ADVERTISEMENT

ചെറുവത്തൂർ ∙ ചീമേനി കനിയന്തോലിലെ ഇരട്ട സഹോദരങ്ങളായ സുദേവിന്റെയും ശ്രീദേവിന്റെയും മരണം ചീമേനിയെ കണ്ണീരിലാഴ്ത്തി. മൃതദേഹങ്ങൾ ഇന്നലെ പരിയാരത്തുള്ള കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി അമ്മ പുഷ്പയുടെ നീലേശ്വരം കൊയാമ്പുറത്തുള്ള വീട്ടിലെത്തിച്ച് പൊതു ദർശനത്തിനു വച്ചു.

മക്കളുടെ മൃതദേഹം കണ്ട് വിതുമ്പുന്ന അച്ഛൻ രാധാകൃഷ്ണനെ ആശ്വസിപ്പിക്കുന്നവർ .
മക്കളുടെ മൃതദേഹം കണ്ട് വിതുമ്പുന്ന അച്ഛൻ രാധാകൃഷ്ണനെ ആശ്വസിപ്പിക്കുന്നവർ .

തുടർന്ന് ഉച്ചയോടെ കുട്ടികൾ പഠിച്ചിരുന്ന ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ എത്തിക്കുകയായിരുന്നു. രാവിലെ മുതൽ തന്നെ സ്കൂളിന് സമീപം എത്തിയിരുന്ന വിദ്യാർഥികൾ, അധ്യാപകർ, നാട്ടുകാർ തുടങ്ങിയ ജീവിതത്തിന്റെ നാനാ തുറകളിൽ ഉള്ളവർ അന്ത്യാഞ്ജലി അർപ്പിച്ചു.

കുട്ടികൾ പഠിച്ചിരുന്ന ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ  മ‍ൃതദേഹങ്ങൾ
പൊതുദർശനത്തിനു വച്ചപ്പോൾ അന്ത്യാ‍‍ഞ്ജലി അർപ്പിക്കാൻ എത്തിയവർ.
കുട്ടികൾ പഠിച്ചിരുന്ന ചീമേനി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ മ‍ൃതദേഹങ്ങൾ പൊതുദർശനത്തിനു വച്ചപ്പോൾ അന്ത്യാ‍‍ഞ്ജലി അർപ്പിക്കാൻ എത്തിയവർ.

വിദ്യാർഥികളും, അധ്യാപകരും കുട്ടികളുടെ ചേതനയറ്റ ശരീരം കണ്ടപ്പോൾ വിങ്ങിപ്പൊട്ടി. പഠിത്തത്തിലും മറ്റു കാര്യങ്ങളിലും മിടുക്കരായ ഇവർ 5ാം ക്ലാസിലാണ് പഠിച്ചിരുന്നത്. ഇതിനുശേഷം കുട്ടികളുടെ വീടിനടുത്തുള്ള കനിയന്തോൽ മാതൃശ്രീ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബിൽ എത്തിച്ചു പൊതുദർശനത്തിനു വച്ചു. തുടർന്നു വീട്ടിലെത്തിച്ചപ്പോൾ ബന്ധുക്കളുടെ സങ്കടം കടലോളമെത്തി. 

ചെങ്കൽപണയിൽ കണ്ടെത്തിയ കുട്ടികളുടെ സൈക്കിൽ.
ചെങ്കൽപണയിൽ കണ്ടെത്തിയ കുട്ടികളുടെ സൈക്കിൽ.

അച്ഛനും അമ്മയും സഹോദരിയും കുട്ടികൾക്ക് നൽകിയ അവസാന വിട ചൊല്ലൽ അവിടെ കൂടി നിന്നവരെ കണ്ണീരിലാഴ്ത്തി. നാട്ടിലെത്തി 6 മാസം മുൻപ് ദുബായിലേക്ക് തിരിച്ചുപോയ കുട്ടികളുടെ അച്ഛൻ രാധാകൃഷ്ണൻ ഇന്നലെ രാവിലെയാണ് വീട്ടിൽ എത്തിയത്. വൈകിട്ട് 3ഓടെ വൻജനാവലിയുടെ സാന്നിധ്യത്തിൽ മൃതദേഹങ്ങൾ കനിയന്തോലിലെ ശ്മശാനത്തിൽ സംസ്കരിച്ചു. 

എം.രാജഗോപാലൻ എംഎൽഎ, ജില്ല പഞ്ചായത്ത് പ്രസി‍ഡന്റ് ബേബി ബാലകൃഷ്ണൻ, അംഗം കെ.ശകുന്തള, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ പി.ജനാദർദനൻ, കെ.സുധാകരൻ, രജീഷ് വെള്ളാട്ട്, കരിമ്പിൽ കൃഷ്ണൻ, ടി.വി.കുഞ്ഞിരാമൻ, കെ.ജയരാജൻ, എ.ജയരാമൻ, ബങ്കളം കൃഞ്ഞിക്കൃഷ്ണൻ, മുകേഷ് ബാലകൃഷ്ണൻ, എ.അമ്പൂഞ്ഞി, ടി.വി.ബാലകൃഷ്ണൻ, വി.വി.കൃഷ്ണൻ, മോഹനൻ കാനായി എന്നിവർ അന്ത്യാ‍ഞ്ജലി അർപ്പിക്കാൻ എത്തിയിരുന്നു.

ദുരന്തം മാടിവിളിച്ച് ചെങ്കൽപണകൾ
ചെറുവത്തൂർ ∙ കയ്യൂർ വില്ലേജ് ഓഫിസിന്റെ പരിധിയിൽ വരുന്നതാണ് ഈ അപകടം വരുത്തി വച്ച ഈ ചെങ്കൽപണ. ഇത് ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരാതിയുണ്ട്. ഇത്തരത്തിലുള്ള പതിമൂന്നോളം ചെങ്കൽപണകൾ ഇവിടെ ഉണ്ടെന്നാണ് ബന്ധപ്പെട്ട വില്ലേജ് അധികൃതർ പറയുന്നത്.

പലതും ജനവാസ കേന്ദ്രങ്ങളിലാണ്. പത്തും ഇരുപതും അടി താഴ്ചയുള്ളതാണ് പലതും. മഴ വരുന്നതോ‌ടെ ഇതിൽ മഴവെള്ളം കെട്ടിനിൽക്കുക പതിവാണ്. യാതൊരു സുരക്ഷയമില്ലാതെയാണ് ഇവ റോഡരികിലും,വഴിയരികിലും ഉള്ളത്. ഇനിയൊരു ദുരന്തത്തിന് വഴിയൊരുക്കും മുൻപ് ഇത്തരം ചെങ്കൽപണകൾക്കെതിരെ നടപടി വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com