കഞ്ചാവ് കടത്ത്: പ്രധാന പ്രതി ഒഡീഷയിൽ അറസ്റ്റിൽ
Mail This Article
ഓച്ചിറ∙ 30 കിലോ കഞ്ചാവുമായി അഞ്ചംഗ സംഘത്തെ അറസ്റ്റ് ചെയ്ത കേസിലെ പ്രധാനിയായ ഒഡീഷ സ്വദേശിയെയും ഓച്ചിറ പൊലീസ് അറസ്റ്റ് ചെയ്തു. മാവോയിസ്റ്റ് മേഖലയിലെ ഒളിത്താവളത്തിൽ നിന്ന് ഒഡീഷ പൊലീസിന്റെ സഹായത്തോടെ സാഹസികമായാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഒഡീഷ കന്തമല ജില്ലയിൽ ഡക്കാപ്പെട്ട സ്വദേശി നവ കിഷോർ പ്രഥാൻ (32) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 19ന് 30 കിലോ കഞ്ചാവുമായി നീണ്ടകര സ്വദേശി കുമാർ (28), ചവറ സ്വദേശികളായ ഷൈബു രാജ് (35), ജീവൻഷാ (29), പ്രമോദ് (32), വിഷ്ണു (26) എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ വി.അജേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം ഒഡീഷയിൽ പോയി പ്രതിയെ അറസ്റ്റ് ചെയ്തത്.
മാവോയിസ്റ്റ് മേഖലയിലെ വനത്തിലും ഡാമിന്റെ വശങ്ങളിലും കഞ്ചാവ് കൃഷി നടത്തി പാകമായ കഞ്ചാവ് വെട്ടി ഉണക്കി വനത്തിനുള്ളിൽ സൂക്ഷിച്ച ശേഷം ആവശ്യക്കാർക്ക് എത്തിച്ചുകൊടുക്കുകയാണ് ഇവരുടെ രീതി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാനിയാണ് നവ കിഷോർ പ്രഥാൻ എന്നു പൊലീസ് പറഞ്ഞു.
ഇവരുടെ ഒളിത്താവളങ്ങളിൽ പൊലീസ് പ്രവേശിക്കുന്നത് തടയാൻ നാട്ടുകാരുടെ പ്രത്യേക സംഘമുണ്ട്. ഓച്ചിറ പൊലീസ് ഇൻസ്പെക്ടർ വി.അജേഷ്, എസ്ഐ സുനിൽകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ കനീഷ്, രാജേഷ്, മോഹൻലാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കരുനാഗപ്പള്ളി മജിസ്ട്രേട്ട് കോടതി റിമാൻഡ് ചെയ്തു.