ വെള്ളം ഉയർന്നതോടെ അൽപ നേരം വാഹന ഗതാഗതം തടസപ്പെട്ടു.മട്ടന്നൂരിൽ നിന്ന് ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി. മഴ കുറഞ്ഞതോടെ ഓവുചാലിലെ മാലിന്യംനീക്കം ചെയ്തു വെള്ളക്കെട്ട് ഒഴിവാക്കി. മട്ടന്നൂർ നഗരസഭ ചെയർമാൻ എൻ.ഷാജിത്ത് സ്ഥലം സന്ദർശിച്ചു.