അജ്ഞാത വാഹനമിടിച്ച് പുള്ളിമാൻ ചത്തു
Mail This Article
പൂയപ്പള്ളി ∙ മരുതമൺപള്ളി മാക്രിയില്ലാകുളത്തിനു സമീപം അജ്ഞാത വാഹനമിടിച്ചു പുള്ളിമാൻ ചത്തു. വെള്ളി രാത്രി 9ന് ആയിരുന്നു സംഭവം. റോഡരികിൽ അവശനിലയിൽ മാനിനെ കണ്ട യാത്രക്കാർ പൂയപ്പള്ളി പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് ഫോറസ്റ്റ് അധികൃതരെ വിവരം അറിയിച്ചതനുസരിച്ചു രാത്രി 10.30ന് അഞ്ചൽ ഫോറസ്റ്റ് റേഞ്ച് ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥരെത്തിയപ്പോഴേക്ക് മാൻ ചത്തു. രാത്രി തന്നെ ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഇൻക്വസ്റ്റ് തയാറാക്കി മാനിന്റെ മൃതദേഹം അഞ്ചലിലേക്കു കൊണ്ടുപോയി. ഇന്നലെ 12നു പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. 3 വയസ്സു പ്രായമുള്ള പെൺമാൻ ആണെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.
പൂയപ്പള്ളിയിൽ നിന്ന് 50 കിലോമീറ്ററിലധികം അകലെ കുളത്തൂപ്പുഴ, ചണ്ണപ്പേട്ട, തെന്മല ഭാഗങ്ങളിലെ വനപ്രദേശങ്ങളിൽ ആണു സാധാരണയായി മാനുകളെ കണ്ടുവരുന്നത്. കിലോമീറ്ററുകൾ താണ്ടി ഇത്ര ദൂരം നായ്ക്കളുടെയോ മനുഷ്യരുടെയോ കണ്ണിൽപ്പെടാതെ മാൻ എങ്ങനെ മരുതമൺപള്ളിയിൽ എത്തിയെന്ന് അന്വേഷണം നടത്തുമെന്ന് വനപാലകർ പറഞ്ഞു. കഴിഞ്ഞ കുറെ നാളുകളായി പൂയപ്പള്ളി, വെളിയം, വെളിനല്ലൂർ, ഉമ്മന്നൂർ തുടങ്ങിയ മേഖലകളിൽ കാട്ടുപന്നി, മുള്ളൻപന്നി, മയിൽ തുടങ്ങിയവയെ ധാരാളമായി കണ്ടുവരുന്നുണ്ട്.