അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ രോഗികളെ വലച്ച് പാനൂർ താലൂക്ക് ആശുപത്രി
Mail This Article
പാനൂർ ∙ ഭൗതിക സാഹചര്യങ്ങളില്ലാതെ പാനൂർ താലൂക്ക് ആശുപത്രി; ചികിത്സ വേണ്ടത് രോഗികൾക്കു മാത്രമല്ല, കാലപ്പഴക്കം മൂലം നശിക്കുന്ന കെട്ടിടത്തിനു കൂടിയാണെന്നു രോഗികൾ. പ്രതിദിനം ശരാശരി 700ലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. എന്നിട്ടും പതിറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടം നവീകരിക്കാനോ, പുതുക്കിപ്പണിയാനോ അധികൃതർ തയാറായിട്ടില്ല. നടപടികൾ ചുവപ്പുനാടയിൽ കുരുങ്ങിക്കിടക്കുന്നതിനാൽ വലയുന്നതു രോഗികളും ജീവനക്കാരുമാണ്.
താലൂക്ക് ആശുപത്രി പേരിനു മാത്രം
സ്ഥലം എംഎൽഎ കൂടിയായിരുന്ന കെ.പി.മോഹനൻ മന്ത്രിയായ സമയത്താണ് പാനൂർ സാമൂഹികാരോഗ്യകേന്ദ്രം താലൂക്ക് ആശുപത്രിയായി ഉയർത്തി ഉത്തരവായതാണ്. എന്നാൽ, 12 ഡോക്ടർമാർ വേണ്ടിടത്ത് ഇപ്പോഴും ഇവിടെ 9 ഡോക്ടർമാരേയുള്ളൂ.അസിസ്റ്റന്റ് സർജന്മാരുടെ 2 പോസ്റ്റും ഒരു ഇഎൻടി തസ്തികയും ഒഴിഞ്ഞു കിടക്കുകയാണ്. മാതൃശിശു സംരക്ഷണ കേന്ദ്രം എന്നു പറയുമെങ്കിലും ഗൈനക്കോളജിസ്റ്റോ, ശിശുരോഗ വിദഗ്ധനോ ഇവിടെയില്ല.സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുമില്ല. ഐപിയും പ്രായോഗികമകല്ല. ലേബർ റൂം നോക്കുകുത്തിയായി മാറി. എക്സ്റേയും പ്രവർത്തനക്ഷമമല്ല. ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി (എച്ച്എംസി) നിയമിച്ച താൽക്കാലിക ജീവനക്കാരെ ഉപയോഗിച്ചാണ് ഇസിജി വിഭാഗം പ്രവർത്തിക്കുന്നത്. 24 മണിക്കൂർ പ്രവർത്തിക്കുന്ന ആശുപത്രി ഇപ്പോഴും സ്വപ്നമായി അവശേഷിക്കുന്നു.
പേര് മാറാൻ കാത്തിരിപ്പേറെ
താലൂക്ക് ആശുപത്രിയാണെന്നു രണ്ടുതവണ ഉത്തരവിറക്കേണ്ടി വന്നിട്ടും ആരോഗ്യവകുപ്പ് 2022 മേയ് 20ന് ഇറക്കിയ ഉത്തരവിൽ ആശുപത്രിയുമായി ബന്ധപ്പെട്ട രേഖകളിൽ മാറ്റം വരുത്തണമെന്ന് നിർദേശിച്ചിട്ടും ഇപ്പോഴും പാനൂർ സാമൂഹികാരോഗ്യ കേന്ദ്രം താലൂക്ക് ആശുപത്രിയായിട്ടില്ല.ഇപ്പോഴും ഓഫിസ് മുദ്രയിൽ രേഖപ്പെടുത്തിയിരിക്കുന്നത് സാമൂഹിക ആരോഗ്യ കേന്ദ്രം എന്നാണ്. ജില്ലാ മെഡിക്കൽ ഓഫിസർ വഴി ആരോഗ്യവകുപ്പ് ഡയറക്ടറുടെ കാര്യാലയത്തിൽ പലതവണ അപേക്ഷ നൽകിയിട്ടും നടപടിയെടുത്തിട്ടില്ലെന്നാണു വിവരം. കഴിഞ്ഞ ദിവസം നടന്ന ആശുപത്രി വികസനസമിതി യോഗത്തിൽ നിന്ന് യുഡിഎഫ് പ്രതിനിധികൾ ഇറങ്ങിപ്പോയതും ഇതേ പ്രശ്നം ഉന്നയിച്ചാണ്. ഇല്ലാത്ത താലൂക്ക് ആശുപത്രിയുടെ പേരിൽ ഫണ്ട് സ്വരൂപിച്ചെന്നാരോപിച്ചെന്നും യുഡിഎഫ് പ്രതിനിധികൾ ആരോപിച്ചിരുന്നു.
എല്ലാം വിവാദത്തിൽ
2015ൽ താലൂക്ക് ആശുപത്രിയായി ഉയർത്തി ഉത്തരവായപ്പോൾത്തന്നെ ആരോഗ്യകേന്ദ്രം സൗകര്യപ്രദമായ മറ്റൊരു സ്ഥലത്തേക്കു മാറ്റാനുള്ള ശ്രമം സ്ഥലം അന്നത്തെ മന്ത്രി കെ.പി.മോഹനൻ ശ്രമം തുടങ്ങിയിരുന്നു. ഇതിനായി പാനൂർ ബൈപാസ് റോഡിൽ സ്വകാര്യ വ്യക്തിയിൽ നിന്ന് 1.23 ഏക്കർ സ്ഥലം കണ്ടെത്തി.ആശുപത്രി സ്ഥലമെടുപ്പ് സമാഹരണ കമ്മിറ്റിയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ ഉൾപ്പെടെയുള്ള എല്ലാ ജനപ്രതിനിധികളുടെയും രാഷ്ട്രീയ പാർട്ടികളുടെയും നേതൃത്വത്തിൽ 2015 ജൂൺ 7ന് ഒറ്റദിവസം കൊണ്ട് 74 ലക്ഷം രൂപ സമാഹരിച്ചു.കമ്മിറ്റി വായ്പയെടുത്ത 26 ലക്ഷം ഉൾപ്പെടെ 1 കോടി 50,001 രൂപ ഉടമയ്ക്കു നൽകിയെങ്കിലും പിന്നീട് തിരികെ വാങ്ങുകയായിരുന്നു.
സ്വപ്നം പാതിവഴിയിലാണ്
ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് സ്ഥലം എംഎൽഎയായി എത്തിയ കെ.കെ.ശൈലജ ആരോഗ്യമന്ത്രിയായി വന്നതു പുതിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കി. 2016– 17 ബജറ്റിൽ ആശുപത്രിക്കായി 25 കോടി അനുവദിച്ചു. ആശുപത്രിയുടെ വികസനത്തിനായി പാനൂർ പൂക്കോം റോഡിലും കണ്ണംവെള്ളിയിലും സ്ഥലം കണ്ടെത്തി. പൂക്കോം റോഡിലെ ഒരു ഏക്കർ സ്ഥലം അനുയോജ്യമാണെന്ന് കണ്ടെത്തി നടപടികൾ ആരംഭിച്ചു. അത്യാധുനിക സൗകര്യങ്ങളുള്ള ആശുപത്രി പണിയാൻ കിഫ്ബിയിൽ നിന്ന് 92 കോടി സർക്കാർ ഫണ്ട് അനുവദിച്ചു. കെട്ടിടത്തിന്റെ രൂപരേഖയടക്കം തയാറായെങ്കിലും സ്വകാര്യ ഉടമയിൽ നിന്ന് സ്ഥലം വിട്ടുകിട്ടുന്നതിലെ കാലതാമസം മൂലം പുതിയ കെട്ടിടം സാധ്യമായില്ല.
ഉള്ളതെങ്കിലും നന്നാക്കുമോ?
ആശുപത്രിയിൽ പെയ്ന്റടിച്ച് 3 വർഷം കഴിഞ്ഞു. ഒപി വിഭാഗത്തിലെ ഓരോ മുറിയിലെ ചുമരിലും പൂപ്പൽ കെട്ടി കിടക്കുകയാണ്. നഗരസഭ പദ്ധതി തയാറാക്കുമെന്നല്ലാതെ വർഷാവർഷമുള്ള പെയ്ന്റിങ് മുടങ്ങിക്കിടപ്പാണ്. ഐപിയിൽ 50 കിടക്കകളെങ്കിലും വേണമെന്നാണ് വ്യവസ്ഥ. എന്നാൽ കിടക്കയിടാൻ 18 കട്ടിലുകൾക്കുള്ള സ്ഥലമേയുള്ളൂ. ആശുപത്രിയിലെ തറയിലെ ടൈലുകളും പൊട്ടിക്കിടപ്പാണ്. പതിറ്റാണ്ടുകൾ പഴക്കമുള്ള ആശുപത്രിയുടെ സ്ഥലം സംബന്ധിച്ചും അവ്യക്തതയുണ്ട്. സ്ഥലത്തിന്റെ അതിർത്തി നിർണയിച്ച് ചുറ്റളവ് കൃത്യമായി നൽകാൻ അധികൃതർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. 2015 വരെ നികുതി അടച്ചിട്ടുള്ളത് ഒരു സ്വകാര്യ വ്യക്തിയാണത്രേ. ഇതു സംബന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണ്.