ബസ് ഒരു ഗാലറി: ആവേശത്തേരിൽ സൂപ്പർ ലീഗ് മത്സരത്തിന് റെഡ് മറീനേഴ്സിന്റെ യാത്രകൾ
Mail This Article
കണ്ണൂർ∙ കാണാൻ പോകുന്ന കളി പറഞ്ഞറിയിക്കേണ്ട എന്നാണ് പഴഞ്ചൊല്ലെങ്കിലും കളി കാണാനുള്ള ആവേശയാത്രയെക്കുറിച്ച് പറയാതിരിക്കാൻ വയ്യ. കേരള സൂപ്പർ ലീഗ് ഫുട്‌ബോളിൽ കണ്ണൂർ വോറിയേഴ്‌സിന്റെ കളി കാണാൻ ആരാധകപ്പടയായ റെഡ് മറീനേഴ്‌സ് നടത്തുന്ന യാത്ര കളിയോളം ആവേശമുള്ളതാണ്. കേരള സൂപ്പർ ലീഗിലെ മറ്റു മിക്ക ഫാൻ ക്ലബ്ബുകൾക്കുമില്ലാത്തവിധം റെഡ് മറീനേഴ്‌സിന് സ്വന്തം ടീമിന്റെ കളി കാണാൻ മണിക്കൂറുകളോളം യാത്ര ചെയ്യണം. ഹോം ഗ്രൗണ്ടായ കോഴിക്കോട്ടേക്കുതന്നെ മൂന്നു മണിക്കൂറോളം നീളുന്ന യാത്രയുണ്ട്. പക്ഷേ, പാട്ടുപാടിയും ടീമിനു ജയ് വിളിച്ചും നടത്തുന്ന യാത്രയിൽ കളിയോളം ആവേശമുയരും. വോറിയേഴ്‌സ് എഫ്‌സിയുടെ ആദ്യ കളി കാണാൻ മഞ്ചേരിയിലേക്ക് 2 ബസ് നിറയെ ആരാധകരാണ് പോയത്.
ഇന്നലെ കോഴിക്കോട്ട് നടന്ന മത്സരം കാണാനും രണ്ടു ബസിൽ ആരാധകർ പുറപ്പെട്ടു. കണ്ണൂർ വോറിയേഴ്സ് എഫ്സി ചെയർമാൻ ഡോ.എം.പി.ഹസൻ കുഞ്ഞിയും മുൻ രാജ്യാന്തര ഫുട്ബോൾ താരം എം.നജീബും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തുകുട്ടികൾ മുതൽ വിരമിച്ച ഉദ്യോഗസ്ഥർ വരെയുണ്ട് ഈ പടയിൽ. കളിക്കാരും മുൻ കളിക്കാരും പരിശീലകരും സർക്കാർ ജീവനക്കാരും ഡോക്ടർമാരും അഭിഭാഷകരുമെല്ലാം ആരാധകപ്പടയിൽ അംഗങ്ങളാണ്. റെഡ് മറീനേഴ്സിന്റെ അഡ്മിനിസ്ട്രേഷൻ ആൻഡ് ഓപ്പറേഷൻ വിഭാഗത്തിൽ കെ.ശ്രീആഷ്, വി.പി.ഫാസിൽ എന്നിവർ പ്രവർത്തിക്കുന്നു. ഉപദേശക സമിതി അംഗങ്ങളാണ് പി.സിയാസ്, യു.ബിജു രാഘവൻ എന്നിവർ. സാമ്പത്തിക കാര്യം കൈകാര്യം ചെയ്യുന്നത് മുബഷീറും വിജയ് കൃഷ്ണയും ചേർന്നാണ്. യശ്വന്തും സായി കൃഷ്ണയും സമൂഹ മാധ്യമ വിഭാഗം കൈകാര്യം ചെയ്യുന്നു. വാട്സാപ് ഗ്രൂപ്പിൽ അംഗങ്ങളുടെ എണ്ണം ആയിരം കവിഞ്ഞു. കണ്ണൂരിനു പുറമേ കാസർകോട്ടുനിന്നും വയനാട്ടിൽനിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും അംഗങ്ങളുണ്ട്. ഇൻസ്റ്റഗ്രാം പേജിൽ രണ്ടായിരത്തിലധികം ഫോളോവേഴ്സുണ്ട്.