കരാറുകാരനെ വധിക്കാൻ ശ്രമിച്ച കേസിൽ 3 പേർ അറസ്റ്റിൽ

Mail This Article
വിദ്യാനഗർ ∙കണ്ണിൽ മുളകു പൊടി വിതറിയും ഇരുമ്പ് ദണ്ഡുകൊണ്ട് കരാറുകാരനെ തലയ്ക്കിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ 3 പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ചെർക്കള ബേർക്കയിലെ താമസക്കാരായ അഷറഫ് പുനത്തിൽ (32) അൻവർ പള്ളത്തടുക്ക (34) കർണാടക സ്വദേശിയും ബേർക്കയിലെ താമസക്കാരനുമായ റഫീഖ് (33) എന്നിവരെയാണ് സിഐ പി.പ്രമോദിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.
കഴിഞ്ഞ ഏപ്രിൽ 11നു പുലർച്ചെ 5ന് പ്രാർഥനയ്ക്കു പോകുന്നതിനിടെ കാറിലെത്തിയ സംഘം കരാറുകാരനായ അഷറഫിനെ തടഞ്ഞു നിർത്തി കണ്ണിൽ മുളകു പൊടി വിതറുകയും ഇരുമ്പ് വടി കൊണ്ട് തലയ്ക്കടിക്കുകയുമായിരുന്നു. അഷറഫ് സാരമായ പരുക്കുകളോടെ ദിവസങ്ങളോളം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അഷറഫ് പ്രതിയായ ഒരു കേസിൽ പരാതിക്കാരുടെ ബന്ധുക്കളാണു സംഘത്തിനു ക്വട്ടേഷൻ നൽകിയത്. മഞ്ചേശ്വരം സ്വദേശികൾ ഉൾപ്പെടെയുള്ളവരാണു സംഘത്തിലുണ്ടായിരുന്നത്. കേസിൽ ഇനി 4 പേരെ കൂടി പിടികൂടാനുണ്ട്. 10 ലക്ഷം രൂപയ്ക്കാണു സംഘത്തിനു ക്വട്ടേഷൻ നൽകിയതെങ്കിലും 5 ലക്ഷം രൂപ മാത്രമാണ് സംഘത്തിനു കൈമാറിയത്. മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും അവരെ ഉടൻ പിടികൂടാനാകുമെന്നും പൊലീസ് പറഞ്ഞു.