തെരുവിൽ നായക്കലി..

Mail This Article
പരവനടുക്കം ∙ തെരുവ് നായയുടെ ആക്രമണം വീണ്ടും. പത്തിലേറെ പേർക്ക് കടിയേറ്റു .5 പേർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. പരവനടുക്കത്താണ് തെരുവ് നായ ആളുകളെ ആക്രമിച്ചത്. കൊമ്പനടുക്കത്തെ കുഞ്ഞിബി (55), അങ്കണവാടി ജീവനക്കാരി സാവിത്രി (50),ഇല്ലിക്കളയിലെ ഭാവന (12), പരവനടുക്കത്തെ കുഞ്ഞിരാമൻ (78), കൈത്താറിലെ കമലാക്ഷി (51),പാലിച്ചിയടുക്കത്തെ വ്യാപാരി ബഷീർ (52) എന്നിവരാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. ഇന്നലെ രാവിലെ പാലിച്ചിയടുക്കം, കൈന്താർ പരവനടുക്കം, കൊമ്പനടുക്കം എന്നിവിടങ്ങളിലാണ് തെരുവ് നായയുടെ പരാക്രമം ഉണ്ടായത്.
ഒരു വീട്ടിലെ വളർത്തുപട്ടിയേയും ഇതേ നായ കടിച്ചതായും നാട്ടുകാർ പറഞ്ഞു. പലരുടെയും മുഖം കടിച്ചുകീറിയിട്ടുണ്ട്. കടിച്ച നായയെ പിടികൂടാനുള്ള ശ്രമം വിഫലമായതിനാൽ ജാഗ്രത പാലിക്കണമെന്ന് നാട്ടുകാർ അഭ്യർഥിച്ചു. നേരത്തേ കാസർകോട്, മേൽപ്പറമ്പ് ഭാഗങ്ങളിൽ തെരുവ് നായ ആക്രമണത്തിൽ 60 ലധികം പേർക്കാണ് പരുക്കേറ്റത്.