‘മുസാവരി ബംഗ്ലാവ്’ : നവീകരണത്തിനായി 25 ലക്ഷത്തിന്റെ പദ്ധതി സമർപ്പിച്ചിട്ട് ഒരു വർഷം

Mail This Article
പുനലൂർ ∙ ടിബി ജംക്‌ഷനിൽ പൊതുമരാമത്ത് അതിഥി മന്ദിരത്തിനു സമീപം പൈതൃക സ്മാരകമായി നിലനിർത്തിയ, മരാമത്തു വകുപ്പിന്റെ ഒന്നര നൂറ്റാണ്ടോളം പഴക്കമുള്ള ‘മുസാവരി ബംഗ്ലാവ്’ എന്നറിയപ്പെടുന്ന അതിഥി മന്ദിരം നവീകരിക്കുന്ന പദ്ധതി ഇനിയും യാഥാർഥ്യമായിട്ടില്ല. ചരിത്ര മ്യൂസിയമാക്കുന്നതിനും നേരത്തേ പ്രഖ്യാപനമുണ്ടായെങ്കിലും ആ ദിശയിലും ഒന്നും നടന്നില്ല. നവീകരണത്തിനായി 25 ലക്ഷം രൂപ അടങ്കലുള്ള പദ്ധതി സമർപ്പിച്ചിട്ട് ഒരു വർഷമായി.പഴക്കമുള്ള കെട്ടിടം ഇപ്പോൾ ദ്രവിച്ചു നിലംപൊത്തുന്ന സ്ഥിതിയിലാണ്.
ചോർച്ചയുള്ളതിനാൽ കെട്ടിടത്തിലെ മുറികൾ സന്ദർശകർക്ക് അനുവദിക്കുന്നത് ഒരു വർഷം മുൻപുതന്നെ നിർത്തിവച്ചിരുന്നു. ഇതു സർക്കാരിനു വരുമാന നഷ്ടവുമുണ്ടാക്കുന്നു. വലുതും ചെറുതുമായ രണ്ടു മുറികളാണ് മുസാവരി ബംഗ്ലാവിലുള്ളത്. മറ്റൊരു മുറി നേരത്തേ ഇടിച്ചു നീക്കിയിരുന്നു. 2019ൽ, ഇതിനോടു ചേർന്നുണ്ടായിരുന്ന മറ്റൊരു പഴയ കെട്ടിടം പൊളിച്ചുനീക്കി പുതിയ മന്ദിരം നിർമിച്ചിരുന്നു. എന്നാൽ മുസാവരി ബംഗ്ലാവ് പൊളിക്കാതെ അറ്റകുറ്റപ്പണി നടത്തി പൈതൃക സ്മാരകമെന്ന നിലയിൽ നിലനിർത്തി.
കോവിഡ് കാലത്തു ദീർഘകാലം അടച്ചിട്ടതിനെത്തുടർന്നാണു കെട്ടിടം നാശോന്മുഖമായത്. തടികൊണ്ടുള്ള കതകുകളും ജനാലകളും മച്ചിലെ തട്ടുമൊക്കെ ദ്രവിച്ച് അടർന്നുവീണുകൊണ്ടിരിക്കുകയാണ്.കെട്ടിടം പുനരുദ്ധരിക്കുന്നതിനായി പി.എസ്.സുപാൽ എംഎൽഎയുടെ നിർദേശപ്രകാരം കഴിഞ്ഞ ജനുവരിയിലാണു പദ്ധതി സമർപ്പിച്ചത്. ഡപ്യൂട്ടി ചീഫ് എൻജിനീയർ നേരിട്ടെത്തി കെട്ടിടം പരിശോധിക്കുകയും ചെയ്തിരുന്നു. എന്നാൽ പദ്ധതിക്ക് ഇനിയും ഭരണാനുമതി പോലും ലഭിച്ചിട്ടില്ല.
നിർമിച്ചത് തിരുവിതാംകൂർ രാജഭരണ കാലത്ത്
തിരുവിതാംകൂർ രാജഭരണ കാലത്തു നിർമിച്ചതാണ് കെട്ടിടം. 145 വർഷം പഴക്കമുള്ള പുനലൂർ തൂക്കുപാലത്തിന്റെ നിർമാണത്തിനു മുൻപാണ് ഈ കെട്ടിടം നിർമിച്ചതെന്നാണു വിവരം. താമസക്കാർക്കു വന്യമൃഗങ്ങളുടെ ശല്യമുണ്ടാകാതിരിക്കാൻ അഞ്ചടിയോളം ഉയരത്തിൽ, കൂറ്റൻ തൂണുകളിലായി നിർമിച്ചതാണ് ഓടുമേഞ്ഞ മന്ദിരം.