ADVERTISEMENT

കൊല്ലം∙പക്ഷി വൈവിധ്യത്താൽ സമ്പന്നമായ അരിപ്പ സംരക്ഷിത വനമേഖലയിൽ 4 കാക്കമരംകൊത്തികളെ കണ്ടെത്തി. കേരളത്തിലെ പക്ഷി നിരീക്ഷകരുടെയും പരിസ്ഥിതി പ്രവർത്തകരുടെയും ആചാര്യനും ‘കേരളത്തിലെ പക്ഷികൾ’ എന്ന വിഖ്യാത പുസ്തകം ഉൾപ്പെടെ രചിച്ച പ്രശസ്ത എഴുത്തുകാരനുമായ ഇന്ദുചൂഡൻ എന്ന തൂലിക നാമത്തിൽ അറിയപ്പെട്ടിരുന്ന കെ.കെ.നീലകണ്ഠന്റെ സ്മരണാർഥം തിരുവനന്തപുരം വാർബ്ലേഴ്സ് ആൻഡ് വെയ്ഡേഴ്സ് വനം വകുപ്പിന്റെ സഹകരണത്തോടെ നടത്തിയ പക്ഷി നിരീക്ഷണ ക്യാംപിലാണ് ഇവയെ കണ്ടെത്തിയത്. 

കേരളത്തിൽ കാണുന്ന മരംകൊത്തികളിൽ ഏറ്റവും വലുതാണ് കാട്ടുനിവാസിയായ കാക്കമരംകൊത്തി. തിരുവനന്തപുരം-ചെങ്കോട്ട പാതയോടു ചേർന്നു സ്ഥിതി ചെയ്യുന്ന അരിപ്പ വനം മേഖലയിൽ ഒരു കാലഘട്ടത്തിൽ സുലഭമായി കണ്ടിരുന്ന കാക്കമരംകൊത്തികളുടെ എണ്ണത്തിൽ ഏതാനും  വർഷമായി ഗണ്യമായി കുറവുണ്ടായിരുന്നു. ഇവയുടെ എണ്ണത്തിൽ വീണ്ടും വർധന ഉണ്ടാകുന്നതിന്റെ സൂചനയാണ് ഈ കണ്ടെത്തൽ. 

സംഘടനയുടെ സ്ഥാപക അംഗമായ സി.സുശാന്തിന്റെ നേതൃത്വത്തിൽ നടത്തിയ നിരീക്ഷണത്തിൽ കാക്കമരംകൊത്തിയെ കൂടാതെ അപൂർവമായി കാണുന്ന വലിയ കിന്നരിപ്പരുന്ത്, പശ്ചിമ ഘട്ട മലനിരകളിൽ മാത്രം കണ്ടുവരുന്ന ചാരത്തലയൻ ബുൾബുൾ, ചെറുതേൻ കിളി, കരിഞ്ചുണ്ടൻ ഇത്തിക്കണ്ണിക്കുരുവി, പൊകണ, നീലത്തത്ത, കോഴി വേഴാമ്പൽ എന്നിവയും കിന്നരികാക്ക, തീക്കാക്ക, ഗൗളിക്കിളി, ചെമ്പൻ മുള്ളൻകോഴി, മേനി പ്രാവ്, തണ്ടാൻ മരംകൊത്തി എന്നിവ ഉൾപ്പെടെ 56 പക്ഷി ഇനങ്ങളെ കണ്ടെത്തി.

അരിപ്പ ജൈവവൈവിധ്യത്തിൽ മുന്നിലാണെന്നും അപൂർവ പക്ഷികളാൽ ഈ ചെറു വനം സമ്പന്നമാണെന്നും അരിപ്പ ഫോറസ്റ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ധോണി വർഗീസ് പറഞ്ഞു.  പക്ഷി നിരീക്ഷക-ഗവേഷക  സംഘടനയായ വാർബ്ലേഴ്സ് ആൻഡ് വെയ്ഡേഴ്സ് 32 വർഷമായി ഇന്ദുചൂഡൻ അനുസ്മരണ പക്ഷി നിരീക്ഷണം അരിപ്പയിൽ നടത്തിവരുന്നുണ്ട്. . യുവ തലമുറയെ പ്രകൃതിയിലേക്ക് അടുപ്പിക്കുക എന്നതാണ് സംഘടനയുടെ ലക്ഷ്യം. ക്യാംപിൽ സി.ജി.അരുൺ, ആർ.ആർ.പ്രസാദ്, ബ്ലെസ്സൻ എസ്.ജോർജ്, പാർത്ഥൻ രവി, നിതീഷ്, ജോബി കട്ടേല, മോൻസി തോമസ്, എസ്.അമൽ, നൗഫർ എന്നിവർ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com