ADVERTISEMENT

കൊല്ലം ∙ ഫോട്ടോഷൂട്ടും റീൽസും പാർട്ടികളുമായി ജന്മദിനം ആഘോഷിക്കുന്നവർക്കിടയിൽ നിന്ന് ഓടിയകലുകയാണ് കേരളപുരം സ്വദേശി ജി.രാജേന്ദ്രൻ നായർ. മേയ് 31ന് രാത്രി 11.30 മുതൽ രാജേന്ദ്രൻ തന്റെ ഷഷ്ടിപൂർത്തി ആഘോഷത്തിനായി ഓടിത്തുടങ്ങി. കൊല്ലം ആശ്രാമം മൈതാനത്തിനു സമീപമുള്ള ക്രൈം ബ്രാഞ്ച് ഓഫിസിൽ നിന്നാരംഭിച്ച് കടപ്പാക്കട വഴി കോയിക്കൽ പള്ളിയിലെത്തി ഇതേയോട്ടം 4 പ്രാവശ്യം ആവർത്തിച്ച് 60 കിലോമീറ്റർ പിന്നിട്ട് ഷഷ്ടിപൂർത്തി വ്യത്യസ്തമാക്കി. അർധരാത്രി തുടങ്ങിയ ഓട്ടം രാവിലെ 8.30 വരെ തുടർന്നു. കോരിച്ചൊരിയുന്ന മഴയും തെരുവുനായ്ക്കളും പ്രതിസന്ധികളായിരുന്നെങ്കിലും രാജേന്ദ്രൻ ഇരുവരെയും ഓടിത്തോൽപ്പിച്ചു. 

രാജസ്ഥാൻ മരുഭൂമിയിലെ പൊള്ളുന്ന മണൽത്തരികളിലും കശ്മീരിലെ കൊടുംതണുപ്പിലുമെല്ലാം ഓടിശീലിച്ച മുൻ പട്ടാളക്കാരനും റിട്ട. വിജിലൻസ് സീനിയർ സിവിൽ പൊലീസ് ഓഫിസറുമായ രാജേന്ദ്രൻ 4 വർഷമായിത്തുടരുന്ന വിശ്രമജീവിതത്തിൽ വിദേശത്തുള്ള മക്കൾക്കും കുടുംബത്തിനുമെല്ലാം പറഞ്ഞുകൊടുത്തത് സർവീസിലെ ഓട്ടക്കഥകളാണ്. പട്ടാള ക്യാംപിൽ  ശീലിപ്പിച്ച ഓട്ടം പിന്നീട് തന്റെ പ്രിയപ്പെട്ട ദിനചര്യയായി മാറിയ കഥ. പതിനെട്ടാം വയസ്സിൽ പട്ടാളത്തിൽ ചേർന്നതു മുതൽ ദിവസവും പത്തിരുപത് കിലോമീറ്റർ ഓടും. 2002ൽ പൊലീസിലേക്ക് മാറിയപ്പോൾ പ്രഭാത ഓട്ടം അൽപം കുറഞ്ഞെങ്കിലും പ്രതികൾക്കു പിന്നാലെയുള്ള ഓട്ടം തുടർന്നു. 2019ൽ പട്ടത്താനത്ത് അമ്മയെ കഴുത്തറുത്തുകൊന്ന പ്രതിയെ പിടിക്കാനായി കോയമ്പത്തൂരിൽ രണ്ടുകിലോമീറ്റർ ഓടിയതാണ് സർവീസ് ജീവിതത്തിലെ ‘ഓട്ടമോർമ’. ഓട്ടത്തിനൊപ്പം യാത്രയും സൈക്കിളിങ്ങുമുണ്ട്. 

മുൻകൂട്ടി തീരുമാനിക്കാതെ യാത്ര ചെയ്ത് സ്ഥലങ്ങൾ കണ്ടെത്തി അവിടെ കിലോമീറ്ററുകളോളം ഓടുക, ചിലപ്പോൾ യാത്ര സൈക്കിളിലാവും. കൂടെയോടാൻ എന്നും ഭാര്യ പി.ലീലാകുമാരിയും ഉണ്ടാകും. 2020ൽ വിരമിച്ച ശേഷം  ഓഫിസിൽ നിന്നോടി വീട്ടിലെത്തിയ രാജേന്ദ്രന് ലണ്ടനിലെ ബാസ്റ്റൺ മാരത്തണിൽ ഓടണമെന്നതാണ് സ്വപ്നം. 2017ൽ സോൾസ് ഓഫ്  കൊല്ലം റണ്ണേഴ്സ് ക്ലബ്ബിൽ ചേർന്നതു മുതൽ ഓടാൻ കൂട്ടുകാരുമായി. ക്ലബ്ബിലെ നാലുപേർക്കൊപ്പം തുടങ്ങിയ പിറന്നാളോട്ടം രാവിലെയായപ്പോൾ മുപ്പതുപേർക്കൊപ്പമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com