പഴയങ്ങാടി എരിപുരം സംസ്ഥാന പാതയിൽ ഗതാഗതക്കുരുക്ക് പതിവ്
Mail This Article
പഴയങ്ങാടി∙ എരിപുരം പഴയങ്ങാടി സംസ്ഥാന പാതയിൽ പഴയങ്ങാടി താവം റെയിൽവേ മേൽപാലം വരെ ഗതാഗത കുരുക്ക് പതിവായി.വൈകുന്നേരങ്ങളിലാണ് വാഹനങ്ങൾ നീങ്ങിയും നിരങ്ങിയുമുളള ദുരിതയാത്ര. തിരക്കേറിയ പഴയങ്ങാടി ടൗണിലെ സീബ്രാലൈനുകളിലുടെ യാത്രക്കാർക്ക് കടക്കാൻ കഴിയുന്നില്ല. എരിപുരം ട്രാഫിക് സർക്കിൾ മുതൽ തുടങ്ങുന്ന ഗതാഗത കുരുക്ക് ചില സമയങ്ങളിൽ റെയിൽവേ അടിപ്പാത വരെയും മുട്ടുകണ്ടി പഴയങ്ങാടി മത്സ്യമാർക്കറ്റ് വരെയും നീളുന്നു. ദിവസം കഴിയുന്തോറും ഗതാഗതക്കുരുക്ക് കൂടി വരികയാണ്.
എരിപുരം പഴയങ്ങാടി ഇറക്കത്തിൽ സമീപകാലത്തായി തുടങ്ങിയ ചില സ്ഥാപനങ്ങളിലേക്ക് പോകുന്ന വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ റോഡ് മുറിച്ച് പൊടുന്നനെ റോഡിലേക്ക് ഇറക്കുന്നതോടെയാണ് ചെറിയ തോതിലുളള കുരുക്കിൽ തുടങ്ങി ക്രമേണ വലിയ ഗതാഗത കുരുക്കായിമാറുന്നത്. ടൗൺ പ്രധാന റോഡിൽ നിന്ന് മുട്ടുകണ്ടി റോഡിലേക്ക് ഇറങ്ങുന്ന ഭാഗത്ത് റോഡ് കയ്യേറി ചില സ്ഥാപനങ്ങളിലെ സാധന സാമഗ്രികൾ വയ്ക്കുന്നതും കുരുക്കിന് കാരണമാകുന്നുണ്ട്. ഒരേസമയം റെയിൽവേ അടിപ്പാത റോഡിലെ കുരുക്ക് പഴയങ്ങാടി ടൗൺ റോഡ് വരെ നീളുന്ന സാഹചര്യവും വൈകുന്നേരങ്ങളിൽ ഉണ്ട്. ടൗണിലെ കുരുക്കഴിക്കാൻ ജനപ്രതിനിധികളും പൊലീസ്, സന്നദ്ധ സംഘടനകളും രംഗത്ത് വന്നേ പറ്റൂ.