ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണ് ലോട്ടറി തൊഴിലാളിക്കു ഗുരുതര പരുക്ക്
Mail This Article
കൊല്ലം ∙ എസ്എൻ കോളജ് ജംക്‌ഷനിലെ ആൽമരത്തിന്റെ കൂറ്റൻ ശിഖരം ഒടിഞ്ഞു വീണ് ലോട്ടറി തൊഴിലാളിക്കു ഗുരുതര പരുക്ക്. തലയ്ക്കു സാരമായി പരുക്കേറ്റ പോളയത്തോട് കപ്പലണ്ടിമുക്ക് മുനിസിപ്പൽ നഗറിൽ ജോർജ് രാജുവിനെ (80) തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ മാർച്ചിൽ ഇതേ മരത്തിന്റെ കൂറ്റൻ ശിഖരം കടപുഴകി അടുത്തുള്ള കടയും സമീപത്തു പാർക്ക് ചെയ്തിരുന്ന വാഹനങ്ങളും തകർന്നിരുന്നു.
ഇന്നലെ വൈകിട്ട് 4.15നാണു സംഭവം. ദേശീയപാതയോരത്തു നിൽക്കുന്ന മരത്തിന്റെ ശിഖരം സമീപത്തെ ശ്രീകൃഷ്ണ ക്ഷേത്രത്തിനു മുകളിലൂടെ മുണ്ടയ്ക്കൽ ഭാഗത്തേക്കുള്ള റോഡിലും ദേശീയപാതയിലും ആയി വീഴുകയായിരുന്നു. സമീപത്തെ കടയിൽ പോയി തിരികെ വീട്ടിലേക്കു വരുന്നതിനിടെയാണു രാജു അപകടത്തിൽപ്പെട്ടത്. ഓടിക്കൂടിയവരും നാട്ടുകാരും ചേർന്ന് ഇദ്ദേഹത്തെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ക്ഷേത്രത്തിനും കേടുപാടുകൾ സംഭവിച്ചു. കടപ്പാക്കടയിൽ നിന്നെത്തിയ 2 യൂണിറ്റ് അഗ്നിരക്ഷാസേനാ സംഘവും പൊലീസും നാട്ടുകാരും ചേർന്നു മരം മുറിച്ചു മാറ്റിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. അപകട ഭീഷണി ഉയർത്തുന്ന ഈ മരം അടിയന്തരമായി മുറിച്ചു നീക്കണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെട്ടു.
ഒഴിവായത് വലിയ ദുരന്തം
കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ് ആയിരുന്നതിനാൽ വിദ്യാർഥികൾ ഇല്ലാതിരുന്നതു കൊണ്ടും ക്ഷേത്രത്തിനു മുൻപിലെ റെയിൽവേ ഗേറ്റ് തുറന്നു കിടന്നതിനാലും ആണു വലിയ ദുരന്തം ഒഴിവായത്. സാധാരണഗതിയിൽ വൈകിട്ട് ഈ സമയത്ത് ഇവിടെ വിദ്യാർഥികളുടെ തിരക്ക് ഉണ്ടായിരിക്കും. കൂടാതെ, റെയിൽവേ ഗേറ്റ് അടഞ്ഞു കിടന്നിരുന്നു എങ്കിൽ കൂറ്റൻ ശിഖരം പതിക്കുന്നത് ഇവിടെ കാത്തുകിടക്കുന്ന വാഹനങ്ങളുടെയും ആളുകളുടെയും മുകളിലേക്കും ആയിരിക്കും.
അപകടം തുടർക്കഥ
കഴിഞ്ഞ മാർച്ച് 26നാണ് ഇതേ മരത്തിന്റെ കൂറ്റൻ ശിഖരം പതിച്ചു സമീപത്തെ കടയ്ക്കും സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിച്ചത്. അന്നു മുറിച്ച ശിഖരങ്ങൾ ഇവിടെ തന്നെ അടുക്കിവച്ചിട്ടുമുണ്ട്. വലിയ 2 ശിഖരങ്ങൾ കൂടി ഈ മരത്തിൽ ഉണ്ട്. ഒരു ശിഖരം സമീപത്തെ റെയിൽവേ ലൈനിലേക്ക് ആണു ചാഞ്ഞു നിൽക്കുന്നത്. ഇതു വീണാൽ റെയിൽവേ ഇലക്ട്രിക് ലൈനും ഗതാഗതവും അടക്കം താറുമാറാകും. കൂടാതെ, പ്രധാന പാതയിലേക്കു മരത്തിന്റെ മറ്റൊരു ശിഖരവും പടർന്നു നിൽക്കുന്നതും ഏതു സമയവും അപകടം ഉണ്ടാക്കാം.