കൊഴിഞ്ഞു തീരുന്നു, പ്രതീക്ഷകൾ; ചെറു അടയ്ക്ക പൊഴിച്ചിൽ വ്യാപകം, കർഷകർ ആശങ്കയിൽ
Mail This Article
സുള്ള്യ ∙ ചെറു അടയ്ക്ക വ്യാപകമായി പൊഴിഞ്ഞു വീഴുന്നത് അടയ്ക്ക കർഷകരെ ആശങ്കയിലാക്കി. അടയ്ക്ക പ്രധാന കൃഷിയായ സുള്ള്യ താലൂക്കിന്റെ വിവിധ ഭാഗങ്ങളിലും കേരളത്തിന്റെ അതിർത്തി ഗ്രാമങ്ങളിലും മറ്റും വിളവ് എത്താത്ത ചെറു അടയ്ക്ക പൊഴിഞ്ഞു വീഴുന്നു. കഴിഞ്ഞ ഒന്നര മാസത്തിലധികമായി ഇങ്ങനെ കമുകിൻ തോട്ടങ്ങളിൽ അടയ്ക്ക പൊഴിഞ്ഞു പോകുന്നു എന്ന് കർഷകർ പറയുന്നു. കമുകിന്റെ ചുവട്ടിൽ പൊഴിഞ്ഞുവീണ ചെറു അടയ്ക്ക നിറഞ്ഞ നിലയിലാണ്. ബോഡോ മിശ്രിതം തളിച്ചിട്ടും അടയ്ക്ക പൊഴിയുന്നത് തുടരുകയാണ്. കാലാവസ്ഥാ വ്യതിയാനം അടയ്ക്ക കൃഷിയെ പ്രതികൂലമായി ബാധിക്കുന്നതായി കർഷകർ പറയുന്നു.
കഴിഞ്ഞ ഏപ്രിൽ മേയ് മാസത്തിൽ 40 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്ന താപനിലയും കടുത്ത ചൂടും ജൂൺ മാസത്തിൽ മഴ കുറഞ്ഞതും അടയ്ക്ക കൃഷിക്ക് തിരിച്ചടിയായി. പല തോട്ടങ്ങളിലും ഇതിനകം 25 ശതമാനത്തിലധികം വിളവ് എത്താത്ത ചെറു അടയ്ക്ക വരെ പൊഴിഞ്ഞു പോയി. മഞ്ഞളിപ്പ് രോഗം, ഇല പുള്ളി രോഗം എന്നിവ മൂലം സുള്ള്യ താലൂക്കിന്റെ വിവിധ ഗ്രാമങ്ങളിലും അതിർത്തി ഗ്രാമങ്ങളിലും വ്യാപകമായി അടയ്ക്ക കൃഷി നശിച്ചിട്ടുണ്ട്. ഇതു കൂടാതെ കാലാവസ്ഥ വ്യതിയാനം കാരണമുള്ള മഹാളി, ചെറു അടയ്ക്ക പൊഴിഞ്ഞു പോകുന്നത് എന്നിവ മൂലം എല്ലാ വർഷവും അടയ്ക്ക വിളവ് നശിക്കുന്നത് വലിയ നഷ്ടമാണ് കർഷകർക്ക് ഉണ്ടാവുന്നത് എന്ന് മടപ്പാഡിയിലെ കർഷകനായ എം.ഡി.വിജയകുമാർ പറയുന്നു.