പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് വാഴയുമായി യൂത്ത് കോൺഗ്രസ് മാർച്ച്
Mail This Article
കണ്ണൂർ ∙ സംസ്ഥാനത്ത് പൊലീസിനെ നിയന്ത്രിക്കുന്നത് ഗുണ്ടകളും മാഫിയകളുമാണെന്ന് ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ്. ആഭ്യന്തര വകുപ്പിനെതിരെ ഉയർന്ന പരാതികളുടെ പശ്ചാത്തലത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി സിറ്റി പൊലീസ് കമ്മിഷണർ ഓഫിസിലേക്ക് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ അധ്യക്ഷത വഹിച്ചു.വാഴകൾ ഉയർത്തിപ്പിടിച്ച് ഡിസിസി ഓഫിസിൽ നിന്ന് ആരംഭിച്ച പ്രകടനം കാൽടെക്‌സ് ചുറ്റി എസ്പി ഓഫിസ് പരിസരത്തേക്ക് എത്തും മുൻപേ ടൗൺ സ്റ്റേഷനു മുന്നിൽ പൊലീസ് തടഞ്ഞു. തുടർന്ന് പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉന്തിലും തള്ളിലും കലാശിച്ചു. ഇതിനിടെ പ്രവർത്തകർ വീണ്ടും ബാരിക്കേഡിനു മുന്നിലേക്ക് എത്തിയതോടെ ഒരിക്കൽക്കൂടി ജലപീരങ്കി പ്രയോഗിച്ചു.
സംഘർഷത്തെത്തുടർന്ന് നേതാക്കളെയും പ്രവർത്തകരെയും അറസ്റ്റ് ചെയ്തു നീക്കി. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് വിജിൽ മോഹനൻ, സംസ്ഥാന ജനറൽ സെക്രട്ടറി രാഹുൽ വെച്ചിയോട്ട്, സംസ്ഥാന സെക്രട്ടറി മുഹ്സിൻ കാതിയോട്, ഡിസിസി ഉപാധ്യക്ഷൻ സുദീപ് ജയിംസ്, മുൻ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സന്ദീപ് പാണപ്പുഴ, ജില്ലാ വൈസ് പ്രസിഡന്റ് അശ്വിൻ സുധാകർ, കല്യാശ്ശേരി നിയോജക മണ്ഡലം പ്രസിഡന്റ് പി.പി.രാഹുൽ, ഷുഹൈബ് തലശ്ശേരി, രഗിൻ, സനീഷ് അടുവാപ്പുറം തുടങ്ങിയവരെയാണ് അറസ്റ്റ് ചെയ്തത്. മാർച്ചിന് നേതാക്കളായ റിജിൽ മാക്കുറ്റി, ജോഷി കണ്ടത്തിൽ, റോബർട്ട് വെള്ളാർവള്ളി, റിൻസ് മാനുവൽ, സുധീഷ് വെള്ളച്ചാൽ, മഹിത മോഹൻ, മിഥുൻ മാറോളി, ഐബിൻ ജേക്കബ്, സൗമ്യ എൻ, നിധിൻ കോമത്ത്, പ്രിൻസ് ജോർജ്, നിധിൻ നടുവനാട്, രാഹുൽ ചേരുവഞ്ചേരി എന്നിവർ നേതൃത്വം നൽകി.